ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 24, 2021

ഇന്ത്യയില്‍ സ്പുട്‌നിക് ഉല്‍പ്പാദനം ആരംഭിച്ചു. നാലാം പാദ ജിഡിപി വളര്‍ച്ച രണ്ട് ശതമാനമായി ഉയര്‍ത്തി 'ഇക്ര'. കിയ മോട്ടോഴ്‌സ് പേര് മാറ്റി, ഇനി ഇന്ത്യയില്‍ ബ്രാന്‍ഡ് നാമം 'കിയ ഇന്ത്യ'.എഫ് സി ആര്‍ എ എക്കൗണ്ട് ആരംഭിക്കാനുള്ള തിയതി ജൂണ്‍ 30 വരെ നീട്ടി. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-05-24 14:29 GMT
ഇന്ത്യയില്‍ സ്പുട്‌നിക് ഉല്‍പ്പാദനം ആരംഭിച്ചു; പ്രതിവര്‍ഷം 100 ദശലക്ഷം ഡോസുകള്‍ ലക്ഷ്യം
ആഭ്യന്തര ഫാര്‍മ മേജര്‍ പനസിയ ബയോടെക് ആര്‍ഡിഎഫുമായി (റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) സഹകരിച്ച് ഇന്ത്യയില്‍ 'സ്പുട്നിക് V' കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഏപ്രിലില്‍ പ്രഖ്യാപിച്ചതു പോലെ, പ്രതിവര്‍ഷം 100 ദശലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വാക്‌സിന്‍ വിപണനം ചെയ്യുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഎഫ്), പനസിയ ബയോടെക് എന്നിവര്‍ സമ്മതിച്ചു.
ഇന്ത്യയുടെ നാലാം പാദ ജിഡിപി വളര്‍ച്ച രണ്ട് ശതമാനമായി ഉയര്‍ത്തി ഇക്ര
ഇന്ത്യയുടെ നാലാം ജിഡിപി വളര്‍ച്ച രണ്ട് ശതമാനമായി ഉയര്‍ത്തി ഇക്ര. ഈ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 8.45 ശതമാനമാകുമെന്നും ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇക്ര തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മൊത്ത മൂല്യവര്‍ധിത വീക്ഷണകോണില്‍ നിന്ന് 3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ജിവിഎയുടെ വളര്‍ച്ച നാലാം പാദത്തിലെ ഒരു ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഉയരുമെന്നും ഏജന്‍സി പ്രവചിക്കുന്നു. ക്യു 4 ലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ) സൂചിപ്പിച്ച ഡബ്ള്‍ ഡിപ് റിസഷന്‍ ഒഴിവാകുമെന്നും ഇവര്‍ സൂചിപ്പിച്ചു.
ഇന്ത്യയില്‍ ഔദ്യോഗികമായി പേര് മാറ്റി കിയ മോട്ടോഴ്‌സ്
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തിങ്കളാഴ്ച തങ്ങളുടെ ഇന്ത്യയിലെ ബ്രാന്‍ഡ് നാമം മാറ്റി. കിയ മോട്ടോഴ്സില്‍ നിന്ന് രാജ്യത്ത് ഔദ്യോഗികമായി കിയ ഇന്ത്യ എന്ന് മാറ്റിയതായി അറിയിച്ചു. പേരിന്റെ മാറ്റം കമ്പനിയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ ഭാഗമാണെന്നാണ് വിശദീകരണം. കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം അംഗീകരിച്ചതിനുശേഷം ബ്രാന്‍ഡ് 'മോട്ടോഴ്സ്' എന്ന വാക്ക് മുമ്പത്തെ പേരില്‍ നിന്ന് നീക്കം ചെയ്തുവെന്നും ഇപ്പോള്‍ കിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഐഡന്റിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
വിദേശ സംഭാവന: എക്കൗണ്ട് ആരംഭിക്കാനുള്ള തിയതി നീട്ടി
കോവിഡ് വ്യാപനം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എഫ് സി ആര്‍ എ എക്കൗണ്ട് ആരംഭിക്കാനുള്ള തിയതി 2021 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മുന്‍കൂര്‍ അനുമതി എന്നിവ ലഭിച്ചിട്ടുള്ള എല്ലാ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഇത് ബാധകമാണ്.
