പുതിയ മദ്യ നിയമം, ദുബായില്‍ പുത്തനുണര്‍വ്വ്
യുഎഇ നിയമ വ്യവസ്ഥയിലെ സുപ്രധാന ഭേദഗതികള്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയും ടൂറിസം മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കുകയും ചെയ്യും
കഴിഞ്ഞ മാസം പ്രഖ്യാപിക്കപ്പെട്ട യു എ ഇ നിയമ വ്യവസ്ഥയിലെ സുപ്രധാന ഭേദഗതികള്‍ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഭൂമികയില്‍ അനിതരസാധാരണമായ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കും. മദ്യ ഉപഭോഗത്തിന് ചുമത്തിയിരുന്ന പിഴ എടുത്തുകളഞ്ഞതും വിവാഹമോചനം, സ്വത്തവകാശം സംബന്ധിച്ച നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളും സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഇല്ലാതാക്കുന്നതും ഒക്കെ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ഒഴുകുന്നതിന് കളമൊരുക്കും.
നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിക്കുതോടൊപ്പം നിയമ വ്യവസ്ഥയില്‍ വരുത്തുന്ന ഇളവുകള്‍ വിനോദ സഞ്ചാര മേഖലയില്‍ കാര്യമായ ഉണര്‍വ്വ് സൃഷ്ടിക്കും. കോവിഡ് വന്നതിന് ശേഷം ലോകത്താകമാനം ടൂറിസം മേഖലയില്‍ ക്ഷീണം സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ യു എ ഇ യുടെ ഈ നീക്കം സാമ്പത്തിക മേഖലയ്ക്ക് വര്‍ദ്ധിത വീര്യം നല്‍കും.
ലൈസന്‍സ് ഇല്ലാതെ മദ്യം ഉപയോഗിക്കുന്നത് നേരത്തെ ക്രിമിനല്‍ കുറ്റമായിരുന്നു യു എ ഇ യില്‍. ഇനി മുതല്‍ ലൈസന്‍സ് ഇല്ലാതെ മദ്യം കഴിച്ചാലും മദ്യം കൈവശം വച്ചാലും അനുവദനീയമായ സ്ഥലങ്ങളില്‍ വിറ്റാലും കുറ്റവിചാരണ നേരിടേണ്ടി വരില്ല. ഇനി മുതല്‍ 21 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും സ്വകാര്യമായോ മദ്യം വില്‍ക്കാന്‍ അനുവാദമുള്ള സ്ഥലങ്ങളിലോ ഇരുന്ന് മദ്യപിക്കാം. യു എ ഇ പീനല്‍ കോഡിന്റെ 1987 ലെ ഫെഡറല്‍ ലോ നമ്പര്‍ മൂന്ന് ഭേദഗതി പ്രകാരം 21 ല്‍ താഴെയുള്ളവര്‍ക്ക് മദ്യം വിറ്റാല്‍ കുറ്റം തന്നെയാണ്. ഇക്കൂട്ടര്‍ക്ക് മദ്യം വിളമ്പിയാലും വിറ്റാലും അവര്‍ക്ക് കൊടുക്കാന്‍ ഉദ്ദേശിച്ച് വാങ്ങിയാലും കുറ്റം തന്നെ.
മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രം എന്ന നിലക്ക് ദുബായ് നേരത്തെ തന്നെ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. ലൈസന്‍സ് ഉള്ള റെസ്‌റ്റോറന്റുകളിലും ബാറുകളിലും മദ്യ വില്‍പ്പന നടന്നിരുന്നു. കൂടാതെ മദ്യം വാങ്ങാന്‍ ലൈസന്‍സ് കൈവശമുള്ള അമുസ്ലിംകള്‍ക്ക് മദ്യം ലഭ്യമായിരുന്നു.
