ആ ഇരിപ്പ് വല്ലാത്ത ഇരിപ്പു തന്നെ! ജനശതാബ്ദിയില്‍ മടുപ്പിക്കുന്ന യാത്ര, വ്യാപക പരാതികള്‍
സീറ്റിംഗ് ക്രമീകരണമാണ് പ്രശ്‌നം, പരാതിപ്പെടുന്ന യാത്രക്കാര്‍ ഒട്ടേറെ
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് അടുത്തിടെയാണ് ലിങ്കെ ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകളോടെ നവീകരിച്ചത്. കോട്ടയം വഴിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇരിപ്പിട സൗകര്യം പോരാ എന്ന പരാതിയാണ് ഉയരുന്നത്. യാത്ര വെല്ലുവിളി നിറഞ്ഞതാണ് എന്നാണ് യാത്രക്കാര്‍ പറയുന്നത്.
പുതിയ നോണ്‍ എ.സി കോച്ചുകളിലെ ഇരിപ്പിട ക്രമീകരണത്തിൽ ഒട്ടേറെ യാത്രക്കാരാണ് അതൃപ്തി രേഖപ്പെടുത്തുന്നത്. മുൻകാല ജനശതാബ്ദി കോച്ചുകളിൽ ഉണ്ടായിരുന്ന ഫുട്‌റെസ്റ്റുകളും ആംറെസ്റ്റുകളും പുതിയ കോച്ചുകളിൽ ഇല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്ക് സീറ്റുകൾ അപര്യാപ്തമാണ് എന്ന പരാതികളാണ് ഉയരുന്നത്.
മൂന്ന് എ.സി ചെയർ കാർ കോച്ചുകൾ, 16 ചെയർ കാറുകൾ, ഒരു രണ്ടാം ക്ലാസ് കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ജനശതാബ്ദി എക്‌സ്പ്രസില്‍ ഉളളത്.
എൽ.എച്ച്.ബി കോച്ചുകളുടെ പ്രത്യേകത
പരമ്പരാഗത ജനശതാബ്ദി കോച്ചിനെ മാറ്റിയാണ് അടുത്തിടെ എൽ.എച്ച്.ബി കോച്ചുകൾ അവതരിപ്പിച്ചത്. സുരക്ഷ വർധിപ്പിക്കാനും വൈബ്രേഷനും ശബ്ദവും കുറയ്ക്കാനും സാധിക്കും എന്നതാണ് എൽ.എച്ച്.ബി കോച്ചുകളുടെ പ്രത്യേകത.
ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത എല്‍.എച്ച്.ബി കോച്ചുകൾ കൂടുതൽ സുരക്ഷിതമായ യാത്രാനുഭവമാണ് നൽകുക. സ്റ്റീലിൽ നിർമ്മിച്ച ഈ കോച്ചുകൾ സാധാരണ കോച്ചുകളേക്കാൾ ഭാരം കുറഞ്ഞവയാണ്.
പക്ഷെ യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന സൗകര്യക്കുറവുകള്‍ കോച്ചുകളുടെ ഈ മെച്ചങ്ങള്‍ നികത്താന്‍ പര്യാപ്തമല്ലെന്നാണ് യാത്രക്കാർ പറയുന്നത്.