ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 16, 2020

ധനലക്ഷ്മി ബാങ്കില്‍ തര്‍ക്കം മുറുകുന്നു, ഗുര്‍ബക്‌സാനിക്കെതിരെ സംഘടിത നീക്കം. മാരുതി സുസുകി ഓണ്‍ലൈനിലൂടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍. രാജ്യത്ത് ഡീസല്‍ വില്‍പ്പനയില്‍ അഞ്ച് ശതമാനം ഇടിവ്. ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍.

Update: 2020-11-16 15:38 GMT

ധനലക്ഷ്മി ബാങ്കില്‍ തര്‍ക്കം മുറുകുന്നു, ഗുര്‍ബക്‌സാനിക്കെതിരെ സംഘടിത നീക്കം

ധനലക്ഷ്മി ബാങ്കിലെ സാരഥ്യപ്രശ്‌നം വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു. ഓഹരി ഉടമകള്‍ വോട്ട് ചെയ്ത പുറത്താക്കിയ മുന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സുനില്‍ ഗുര്‍ബക്‌സാനി വീണ്ടും തിരിച്ചുവരാന്‍ ഇടയുണ്ടെന്ന് 'ബിസിനസ് സ്റ്റാര്‍ഡേര്‍ഡ്' ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 90 ശതമാനം ഓഹരി ഉടമകള്‍ എതിരായി വോട്ട് ചെയ്താണ് സുനില്‍ ഗുര്‍ബക്‌സാനിയെ പുറത്താക്കിയത്. അദ്ദേഹം രാജിവെയ്ക്കുകയായിരുന്നില്ല.
മാരുതി സുസുകി ഓണ്‍ലൈനിലൂടെ വിറ്റത് രണ്ടു ലക്ഷം കാറുകള്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഓണ്‍ലൈന്‍ മുഖേന വിറ്റഴിച്ചത് രണ്ടു ലക്ഷത്തിലേറെ കാറുകള്‍. കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2019 ഏപ്രില്‍ മുതലുള്ള കണക്കാണിത്. രണ്ടു വര്‍ഷം മുമ്പ് സ്ഥാപിച്ച ഓണ്‍ലൈന്‍ ചാനല്‍ രാജ്യത്ത് 1000ത്തോളം ഡീലര്‍ഷിപ്പ് അടങ്ങുന്നതാണ്. 2018 ല്‍ തുടക്കം കുറിച്ച ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭിച്ചത് 21 ലക്ഷം ഉപഭോക്തൃ അന്വേഷണങ്ങളാണെന്ന് മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ് & സെയ്ല്‍സ്) ശശാങ്ക് ശ്രീവാസ്തവയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗ്ള്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഇന്ത്യ 2020 റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 95 ശതമാനം കാര്‍ വില്‍പ്പനയിലും ഡിജിറ്റല്‍ സ്വാധീനം ഉണ്ട്.
രാജ്യത്ത് ഡീസല്‍ വില്‍പ്പനയില്‍ ഇടിവ് 
നവംബറിന്‍റെ ആദ്യ പകുതിയില്‍ രാജ്യത്തെ ഡീസല്‍ വില്‍പ്പനയില്‍ അഞ്ച് ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണ് വില്‍പ്പന നിരക്ക് താഴേക്കായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 3.01 ദശലക്ഷം ടണ്‍ ആയിരുന്ന ഡീസല്‍ ഉപഭോഗം 2.86 ദശലക്ഷം ടണ്‍ ആയിട്ടാണ് ചുരുങ്ങിയിട്ടുള്ളത്. ലോക്ഡൗണ്‍ ആരംഭിച്ച് എട്ട് മാസത്തിനുശേഷം ഡീസല്‍ ഉപഭോഗത്തില്‍ ഒക്ടോബറില്‍ ഉയര്‍ച്ച കണ്ടിരുന്നു. നവംബര്‍ ആദ്യ പകുതിയില്‍ അതിനെക്കാള്‍ ഉയര്‍ച്ചയാണെങ്കിലും കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കണക്കുകള്‍ ഇടിഞ്ഞുനില്‍ക്കുന്നത്. അതേ സമയം ഒക്ടോബര്‍ ആദ്യ പകുതിയിലെ 2.65 ദശലക്ഷത്തില്‍ നിന്നും സെയ്ല്‍സ് മുകളിലേക്കാണെന്നത് ആശ്വാസകരമാണ്.
മോഡേണയുടെ കോവിഡ് വാക്സിനും 94.5 ശതമാനം ഫലപ്രദം
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേണ വികസിപ്പിക്കുന്ന വാക്സിൻ ശക്തമായ സംരക്ഷണം ഉറപ്പുതരുന്നതെന്നതാണെന്ന് പുതിയ റിപ്പോര്‍ട്ട്. വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പറഞ്ഞു. യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കോവിഡ് കേസുകളിൽ വർധനവ് നേരിടുന്ന സാഹചര്യത്തിലാണ് മൊഡേണയിൽ നിന്നുള്ള പ്രതീക്ഷയുണർത്ത വാർത്ത വരുന്നത്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കമ്പനിയുടെ പഠനങ്ങളിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് സൂചിപ്പിക്കുന്നു.
ഒരാഴ്ച മുമ്പ്, എതിരാളികളായ ഫൈസർ ഇൻകോർപറേറ്റഡ് അവരുടെ കോവിഡ് -19 വാക്സിൻ സമാനമായ തരത്തിൽ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു. യു‌എസിൽ ഈ മരുന്നുകൾക്ക് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ആഴ്ചകൾക്കുള്ളിൽ തേടാൻ ഇരു കമ്പനികളെയും ശ്രമം നടത്താൻ സാധ്യതയുണ്ട്. എന്നാല്‍ ഫൈസറിന്‍റെ വാക്സിന്‍ ഇന്ത്യയിലെത്തുക വളരെ പ്രയാസകരമെന്നിരിക്കെ മോഡേണ വാക്സിനെക്കുറിച്ചും ഇന്ത്യയ്ക്ക് പ്രതീക്ഷയില്ല എന്നതാണ് സത്യം.
