ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 17, 2020

Update: 2020-08-17 13:01 GMT

കൊറോണ അപ്ഡേറ്റ്സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കൂടി കോവിഡ്. 15890 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,647,663(ഓഗസ്റ്റ് 14 വരെയുള്ള കണക്ക്: 2,4611,90 )

മരണം : 50,921(ഓഗസ്റ്റ് 14 വരെയുള്ള കണക്ക്: 48,040 )

ലോകത്ത് ഇതുവരെ

രോഗികള്‍: 21,672,186(ഓഗസ്റ്റ് 14 വരെയുള്ള കണക്ക്: 20,952,811 )

മരണം: 775,244(ഓഗസ്റ്റ് 14 വരെയുള്ള കണക്ക്: 760,235 )

ഓഹരി വിപണിയില്‍ ഇന്ന്

പുതിയ ആഴ്ചയില്‍ ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 0.46 ശതമാനം, 173 പോയ്ന്റ് ഉയര്‍ന്ന് 38,050 ലും നിഫ്റ്റി 0.61 ശതമാനം, 69 പോയ്ന്റ് ഉയര്‍ന്ന് 11,247ലും ക്ലോസ് ചെയ്തു. സെന്‍സെക്സിലെ 30 കമ്പനികളില്‍ 24ലും നേട്ടത്തിലായിരുന്നു. ആറെണ്ണത്തിന്റെ ഓഹരി വില ഇടിഞ്ഞു. എന്‍ടിപിസി, മാരുതി, എല്‍ ആന്‍ഡ് ടി, എച്ച് യു എല്‍ എന്നിവയാണ് ഇന്ന് സെന്‍സെക്സിന്റെ ഉയര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഭാരതി എയര്‍ടെല്ലിന്റെയും ഓഹരി വിലകള്‍ക്ക് ഇന്ന് ഇടിവ് രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസണ്‍ കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് താഴേയ്ക്കായിരുന്നു. ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയത് കേരള ആയുര്‍വേദയുടെ ഓഹരികളാണ്. ആറു ശതമാനത്തിലധികമാണ് ഇടിവ്. സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് നേരിയനേട്ടത്തോടെ പിടിച്ചു നിന്നപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,900രൂപ (ഇന്നലെ 4,921രൂപ )

ഒരു ഡോളര്‍: 74.82രൂപ (ഇന്നലെ: 74.90 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.82+0.60
Brent Crude44.84+0.44
Natural Gas2.258+0.020

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:

ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസം

അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ കൂടുതല്‍ ആയുധങ്ങള്‍ ചൈന വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ മേഖലകളോട് ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍.

സ്മാര്‍ട്‌ഫോണ്‍ ഉത്പാദനം സാംസങ് വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു

ലോകോത്തര ബ്രാന്‍ഡായ സാംസങ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു.അഞ്ചു വര്‍ഷത്തിനുള്ളില്‍ 4000 കോടി ഡോളര്‍(മൂന്നുലക്ഷം കോടി രൂപ) മൂല്യമുള്ള ഫോണുകള്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്‌കീ(പിഎല്‍ഐ)മില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മുല്ലപ്പെരിയാറില്‍ ആശങ്ക; ജലനിരപ്പ് 136 അടിയായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി

സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷിയെക്കുറിച്ചും പ്രളയ സാധ്യതയെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പെരിയാറില്‍ 136 അടിയില്‍ ജലനിരപ്പ് നലനിര്‍ത്തണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അണക്കെട്ടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആശങ്ക നിലനില്‍ക്കുന്നത് മുല്ലപ്പെരിയാറില്‍ മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒരു വ്യക്തിയുടെയും പദവിയോ പാര്‍ട്ടിയോ അടിസ്ഥാനമാക്കി നയങ്ങള്‍ മാറ്റാറില്ല- ഫെയ്‌സ്ബുക്ക്

വിദ്വേഷജനകമായ പ്രസ്താവനകള്‍ തടയുന്ന വിധത്തിലുള്ള നയങ്ങളാണ് ആഗോളതലത്തില്‍ തങ്ങള്‍ പിന്തുടരുന്നതെന്ന് ഫെയ്സ്ബുക്ക്. ഇന്ത്യയില്‍ ഭരണകക്ഷി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ഫെയ്സ്ബുക്ക് നടപടി സ്വീകരിച്ചില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കവെയാണ് ഫെയ്സ്ബുക്കിന്റെ ഔദ്യോഗികവക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വ്യക്തിയുടെയും രാഷ്ട്രീയ പദവിയോ രാഷ്ട്രീയ പാര്‍ട്ടിയോ അടിസ്ഥാനമാക്കി പ്രവര്‍ത്തനനയങ്ങളില്‍ വ്യത്യാസം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫെയ്സ്ബുക്ക് പ്രസ്താവിച്ചു. വിദ്വേഷപരമായ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് ഫെയ്സ്ബുക്കിന്റെ രീതിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അബ്കാരി നയത്തില്‍ ഇടപെടാതെ ഹൈക്കോടതി

സര്‍ക്കാരിന്റെ അബ്കാരി നയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഡിവിഷന്‍ ബഞ്ച് തള്ളി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെതാണ് നടപടി.

