ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആവശ്യത്തിലേറെ ഡിമാന്‍ഡ്, ഉഷാറാണ് പൈനാപ്പിള്‍ വിപണി; കര്‍ഷകരും ഹാപ്പി

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതോടെ വിദേശ വിപണിയെ ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നു

Update:2024-08-30 20:30 IST
Image: Canva

കേരളത്തിലെ കാലാവസ്ഥ പോലെയാണ് പൈനാപ്പിള്‍ വിപണിയും. എപ്പോള്‍ വില കൂടുമെന്നോ കുറയുമെന്നോ കൃത്യമായി പറയാന്‍ പറ്റാത്ത അവസ്ഥ. 2024ന്റെ തുടക്കത്തില്‍ കര്‍ഷകരുടെ കണ്ണീരില്‍ നനഞ്ഞ പൈനാപ്പിള്‍ തോട്ടങ്ങള്‍ ഇപ്പോള്‍ ആവേശത്തിലാണ്. വിലയും ഡിമാന്‍ഡും ഉയര്‍ന്നു നില്‍ക്കുന്നതാണ് കാരണം. കടുത്ത വേനലില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചുവരവിന്റെ ഓണമാകും ഇത്തവണയെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ പ്രതീക്ഷ.

കര്‍ഷകരും ഹാപ്പിയാണ്

കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ ഹബ് എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. ഇവിടെ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും രാജ്യത്തിന്റെ മറ്റ് മാര്‍ക്കറ്റുകളിലേക്ക് ലോഡ് കയറിപ്പോകുന്നത്. നിലവില്‍ പച്ചയ്ക്ക് 40 രൂപയ്ക്ക് മുകളിലും പഴുത്തതിന് 50 രൂപയ്ക്ക് അടുത്തും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് വാഴക്കുളം മന്ന പൈനാപ്പിള്‍ ഉടമ ഗ്രീന്‍ വിന്‍സെന്റ് വിതയത്തില്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.

ഡല്‍ഹി മാര്‍ക്കറ്റിനെ അടിസ്ഥാനപ്പെടുത്തി പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വില നിര്‍ണയിക്കുന്നത്. ജയ്പൂര്‍, മുംബൈ, കൊല്‍ക്കത്ത, പൂന, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വാഴക്കുളം പൈനാപ്പിളിന് ഡിമാന്‍ഡ് ഏറെയാണ്.

ദിവസവും 10 ലോഡില്‍ കൂടുതല്‍ ഇതരസംസ്ഥാനങ്ങളിലേക്ക് ലോഡ് കയറിപ്പോകുന്നുണ്ട്. മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതലായി കയറിപ്പോയിരുന്നു. ഇപ്പോള്‍ രാജ്യത്തിനകത്തു തന്നെ ആവശ്യത്തിന് ഓര്‍ഡറുണ്ട്. വിദേശത്തേക്ക് കയറ്റുമതി ചാര്‍ജ് ഉയര്‍ന്നിട്ടുണ്ട്. മാത്രവുമല്ല, പൈനാപ്പിള്‍ കേടായി പോകാനുള്ള സാധ്യത കൂടുതലായതിനാല്‍ കയറ്റുമതി അത്ര ലാഭകരമല്ല.

പൈനാപ്പിള്‍ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേരാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ കൂടുതലായി വരുന്നത് ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ നിന്നാണ്. വാഴക്കുളത്ത് മാത്രം ചെറുതും വലുതുമായി 2,500ലേറെ കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

പൈനാപ്പിളിന്റെ വില ഉയര്‍ന്നു നില്‍ക്കുന്നത് റബര്‍ കര്‍ഷകരെയാണ് ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. റീപ്ലാന്റേഷന്‍ ചെയ്യുന്ന റബര്‍ തോട്ടങ്ങള്‍ 42 മാസത്തേക്ക് കരാറെടുത്ത് പുതിയ തൈ വച്ചു പരിപാലിക്കുന്നത് പൈനാപ്പിള്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്. മൂന്നു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ പൈനാപ്പിള്‍ കരാറെടുക്കുന്നത്. ഒരേക്കറില്‍ കൃഷി ചെയ്യാന്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവു വരും.

3,000 കോടി രൂപയിലധികം വലുപ്പമുള്ളതാണ് കേരളത്തിലെ പൈനാപ്പിള്‍ മാര്‍ക്കറ്റ്. സംസ്ഥാനത്ത് 50,000 ഏക്കറിലധികം സ്ഥലത്ത് പൈനാപ്പിള്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Tags:    

Similar News