രാജ്യത്തെ ഉത്സവകാല വില്‍പ്പന ഉയർന്നത് 11 ശതമാനം
രാജ്യത്ത് ഉത്സവ സീസണിനോട് അനുബന്ധിച്ച് ചെറുകിട ഇടത്തരം സംരംഭകര്‍ക്കിടയില്‍ ബിസിനസ് വളര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദീപാവലി സെയ്ല്‍സ് പരിശോധിച്ചാല്‍ സെയ്ല്‍സ് വാർഷികാടിസ്ഥാനത്തിൽ 10 ശതമാനത്തിലധികം ഉയർന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) റിപ്പോര്‍ട്ട്. ശനിയാഴ്ച അവസാനിച്ച ദീപാവലി വിൽപനയിൽ 72,000 കോടിയിലധികം സാധനങ്ങൾ വിറ്റഴിഞ്ഞ് പോയതായി സിഎഐടി വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക് ശക്തിപകരുന്നതാണെന്നും സിഐഎടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലക്നൗ, നാഗ്പൂർ, അഹമ്മദാബാദ്, ജമ്മു കാശ്മീര്‍, ജയ്പൂർ, എന്നിവയുൾപ്പെടെ ഇരുപതോളം നഗരത്തില്‍ നടന്ന സര്‍വേയിലാണ് സിഎഐടിയുടെ റിപ്പോര്‍ട്ട്. ഏഴ് കോടി വ്യാപാരികളെയും 40,000 ട്രേഡ് അസോസിയേഷനുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഎഐടി. എന്നാല്‍ തെക്കേ ഇന്ത്യയിലെ കണക്കുകള്‍ ഇതില്‍ പെടുന്നില്ല എന്നതിനാല്‍ തന്നെ കേരളത്തിലെ വ്യാപാരികളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുമോ എന്നതില്‍ വ്യക്തമല്ല.
വിപണി മൂല്യത്തില്‍ മുന്നിലുള്ള ആദ്യ 10 കമ്പനികളില്‍ എട്ടെണ്ണത്തിന്റെ സംയോജിത വിപണി മൂല്യം 1.9 ട്രില്യണ്‍ ആയി
വിപണി മൂല്യത്തില്‍ മുന്നിലുള്ള ആദ്യ പത്ത് കമ്പനികളില്‍ എട്ട് കമ്പനികളുടെ സംയോജിത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1.9 ട്രില്യണ്‍ ആയി ഉയര്‍ന്നു. ബജാജ് ഫിനാന്‍സാണ് ഇതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ കമ്പനി. നിക്ഷേപകര്‍ കൂടുതലായി ഈ ഓഹരികളിലേക്ക് ശ്രദ്ധയൂന്നിയതാണ് ഇവയുടെ മൂല്യമുയര്‍ത്തിയത്. അതേ സമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (RIL)യും ടാറ്റ കണ്‍സള്‍ട്ടന്‍സിയുടേയും മൂല്യത്തില്‍ ഇടിവുണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവല്‍, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ബാക്കി എട്ട് കമ്പനികളും മൂല്യമുയര്‍ത്തി.
സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി എച്ച് ഡി എഫ് സി ബാങ്ക്
സ്ഥിര നിക്ഷേപത്തിന്‍ മേലുള്ള പരിശ നിരക്ക് പുതുക്കി എച്ച് ഡി എഫ് സി ബാങ്ക്. ഒരു വർഷവും രണ്ട് വർഷവും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എച്ച് ഡി എഫ് സി കുറച്ചത്. മറ്റ് ടേം ഡെപ്പോസിറ്റുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതിയ നിരക്കുകൾ നവംബർ 13 മുതൽ പ്രാബല്യത്തിൽ വരും. ഏഴ് ദിവസത്തിനും 29 ദിവസത്തിനുമിടയിലുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30-90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയുമാക്കിയാണ് പുതുക്കിയിട്ടുള്ളത്.
182 കോടി രൂപയ്ക്ക് അർബൻ ലാഡറിലെ 96 ശതമാനം ഓഹരികൾ സ്വന്തമാക്കി റിലയന്‍സ്
റിലയൻസ് ഇൻഡസ്ട്രീസിന്റെ റീറ്റെയ്ൽ വിഭാഗം ഓൺലൈൻ ഫർണിച്ചർ ഡീലറായ അർബൻ ലാഡറിലെ 96 ശതമാനം ഓഹരികൾ 182 കോടി രൂപയ്ക്ക് ഏറ്റെടുത്തു. റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അർബൻ ലാഡറിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിൽ 96 ശതമാനം ഓഹരികളിലാണ് റിലയൻസ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതു കൂടാതെ അർബൻ ലാഡറിൽ 75 കോടി രൂപ വരെയുള്ള നിക്ഷേപം നടത്താൻ ആർ‌ആർ‌വി‌എൽ ലക്ഷ്യമിടുന്നുണ്ട്.






കോവിഡ് അപ്‌ഡേറ്റ്‌സ് (16-11-2020)

കേരളത്തില്‍ ഇന്ന്
രോഗികള്‍: 2710 
മരണം : 19
ഇന്ത്യയില്‍ ഇതുവരെ :
രോഗികള്‍: 8,845,127
മരണം : 130,070
ലോകത്ത് ഇതുവരെ:
രോഗികള്‍:54,370,186
മരണം : 1,317,139




 


Tags:    

Similar News