സംസ്ഥാനത്ത് 13 വൈദ്യുതി സബ്സ്റ്റേഷനുകള്‍ തുടങ്ങി

തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് 13 സബ്സ്റ്റേഷനുകള്‍ കൂടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇവ നാടിന് സമര്‍പ്പിച്ചു. തലശേരിയിലെ 220 കെവി സബ്സ്റ്റേഷന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. കിഫ്ബി സഹായത്തോടെ 66.64 കോടി ചെലവിലാണ് ഇവിടെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്‍ ഒരുക്കുന്നത്.

ഇ-വേ ബില്‍ നടപ്പാക്കരുത്: സ്വര്‍ണ വ്യാപാരി സംഘടന

കേരളത്തില്‍ മാത്രം സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഇ-വേ ബില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എകെജിഎസ്എംഎ (ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍). കേരളത്തിലെ സ്വര്‍ണക്കളളക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം സ്വര്‍ണ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ ബി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

മില്‍ക്ക് ബാസ്‌ക്കറ്റിനെയും അര്‍ബന്‍ ലാഡറിനെയും സ്വന്തമാക്കാന്‍ റിലയന്‍സ്

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും സ്വന്തമാക്കാന്‍ റിലയന്‍സ് നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ-കൊമേഴ്സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് മറ്റേതാനും നീക്കങ്ങള്‍ കൂടി മുകേഷ് അംബാനി ചെയര്‍മാനായുള്ള റിലയന്‍സ് നടത്തിവരുന്നതായി സൂചനയുണ്ട്.

സ്വര്‍ണം വീണ്ടും താഴേക്ക്; പവന് വില 39,200 രൂപ

സ്വര്‍ണ നിക്ഷേപത്തില്‍ അമിത വിശ്വാസം പുലര്‍ത്തിയവര്‍ മനസ് മാറ്റിത്തുടങ്ങി. ഇന്ന് സംസ്ഥാനത്ത് വില പവന് 160 രൂപ കുറഞ്ഞ് 39,200 രൂപയിലേക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപ താഴ്ന്നതിനു പിന്നാലെയാണിത്. 4,900 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വില കുറയുകയാണ്.അതേ സമയം, കുറയുന്ന പ്രവണത എത്രത്തോളം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഏകാഭിപ്രായമല്ല വിപണിയിലുള്ളത്.

പ്രവര്‍ത്തന മികവിനുള്ള അംഗീകാരം: റോക്ക ഇന്ത്യയെ നയിക്കാന്‍ വീണ്ടും രംഗനാഥന്‍

അടുത്ത അഞ്ചു വര്‍ഷം റോക്ക ഇന്ത്യയെ കെ ഇ രംഗനാഥന്‍ തന്നെ നയിക്കും. ഇന്ത്യയിലെ മുന്‍നിര ബാത്ത്റൂം പ്രോഡക്റ്റ്സ് നിര്‍മാതാക്കളായ റോക്ക പാരിവെയര്‍, രംഗനാഥനെ വീണ്ടും മാനേജിംഗ് ഡയറക്റ്ററായി നിയമിച്ചു. രംഗ എന്ന പേരില്‍ അറിയപ്പെടുന്ന രംഗനാഥന്‍ ഫിനാന്‍സ്, എക്കൗണ്ടിംഗ്, ബിസിനസ് പ്ലാനിംഗ്, സ്ട്രാറ്റജി, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് എന്നിങ്ങനെ വിഭിന്ന മേഖലകളിലായി മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവ സമ്പത്തുണ്ട്.

ബ്രസീലിലെ ഐടി കമ്പനി ഏറ്റെടുത്ത് വിപ്രോ ;കരാര്‍ 169 കോടി രൂപയുടേത്

ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ വിപ്രോ ഏറ്റെടുത്തു. ജൂലൈയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 169 കോടി രൂപയ്ക്കുള്ള ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി ബംഗളൂരു ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി അറിയിച്ചു.ഈ ഏറ്റെടുക്കലോടെ ബ്രസീലിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ വിപ്രോയ്ക്ക് പ്രവര്‍ത്തനം സാധ്യമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News