തൊഴില്‍ വീസ നിയമം പരിഷ്‌കരിച്ച് ന്യൂസിലന്‍ഡ്; ലക്ഷ്യം തൊഴില്‍ ചൂഷണം തടയല്‍
ചൂഷണത്തിനിരയായ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി ഇമിഗ്രേഷന്‍ മന്ത്രി കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍
തൊഴിലുടമകള്‍ ചൂഷണം ചെയ്താല്‍ ന്യൂസിലന്‍ഡിലെ വിദേശ തൊഴിലാളികള്‍ക്ക് ഇനി നിയമപരമായി പരിരക്ഷ ലഭിക്കും. ചൂഷണവുമായി ബന്ധപ്പെട്ട് വിദേശ ജീവനക്കാര്‍ക്കുള്ള തൊഴില്‍ വീസ നിയമങ്ങള്‍ ന്യൂസിലന്‍ഡ് പരിഷ്‌കരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷന്‍ പ്രൊട്ടക്ഷന്‍ വര്‍ക്ക് വീസയിലാണ് (MEPV) മാറ്റങ്ങള്‍ വരുത്തിയത്.
ചൂഷണത്തിനിരയായ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി ഇമിഗ്രേഷന്‍ മന്ത്രി കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍.തൊഴിലുടമയുടെ പിന്തുണയുള്ള തൊഴില്‍ വീസയില്‍ ജോലി ചെയ്ത് വരവേ വിദേശ തൊഴിലാളി ചൂഷണത്തിന് ഇരയാകുകയും തുടര്‍ന്ന് അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ന്യൂസിലന്‍ഡിലെ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തും.
ഇതോടെ വിദേശ തൊഴിലാളിക്ക് ഈ ജോലി വിടാനും മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷന്‍ പ്രൊട്ടക്ഷന്‍ വര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാനുമാകും. ഈ വീസ ഉപയോഗിച്ച് നിലവിലെ ജോലി വേഗത്തില്‍ ഉപേക്ഷിക്കാനും ന്യൂസിലന്‍ഡില്‍ എവിടെയും ഏത് തൊഴിലുടമയ്ക്ക് കീഴിലും ജോലി ചെയ്യാനും കഴിയും. മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷന്‍ പ്രൊട്ടക്ഷന്‍ വര്‍ക്ക് വീസ ലഭിച്ചാല്‍ ജീവനക്കാരന് യാതൊരു ചെലവും കൂടാതെ 6 മാസം വരെ താമസിക്കാനാകും.