നെല്‍കൃഷിയില്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 557 കോടി രൂപ

കടങ്ങളൊന്നും വീട്ടാനാകാത്ത സാഹചര്യത്തിൽ നെല്‍കര്‍ഷകർ

Update: 2023-06-07 11:41 GMT

Image:canva

നെല്ല് സംഭരിച്ച വകയില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ജൂണ്‍ ആറുവരെ കിട്ടാനുള്ളത് 557 കോടി രൂപയാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട്. 71,000-ത്തോളം കര്‍ഷകരാണ് ഇതിനായി കാത്തിരിക്കുന്നത്. ഈ പണം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കേണ്ടതാണ്. ഇതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത്. കർഷകർക്കിടയിൽ പ്രതിഷേധം ഉയരുകയാണ്.

കര്‍ഷകര്‍ പറയുന്നുത്

ഒരു മാസത്തിനുള്ളില്‍ ലഭിക്കേണ്ട പണമാണിതെന്നും എന്നാല്‍ നാലുമാസം പിന്നിട്ടിട്ടും പണം ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നുണ്ട്. നെല്‍കൃഷിയിറക്കുന്നതിന് ഭാരിച്ച ചെലവുണ്ടെന്നും വട്ടിപ്പലിശയ്‌ക്കെടുത്തും, സ്വര്‍ണം പണയം വച്ചും, കൈവായ്പയും മറ്റും വാങ്ങിയിട്ടാണ് താന്‍ ഉള്‍പ്പെടെയുള്ള പല കര്‍ഷകരും കൃഷിയിറക്കുന്നതെന്ന് നെല്‍കര്‍ഷകനായ ഉത്തമന്‍ ആറന്മുള ധനം ഓൺലൈനോട്  പറഞ്ഞു. നിലവില്‍ ഈ കടങ്ങളൊന്നും വീട്ടാനാകാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വഴി നെല്ല് സംഭരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പല കര്‍ഷകരും അനിശ്ചിതകാല സമരത്തിലേക്കും മറ്റും നീങ്ങുകയാണ്.

വിതരണം സപ്ലൈകോ വഴി

കഴിഞ്ഞവര്‍ഷം വരെ ഈ തുക സപ്ലൈകോയുടെ അനുമതിപത്രം വാങ്ങി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് അപ്പോള്‍ തന്നെ നല്‍കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യം ഇത് കേരള ബാങ്കുവഴിയാക്കി. അവര്‍ കുറച്ചു തുക നല്‍കിയ ശേഷം പിന്നീട് നിര്‍ത്തുകയായിരുന്നു. ഇതോടെ ബാങ്കുകളുടെ കൂട്ടായ്മവഴി സപ്ലൈകോ 700 കോടി രൂപയുടെ കരാറുണ്ടാക്കി. ഇപ്പോള്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കുന്ന പണം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഈ തുകയാണ് കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുന്നത്.


Tags:    

Similar News