ഉല്‍പ്പാദനം വെട്ടിക്കുറച്ചിട്ടും എണ്ണ വില താഴേയ്ക്ക്

Update: 2020-04-10 10:46 GMT

കോവിഡ് ബാധയെ തുടര്‍ന്ന് ലോകരാജ്യങ്ങളിലെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ തുടരുന്നതിനിടെ എണ്ണ വില കുത്തനെ താഴേക്ക്.

എണ്ണ വില ഇടിവ് തടയാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്രതിദിനം ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒപെക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന വെട്ടിക്കുറയ്ക്കലാണിത്. എന്നിട്ടും ആഗോള വിപണികളില്‍ എണ്ണ വില ഇടിവാണ് രേഖപ്പെടുത്തിയത്. ഡബ്ല്യുടിഐ ബെഞ്ച്മാര്‍ക്ക് 6.10 ശതമാനം ഇടിഞ്ഞ് ബാരലിന് 23.56 ഡോളറിലെത്തിയപ്പോള്‍ ബ്രെന്‍ഡ് ബെഞ്ച്മാര്‍ക്ക 2.5 ശതമാനം ഇടിഞ്ഞ് ബാരലിന് 32.02 ഡോളറിലെത്തി. 

എണ്ണ ഉപഭോഗം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലത്തില്‍

എണ്ണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രാജ്യാന്തര ഉപഭോഗം കണക്കാണ് ഇപ്പോള്‍ ആഗോളതലത്തിലെ ഏജന്‍സികള്‍ പുറത്തുവിടുന്നത്. ലോകത്തെമ്പാടുമായി പ്രതിദിനം 2.7 കോടി ബാരല്‍ എണ്ണ മാത്രമാണ് ഇപ്പോള്‍ ചെലവാകുന്നത്.

ഇന്ത്യയിലെ എണ്ണ ഉപഭോഗത്തില്‍ 70 ശതമാനം കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലും ഗാസൊലിന്‍ ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതു കൊണ്ട് മാത്രം വില പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത സ്ഥിതിയാണ്. സമീപ നാളുകളില്‍ തന്നെ എണ്ണ വില ബാരലിന് 20 ഡോളറിലെത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News