നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: നവംബര്‍ 13

Update: 2019-11-13 04:57 GMT

1. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ഇന്ന് ബ്രസീലില്‍

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലില്‍ എത്തും. റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരെ മോദി ഇന്ന് കാണും. ബാങ്കോക്കില്‍ ആര്‍സെപ് കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷിജിന്‍പിങും കാണുന്നത്.

2.അധിക വിനോദ നികുതിക്കെതിരെ കേരളത്തില്‍ നാളെ സിനിമാ ബന്ദ്

സിനിമാ ടിക്കറ്റുകള്‍ക്ക് അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ സിനിമാ ബന്ദിന് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആഹ്വാനം ചെയ്തു. സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ വാദം.

3.ജി.ഡി.പി വളര്‍ച്ച 4.2 ശതമാനത്തിലേക്കെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്

ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ - സെപ്റ്റംബറില്‍ 4.2 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന് എസ്.ബി.ഐയുടെ റിപ്പോര്‍ട്ട്. മുഖ്യ വ്യവസായ മേഖലയിലെ വളര്‍ച്ചാ ഇടിവ്, വാഹന വിപണിയുടെ തളര്‍ച്ച, വ്യോമയാന മേഖലയിലെ പ്രതിസന്ധി, നിര്‍മ്മാണ മേഖലയിലെ നിക്ഷേപക്കുറവ് എന്നിവയാണ് ജി.ഡി.പി തകര്‍ച്ചയ്ക്ക് മുഖ്യകാരണങ്ങളാവുക

4.ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരാമെന്ന സൂചനയുമായി വോഡഫോണ്‍

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ആയിരക്കണക്കിന് കോടി രൂപ നിയമപരമായ കുടിശ്ശിക നല്‍കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയിലെ ഭാവി സംശയത്തിലാകുമെന്ന് ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍. ഇന്ത്യന്‍ വിപണിയില്‍ കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വോഡഫോണ്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിവരയിടുന്നതാണ് കമ്പനിയുടെ പുതിയ പ്രസ്താവന.

5.വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്മാറുന്നു

എന്‍ഡിഎ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമയിലെ  പുതിയ നിബന്ധനകള്‍ ലാഭകരമല്ലെന്ന് കണ്ട് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്മാറുന്നു. കര്‍ഷകര്‍ക്കായി കൊണ്ടുവന്ന ഈ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് ഐസിഐസിഐ ലംബാര്‍ഡ്, ടാറ്റ എഐജി, ചോളമണ്ഡലം എംഎസ്, ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് പിന്മാറുന്നത്.

Similar News