മരുന്നു തീറ്റ വല്ലാതെ കൂടിയിട്ടും മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടാണ്?
15,000 കോടിയുടെ വിപണി, എന്നിട്ടും പിടിച്ചു നില്‍ക്കാനാവാതെ ചെറുകിട വ്യാപാരികള്‍
15,000 കോടി രൂപയിലധികം വലിപ്പമുള്ള കേരളത്തിലെ മരുന്ന് വിപണിയില്‍ സജീവമായി റീട്ടെയില്‍ ഫാര്‍മസി ശൃംഖലകളും ഓണ്‍ലൈന്‍ സൈറ്റുകളും. പണ്ടുകാലത്ത് വ്യക്തികള്‍ നടത്തിയിരുന്ന മെഡിക്കല്‍ സ്റ്റോറുകളുടെ സ്ഥാനത്ത് നാട്ടിന്‍പുറങ്ങളില്‍ പോലും ഇന്ന് ഫാര്‍മസി ചെയിനുകളുടെ ഔട്ട്‌ലെറ്റുകള്‍ കാണാന്‍ കഴിയും. സംസ്ഥാനത്ത് 28,000 മെഡിക്കല്‍ സ്റ്റോറുകളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ നല്ലൊരു ശതമാനം സ്റ്റോറുകളും ഏതെങ്കിലും ഫാര്‍മസി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളാണ്. 24 മണിക്കൂറും പ്രവര്‍ത്തിച്ചും മരുന്നുകള്‍ ഹോം ഡെലിവറി നടത്തിയും വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചുമാണ് ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ന്നത്. ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന മരുന്നിന്റെ 10-15 ശതമാനം വരെ കേരളത്തിലാണെന്നത് ഈ മേഖലയില്‍ അനന്തമായ സാധ്യതകള്‍ തുറന്നുവെന്ന് വേണം കരുതാന്‍.
ആകെ മെഡിക്കല്‍ സ്റ്റോറുകള്‍ - 28,000
സ്വകാര്യ റീട്ടെയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ - 18,000
ഹോള്‍സെയില്‍ സ്റ്റോറുകള്‍ - 8500
ജന്‍ ഔഷധി സ്റ്റോറുകള്‍ - 850
നീതി മെഡിക്കല്‍ സ്റ്റോറുകള്‍ - 400
സേവന മെഡിക്കല്‍ സ്റ്റോറുകള്‍ -55
റിലീഫ് മെഡിക്കല്‍സ് -25
ആശ്വാസ് ഫാര്‍മസി -300
ആസ്റ്റര്‍ - 90
അപ്പോളോ -25
മെഡ്പ്ലസ് -27
മറ്റ് സ്വകാര്യ ഫാര്‍മസി ശൃംഖലകള്‍ - 900
ചെയിനുകള്‍ മാറ്റിയ ഫാര്‍മസി മേഖല
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഫാര്‍മസി ചെയിനുകളിലൊന്നായ അപ്പോളോ ഫാര്‍മസി, മെഡ്പ്ലസ്, ആസ്റ്റര്‍ ഫാര്‍മസി, ആശ്വാസ് ഫാര്‍മസി തുടങ്ങി നിരവധി കമ്പനികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. നൂറിന് മുകളില്‍ സ്റ്റോറുകളുള്ളത് കൊണ്ട് ഇവര്‍ക്ക് വിതരണക്കാരില്‍ നിന്നും വലിയ പര്‍ച്ചേസുകള്‍ നടത്താനും ഇതുവഴി ഡിസ്‌കൗണ്ട് നിരക്കില്‍ മരുന്ന് വിതരണം നടത്താനും കഴിയും. പരിശീലനം നേടിയ വിദഗ്ധരായ ജീവനക്കാരുടെ സാന്നിധ്യം ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കാനും സഹായിക്കുമെന്നുമാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
പുതിയ 80 ശതമാനം ഫാര്‍മസികളും പൂട്ടലിന്റെ വക്കില്‍
അതേസമയം, സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന പത്തില്‍ എട്ട് മെഡിക്കല്‍ സ്റ്റോറുകളുടെയും നിലനില്‍പ്പ് ഭീഷണിയിലാണെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. പുതുതായി ആരംഭിക്കുന്ന ചില ഫാര്‍മസികള്‍ വമ്പന്‍ വിലക്കുറവ് നല്‍കുന്നത് അവര്‍ക്ക് തന്നെ പാരയാവുകയാണ്. കുറഞ്ഞ ലാഭമെടുത്ത് വിപണി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രവര്‍ത്തന ചെലവ് പോലും കണ്ടെത്താനാകുന്നില്ല. പ്രതീക്ഷിച്ച ലാഭം കിട്ടാതാകുന്നതോടെ പലരും വ്യാപാരം നിറുത്തുകയാണെന്ന് തിരുവനന്തപുരത്തെ വ്യാപാരിയായ ജയകൃഷ്ണന്‍ പറയുന്നു.
സാധാരണക്കാര്‍ക്ക് ഭീഷണി
അതേസമയം, പുതിയ പ്രവണതകള്‍ ചെറുകിട വ്യാപാരികള്‍ക്ക് ഭീഷണിയാണെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍ മോഹനന്‍ ധനം ഓണ്‍ലൈനോട് പ്രതികരിച്ചു. ഓണ്‍ലൈനില്‍ മരുന്ന് ഓര്‍ഡര്‍ ചെയ്യാമെന്ന് വന്നതോടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാത്ത മരുന്നുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വില്‍പ്പന സ്റ്റോറുകളില്‍ കുറവാണ്. സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് കൂടുതലായും സാധാരണ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 14,850 രൂപയുടെ വില്‍പ്പനയാണ് കേരളത്തിലെ മരുന്ന് വിപണിയില്‍ നടന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.