റിനോ-നിസ്സാന്‍, ഹ്യുണ്ടായ് എന്നിവയുടെ നിര്‍മാണശാലകള്‍ അടച്ചുപൂട്ടല്‍ നേരിടുന്നതായി റിപ്പോര്‍ട്ട്
റിനോ-നിസ്സാന്‍, ഹ്യുണ്ടായ് എന്നിവയുടെ ഇന്ത്യയിലെ നിര്‍മാണ ശാലകള്‍ അടച്ചുപൂട്ടല്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തുന്നതായും കമ്പനി ജീവനക്കാരുടെ ആരോഗ്യത്തെ പരിഗണിക്കാത്തതായും ചൂണ്ടിക്കാട്ടി കമ്പനികളിലെ തൊവിലാളി യൂണിയനുകള്‍ പണിമുടക്കിലാണ്.
പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെ കടത്തി വെട്ടി ബംഗ്ലാദേശ്
ബംഗ്ലാദേശ് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായതോടൊപ്പം പ്രതിശീര്‍ഷ വരുമാനത്തില്‍ അയല്‍ രാജ്യവുമായ ഇന്ത്യയെ കടത്തിവെട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വളര്‍ച്ചയുടെയ കാര്യമായാലും മാനവ വികസന സൂചികയിലായാലും ബംഗ്ലാദേശ് ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബംഗ്ലാദേശ് പ്ലാനിംഗ് മിനിസ്റ്റര്‍ മുഹമ്മദ് അബ്ദുല്‍ മാന്നാന്‍ പാര്‍ലമെന്റില്‍ അവതരിച്ച കണക്ക് പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനം 2227 ഡോളറാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 2064 ഡോളറായിരുന്നു. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനമായ 1947 ഡോളറേക്കാള്‍ 280 ഡോളര്‍ കൂടുതലാണ് ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ പ്രതിശീര്‍ഷ വരുമാനം.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി. കോവിഡ് കേസുകളുടെ എണ്ണം കുറച്ചു നാളായി കുറഞ്ഞു കൊണ്ടിരിക്കുന്നതും ലോക്ക് ഡൗണ്‍ മാറ്റുമെന്ന പ്രതീക്ഷയും ആഭ്യന്തര വിപണിയെ തുണച്ചു. മികച്ച ത്രൈമാസ ഫലങ്ങളുടെ കരുത്തില്‍ ബാങ്കിംഗ് ഓഹരികളും മികച്ച പ്രകടനം നടത്തി. സെന്‍സെക്സ് 111.42 പോയ്ന്റ് ഉയര്‍ന്ന് 50651.90 പോയ്ന്റിലും നിഫ്റ്റി 22.40 പോയ്ന്റ് ഉയര്‍ന്ന് 15197.70 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി നാച്വറല്‍ 9.63 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്. നിറ്റ ജലാറ്റിന്‍ (6.89 ശതമാനം), കെഎസ്ഇ (5 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.66 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (4.52 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.44 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.69 ശതമാനം) തുടങ്ങി 19 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.

Gold & Silver Price Today

സ്വര്‍ണം :4560 , ഇന്നലെ :4560

വെള്ളി : 71.50, ഇന്നലെ :71.20

കോവിഡ് അപ്‌ഡേറ്റ്‌സ് - May 24, 2021

കേരളത്തില്‍ ഇന്ന്

രോഗികള്‍: 17,821

മരണം:196

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :26,752,447

മരണം:303,720

ലോകത്തില്‍ ഇതുവരെ

രോഗികള്‍:167,177,203

മരണം:3,463,813




 


 


Tags:    

Similar News