ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 25, 2021

ഫ്യൂച്ചര്‍ റീറ്റെയ്ല്‍ തലപ്പത്ത് സദാശിവ നായക്. ഉജ്ജീവന്‍ സ്‌മോള്‍ഫിനാന്‍സ് ബാങ്കിന് താല്‍ക്കാലികമായി പുതിയ നേതൃത്വം. സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി ഗൂഗ്ള്‍ പേ. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരായ പ്രചരണത്തിന് തടയിട്ട് മോട്ടോര്‍വാഹന വകുപ്പ്. എജിആര്‍ കുടിശ്ശിക അടയ്ക്കാന്‍ കൂടുതല്‍ സാവകാശം നല്‍കാന്‍ സര്‍ക്കാര്‍. നേരിയ ഇടിവോടെ സെന്‍സെക്സ്, നിഫ്റ്റി കയറി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-08-25 21:00 IST

ഉജ്ജീവന്‍ സ്‌മോള്‍ഫിനാന്‍സ് ബാങ്കിന് താല്‍ക്കാലികമായി പുതിയ നേതൃത്വം

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി കരോള്‍ ഫര്‍ട്ടഡോ നിയമിതനായി. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ നിതിന്‍ ചുഗ് രാജിവച്ചതിന് ശേഷമുള്ള ഒഴിവിലേക്ക് 2021 ഓഗസ്റ്റ് 26 മുതല്‍ താല്‍ക്കാലികമായാണ് കരോള്‍ ഫര്‍ട്ടഡോ ബാങ്കിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ഓഫീസറായി നിയമിതനാകുക. ബിശ്വമോഹന്‍ മഹാപത്രയുടെ രാജി മൂലം ഉണ്ടായ ഒഴിവിലേക്ക് പാര്‍ട്ട് ടൈം ചെയര്‍മാനായി ബനാവര്‍ അനന്തരാമയ്യ പ്രഭാകറിന്റെ നിയമനത്തിനും ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ബോര്‍ഡ് അംഗീകാരം നല്‍കി.
ഫ്യൂച്ചര്‍ റീറ്റെയ്ല്‍ തലപ്പത്ത് സദാശിവ നായക്
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വിഭാഗമായ ഫ്യൂച്ചര്‍ റീറ്റെയ്ല്‍  ലിമിറ്റഡ് ബുധനാഴ്ച മുതല്‍ സദാശിവ നായക്കിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിച്ചതായി അറിയിച്ചു. കമ്പനീസ് ആക്റ്റ് 2013 ന്റെ ബാധകമായ വ്യവസ്ഥകള്‍ക്കനുസൃതമായി കീ മാനേജര്‍ പേഴ്‌സണല്‍ (സിഇഒ) പോസ്റ്റിലും നായക് പ്രവര്‍ത്തിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.
സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി ഗൂഗ്ള്‍ പേ
ഗൂഗ്ള്‍ പേ സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലെന്ന് റിപ്പോര്‍ട്ട്. ഫിന്‍ടെക് കമ്പനിയായ സേതുവുമായി ചേര്‍ന്ന് 6.35 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ അവതരിപ്പിച്ചേക്കും. ഒരു വര്‍ഷം വരെ കാലാവധിയുള്ള ഫ്കിസഡ് ഡെപ്പോസിറ്റുകളാകും തുടക്കത്തില്‍ ഉള്‍പ്പെടുത്തുക.
എജിആര്‍ കുടിശ്ശിക അടയ്ക്കാന്‍ കൂടുതല്‍ സാവകാശം നല്‍കാന്‍ സര്‍ക്കാര്‍
എജിആര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശ്ശിക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ സാവകാശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ തേടുന്നു. നിലവില്‍ സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് 10 വര്‍ഷമാണ് കുടിശ്ശിക അടച്ചുതീര്‍ക്കാനുളള സമയപരിധി.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരായ പ്രചരണത്തിന് തടയിട്ട് മോട്ടോര്‍വാഹന വകുപ്പ്
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ രണ്ട് ദിവസമായി പ്രചരിക്കുന്ന ടാക്‌സ്, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മോട്ടര്‍ വാഹനവകുപ്പ്. സര്‍ക്കാര്‍ വാഹനങ്ങളെ റോഡ് നികുതി അടയ്ക്കുന്നതില്‍ നിന്ന് 1975 മുതല്‍ തന്നെ ഒഴിവാക്കിയതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ധനസ്ഥിതി മോശമായ അര്‍ബന്‍ സഹകരണബാങ്കുകളെ ലയിപ്പിക്കുന്നത് പരിഗണിക്കും
ധനസ്ഥിതി മോശമായ അര്‍ബന്‍ സഹകരണബാങ്കുകളെ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കുമന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി. മേഖലയെ ശക്തിപ്പെടുത്താന്‍ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്.
നേരിയ  ഇടിവോടെ സെന്‍സെക്സ്, നിഫ്റ്റി കയറി
നേരിയ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 14.77 പോയ്ന്റ് ഇടിഞ്ഞ് 55944.21 പോയ്ന്റിലും നിഫ്റ്റി 10.10 പോയ്ന്റ് ഉയര്‍ന്ന് 16634.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1941 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1180 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 18 കേരള കമ്പനികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്. 11.31 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് മുന്നില്‍ നില്‍ക്കുന്നു. കേരള ആയുര്‍വേദ (9.16 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (5.38 ശതമാനം), ആസ്റ്റര്‍ ഡിഎം (5.08 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (2.79 ശതമാനം) തുടങ്ങിയ കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി.



 


Tags:    

Similar News