ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 04, 2021
കറന്റ് എക്കൗണ്ട് ചട്ടം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയം നീട്ടി നല്‍കി. ചിപ്പ് ക്ഷാമം മൂലം മാരുതി പ്ലാന്റില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഓഹരി സൂചികകള്‍ പുതിയ ഉയരത്തില്‍. ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍
കറന്റ് എക്കൗണ്ട് ചട്ടം: ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയം നീട്ടി നല്‍കി
കറന്റ് എക്കൗണ്ടുമായി ബന്ധപ്പെട്ട ചട്ടം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് സമയം നീട്ടി നല്‍കി. നേരത്തെ ജൂലൈ 31 നകം ചട്ടം നടപ്പാക്കാനായിരുന്നു നിര്‍ദേശം. ഇപ്പോള്‍ ഒക്ടോബര്‍ വരെയാണ് സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഒരു ബാങ്കില്‍ കാഷ് ക്രെഡിറ്റോ ഓവര്‍ ഡ്രാഫ്‌റ്റോ ഉള്ളവര്‍ക്ക് മറ്റൊരു ബാങ്കില്‍ കറന്റ് എക്കൗണ്ട് നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നില്ല. ഇത്തരം എക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ലക്ഷക്കണക്കിന് ചെറു ബിസിനസ് സംരംഭകര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിസിനസുകാര്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ ഇരുകൂട്ടര്‍ക്കും തൃപ്തികരമായ വിധത്തില്‍ ചട്ടം നടപ്പാക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനകം തന്നെ കറന്റ് എക്കൗണ്ട് മരവിപ്പിക്കപ്പെട്ട ഒട്ടേറെ സംരംഭകര്‍ പ്രതിസന്ധിയിലായിട്ടുണ്ട്.
ചിപ്പ് ക്ഷാമം: സുസുകി മോട്ടോര്‍ ഗുജറാത്ത് ഉല്‍പ്പാദനം വെട്ടിച്ചുരുക്കി
സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ജപ്പാന്റെ ഉപകമ്പനിയായ സുസുകി മോട്ടോര്‍ ഗുജറാത്ത് സെമികണ്ടക്റ്റര്‍ ക്ഷാമത്തെ തുടര്‍ന്ന് ആഗസ്തിലെ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. മാരുതി സുസുക്കി ഇന്ത്യയ്ക്കുവേണ്ടി കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സുസുകി മോട്ടോര്‍ ഗുജറാത്ത്.കോവിഡ് ലോക്ക്ഡൗണ്‍: സേവനമേഖല തുടര്‍ച്ചയായി മൂന്നാം മാസവും ചുരുങ്ങി
കോവിഡ് വ്യാപനം ചെറുക്കാന്‍ വേണ്ടിയുള്ള ലോക്ക്ഡൗണുകള്‍ മൂലം രാജ്യത്തെ സേവന മേഖല തുടര്‍ച്ചയായി മൂന്നാമത്തെ മാസവും ചുരുങ്ങിയതായി ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സര്‍വെ. ജൂലൈ മാസത്തില്‍ പുതിയ ഓര്‍ഡറുകളും തൊഴിലുകളും കുറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സേവന മേഖലയില്‍ വരുന്ന ഈ ചുരുങ്ങല്‍ ആശങ്ക സൃഷ്ടിക്കുന്ന ഘടകമാണ്.പഴയ നാണയങ്ങള്‍, കറന്‍സികള്‍ എന്നിവയുടെ കൈമാറ്റം: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും ഉപയോഗിച്ചുകൊണ്ട് പഴയ നാണയങ്ങളും നോട്ടുകളും ഓണ്‍ലൈനിലൂടെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന തട്ടിപ്പില്‍ പൊതുജനങ്ങള്‍ അകപ്പെടരുതെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്. പഴയ ബാങ്ക് നോട്ടുകളും നാണയങ്ങളും വാങ്ങാനും വില്‍ക്കാനും അതിന് കമ്മീഷനോ ചാര്‍ജോ നല്‍കാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇത്തരത്തില്‍ കപടമായ വാഗ്ദാനങ്ങളില്‍ ആരും അകപ്പെടരുതെന്നും റിസര്‍വ് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പില്‍ പൊതുജനങ്ങള്‍ വീഴരുതെന്നും ആര്‍ ബി ഐ പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു.ഭാരത്‌പെയുടെ മൂല്യം 2.84 ബില്യണ്‍ ഡോളര്‍ കടന്നു
പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ ഭാരത്‌പെയുടെ മൂല്യം 2.85 ബില്യണ്‍ ഡോളര്‍ കടന്നു. സീരിസ് ഇ ഇക്വിറ്റി റൗണ്ട് കടന്നതോടെയാണ് മൂല്യം കുതിച്ചുകയറിയത്. പൈന്‍ലാബ്‌സ്, പേടിഎം, എംസൈ്വപ്പ് എന്നീ എതിരാളികളോട് കൂടുതല്‍ കരുത്തോടെ പോരാടാന്‍ ഈ മൂല്യവര്‍ധന ഭാരത്‌പേയെ സഹായിക്കും. രാജ്യത്തെ ആദ്യത്തെ എല്ലാ അര്‍ത്ഥത്തിലുമുള്ള ഡിജിറ്റല്‍ ബാങ്കാവുക എന്നതാണ് ഭാരത്‌പെയുടെ ലക്ഷ്യമെന്ന് സഹസ്ഥാപകനും എം ഡിയുമായ അഷ്‌നീര്‍ ഗ്രോവര്‍ പറയുന്നു.സൂചികകള്‍ വീണ്ടും പുതിയ ഉയരത്തില്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് റെക്കോര്‍ഡ് ഉയരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും എത്തുന്നത്. ബാങ്കിംഗ് ഓഹരികളാണ് ഇന്നത്തെ കുതിപ്പിന് നേതൃത്വം നല്‍കിയത്.
സെന്‍സെക്‌സ് 546.41 പോയ്ന്റ് ഉയര്‍ന്ന് 54369.77 പോയ്ന്റിലും നിഫ്റ്റി 128 പോയ്ന്റ് ഉയര്‍ന്ന് 16258.80 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയെങ്കിലും കേരള കമ്പനികളെ സംബന്ധിച്ച് അത്ര മെച്ചപ്പെട്ട ദിവസമായിരുന്നില്ല ഇന്ന്. ഒന്‍പത് ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (5 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.82 ശതമാനം) എന്നിവ മുന്നേറ്റം തുടരുന്നു.