എന്നാല്‍ മറ്റു എമിറേറ്റുകളില്‍ സ്ഥിതി അതായിരുന്നില്ല. ഷാര്‍ജ മുഴുവനായും 'ഡ്രൈ' ആയിരുന്നു. മറ്റു എമിറേറ്റുകള്‍ക്ക് അവരുടേതായ നിലപാടുകള്‍ ഉണ്ടായിരുന്നു മദ്യ വില്‍പ്പനയുടെ കാര്യത്തില്‍. 'ഡ്രൈ' ആണെന്നത് പലപ്പോഴും ഷാര്‍ജയിലെ ബിസിനസിനെ ബാധിച്ചിരുന്നു എന്ന് പല കച്ചവടക്കാരും പറയാറുണ്ടായിരുന്നു. പലപ്പോഴും ബിസിനസ്സ് മീറ്റിങ്ങുകള്‍ ഷാര്‍ജയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ പോലും വയ്ക്കാന്‍ തങ്ങള്‍ മടിക്കാറുണ്ടായിരുന്നു എന്ന് അവര്‍ പറയുന്നു.
അബുദാബിയിലാകട്ടെ, 'ഡ്രൈ' ഡേ, ചില പുണ്യ ദിനങ്ങള്‍ എന്നീ ദിവസങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് 2018 മുതല്‍ കുറേശ്ശേയായി അയവ് വരുത്തിത്തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് റെസ്‌റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും അധികൃതര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സെപ്റ്റംബറില്‍ വ്യക്തികള്‍ക്ക് ഉണ്ടായിരുന്ന ലൈസന്‍സ് വ്യവസ്ഥയും എടുത്തു കളഞ്ഞു. ഇതനുസരിച്ച് മദ്യ വിതരണ സ്ഥാപങ്ങള്‍ ഇനി മുതല്‍ ലൈസന്‍സ് ഉണ്ടോ എന്ന ചോദ്യം ചോദിക്കേണ്ടതില്ല എന്ന് അറിയിപ്പുണ്ടായി.
ഇപ്പോഴത്തെ ഭേദഗതി ഓരോ എമിറേറ്റിനും ഇക്കാര്യത്തില്‍ നിയമാവലികള്‍ പാസ്സാക്കാന്‍ അവകാശം നല്‍കുന്നു. അത് കൊണ്ട് തന്നെ ലൈസന്‍സ് കാലാവധി കഴിഞ്ഞവര്‍ പലരും ഇതിനകം പുതുക്കിക്കഴിഞ്ഞിരുന്നു.
പുതിയ നിയമം ഒരുപാട് ആശ്വാസം തരുന്നതാണെന്ന് മലയാളിയായ എം കെ പ്രവീണ്‍ പറയുന്നു. ''നേരത്തെ ലൈസന്‍സ് കിട്ടാന്‍ തന്നെ ഒരുപാട് നിബന്ധനകള്‍ ഉണ്ടായിരുന്നു. കെട്ടിട വാടകയുടെ റെജിസ്‌ട്രേഷന്‍ രേഖകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റ്, സ്‌പോണ്‍സറുടെ നോ ഒബ്‌ജെക്ഷന്‍ ലെറ്റര്‍, അങ്ങനെ കടമ്പകള്‍ ഏറെ ഉണ്ടായിരുന്നു. ഇടയ്ക്ക് ജോലി മാറിയപ്പോള്‍ ലൈസന്‍സ് പോയി. ഇപ്പൊള്‍ ഏതായാലും സമാധാനമായി. വല്ലപ്പോഴും ആണെങ്കില്‍ പോലും നിയന്ത്രണങ്ങള്‍ ഒന്നുമില്ലല്ലോ. അല്ലെങ്കില്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന സ്‌റ്റോക്ക് ആയിരുന്നു കയ്യില്‍ ഉണ്ടായിരുന്നത്.''
ബാറുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ ഉപഭോക്താക്കളില്‍ നിന്ന് ലൈസന്‍സ് ചോദിച്ചിരുന്നില്ല. എങ്കിലും മദ്യത്തിനുള്ള ചില നിയന്ത്രണങ്ങള്‍ കാരണം മദ്യം വിളമ്പുന്ന റെസ്‌റ്റോറന്റുകളിലേക്കും ബാറുകളിലേക്കുമുള്ള ഉപഭോക്താക്കളുടെ ഒഴുക്കിനെ അത് ബാധിച്ചിരുന്നു. ടൂറിസം രംഗത്താണ് ഇത് കൂടുതല്‍ ദൃശ്യമായിരുന്നത്. നിയന്ത്രണങ്ങള്‍ ഒക്കെ എടുത്തു കളയുമ്പോള്‍ ഈ രംഗത്തും പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകുമെന്ന് തന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.