ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 12, 2021
സോഫ്റ്റ് വെയറിലെ തകരാര്‍ മൂലം അധികമായി ഈടാക്കിയ തുക തിരികെ നല്‍കുമെന്ന് ആദായ നികുതി വകുപ്പ്. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. കേരളത്തിന് 2.5 ലക്ഷം കോവിഡ് വാക്‌സിന്‍ കൈമാറി റിലയന്‍സ് ഫൗണ്ടേഷന്‍. അറ്റാദായത്തില്‍ 498% വര്‍ധനവ് നേടി ഹീറോ മോട്ടോകോര്‍പ്പ്. ഓഹരി സൂചികകളില്‍ മുന്നേറ്റം. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
സോഫ്റ്റ് വെയറിലെ തകരാര്‍ മൂലം അധികമായി ഈടാക്കിയ തുക തിരികെ നല്‍കുമെന്ന് ആദായ നികുതി വകുപ്പ്
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് പരിഷ്‌കരണത്തിന് ശേഷം സോഫ്റ്റ് വെയര്‍ തകരാര്‍ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആദായനികുതി വകുപ്പ്. 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തപ്പോള്‍ സോഫ്റ്റ് വെയറിലെ തകരാര്‍ മൂലം പിഴ, പലിശ എന്നീ ഇനത്തില്‍ അധികമായി ഈടാക്കിയ തുക തിരികെ നല്‍കുമെന്ന് ആദായ നികുതി വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. ആദായനികുതി ഫയല്‍ ചെയ്യുന്നതിനുള്ള അവസാനതിയതി ജൂലായ് 31ല്‍നിന്ന് സെപ്റ്റംബര്‍ 30വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു പലിശയും പിഴയും ഈടാക്കിയിരുന്നത്.
അറ്റാദായത്തില്‍ 498 % വര്‍ധനവ് നേടി ഹീറോ മോട്ടോകോര്‍പ്പ്
2021 ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ അറ്റാദായം 498% വര്‍ധിച്ച് 365 കോടി രൂപ രേഖപ്പെടുത്തിയതായി ഹീറോ മോട്ടോകോര്‍പ്പ്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 85% വാര്‍ഷിക വര്‍ധനവും കമ്പനി രേഖപ്പെടുത്തി. 5,487 കോടി രൂപയാണിത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കി
സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. ചെറിയ പ്രദേശത്തെയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം. പുതിയ ഉത്തരവ് പ്രകാരം രോഗവ്യാപനമുണ്ടായാല്‍ പത്ത് അംഗങ്ങളില്‍ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെന്‍മെന്റ് സോണായി കണക്കാക്കും. 100 പേരില്‍ അഞ്ച് പേര്‍ക്ക് രോഗം വന്നാലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം.
കേരളത്തിന് 2.5 ലക്ഷം സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കി റിലയന്‍സ് ഫൗണ്ടേഷന്‍
2.5 ലക്ഷം സൗജന്യ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കേരള സര്‍ക്കാരിന് കൈമാറി റിലയന്‍സ് ഫൗണ്ടേഷന്‍. റിലയന്‍സ് ഫൗണ്ടേഷന്റെ സഹായത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു, ഇത് സംസ്ഥാനത്തിന്റെ പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ആദ്യത്തെ വന്‍കിട ബാറ്ററി സംഭരണവുമായി ടാറ്റ പവര്‍ സോളാര്‍
50 മെഗാവാട്ട് (MWh) ബാറ്ററി യൂണിറ്റും ഇന്ത്യയിലെ ആദ്യത്തെ വലിയ തോതിലുള്ള ബാറ്ററി സംഭരണവും 50 MW സോളാര്‍ പ്ലാന്റും ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന് ടാറ്റ പവര്‍ സോളാര്‍. ലേയില്‍ ആയിരിക്കും ഇവയെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഗ്ലോബല്‍ സര്‍ട്ടിഫിക്കേഷനായ ഐഎസ്ഒ 22301:2019 നേടി ഫെഡറല്‍ ബാങ്ക്
ഫെഡറല്‍ ബാങ്കിന് മാനേജ്‌മെന്റ് മികവിനുള്ള ആഗോള അംഗീകാരമായ ഐഎസ്ഒ 22301:2019 സര്‍ട്ടിഫിക്കേഷന്‍. ബാങ്കിന്റെ ബിസിനസ് കണ്ടിന്യൂവിറ്റി മാനേജ്‌മെന്റ് സംവിധാനത്തിന് (ബിസിഎംഎസ്) ബിഎസ്‌ഐ ആണ് രാജ്യാന്തര അംഗീകാരം നല്‍കിയത്. ഓപറേഷന്‍സ്, ഐടി, ചെക്ക് ക്ലിയറിംഗ് സംവിധാനങ്ങള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനമേഖലകളിലെ ബാങ്കിന്റെ മികവിനുള്ള ആഗോള അംഗീകാരമാണിത്.
ഓഹരി സൂചികകളില്‍ മുന്നേറ്റം; ഐറ്റി, പിഎസ്യു ബാങ്ക് ഓഹരികള്‍ തിളങ്ങി
ഐറ്റി, പിഎസ്യു ബാങ്ക് ഓഹരികളുടെ കരുത്തില്‍ മുന്നേറി ഓഹരി സൂചികകള്‍. സെന്‍സെക്സ് 318.05 പോയ്ന്റ് ഉയര്‍ന്ന് 54843.98 പോയ്ന്റിലും നിഫ്റ്റി 82.10 പോയ്ന്റ് ഉയര്‍ന്ന് 16364.40 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2314 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 816 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. 113 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
രണ്ടു ദിവസത്തെ നിറം മങ്ങിയ പ്രകടനത്തിനു ശേഷം കേരള കമ്പനികള്‍ ഇന്ന് മികച്ച തിരിച്ചു വരവ് നടത്തി. 24 കേരള ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാനായി. 15.78 ശതമാനം നേട്ടവുമായി നിറ്റ ജലാറ്റിന്‍ വലിയ നേട്ടമുണ്ടാക്കിയപ്പോള്‍ എവിറ്റി (13.95 ശതമാനം), ഹാരിസണ്‍സ് മലയാളം (10.66 ശതമാനം) എന്നിവയും മികച്ചു നിന്നു. റബ്ഫില ഇന്റര്‍നാഷണല്‍ (8.70 ശതമാനം), എഫ്എസിടി (5.72 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (5.46 ശതമാനം), അപ്പോളോ ടയേഴ്സ് (5.06 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ പെടുന്നു.