ദൂരദര്‍ശന്‍ മൂന്നാഴ്ചക്കകം സൗജന്യമായി ഒ.ടി.ടിയില്‍; തല്‍സമയ ചാനലുകള്‍, സീരീസുകള്‍, ചരിത്രപ്രധാന ഉള്ളടക്കങ്ങള്‍
ഫോട്ടോ ഡിവിഷനിൽ നിന്നുള്ള ചിത്രങ്ങളുടെ വിപുലമായ ശേഖരം പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും
പ്രസാർ ഭാരതി ഈ മാസം അവസാനത്തോടെ ഓവർ-ദി-ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ഓഗസ്റ്റിൽ പ്ലാറ്റ്‌ഫോം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവയ്ക്കുകയായിരുന്നു.
പ്രസാർ ഭാരതിയുടെ തത്സമയ ചാനലുകള്‍, സീരീസുകള്‍, ആർക്കൈവൽ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. പ്രസാര്‍ ഭാരതിയുടെ ആർക്കൈവുകളിൽ ഏകദേശം 2,000 ഉളളടക്കങ്ങളാണ് ഉളളത്. ഇന്ത്യയിലെ ജനപ്രീയമായ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്ററാണ് പ്രസാർ ഭാരതി. ഒ.ടി.ടി സേവനം ഏകദേശം രണ്ട് വർഷത്തേക്ക് സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 60 ഓളം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ് നിലവിലുളളത്.
ആഗോളതലത്തിൽ എത്താനുളള വേദി
ഇന്ത്യയുടെ ചരിത്രപരമായ എല്ലാ പ്രധാന സംഭവങ്ങളും അടങ്ങുന്ന വിപുലമായ ആർക്കൈവൽ ഉള്ളടക്കമാണ് പ്രസാർ ഭാരതിക്കുളളത്. ഒ.ടി.ടി എന്നാൽ ഞങ്ങൾ പരമ്പരകൾ മാത്രമേ കാണിക്കൂ എന്നല്ല അര്‍ഥമാക്കുന്നതെന്ന് വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലുളള യൂണിറ്റായ ഫോട്ടോ ഡിവിഷനിൽ നിന്നുള്ള ചിത്രങ്ങളുടെ വിപുലമായ ശേഖരം പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.
പ്രസാർ ഭാരതിയുടെ സബ്‌സ്‌ക്രിപ്‌ഷൻ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ച് പ്ലാറ്റ്ഫോമിന്റെ ജനപ്രീതിയും വർദ്ധിക്കും. ഞങ്ങളുടെ ഉള്ളടക്കം ആഗോളതലത്തിൽ എത്തിക്കുന്നതിനുളള വേദിയായാണ് ഒ.ടി.ടി യെ കാണുന്നതെന്ന് സഞ്ജയ് ജാജു വിശദീകരിച്ചു.
ഡൗൺലിങ്ക് ചെയ്യുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും മന്ത്രാലയത്തിൻ്റെ അനുമതിയുള്ള സാറ്റലൈറ്റ് ചാനലുകൾക്ക് പ്രസാർ ഭാരതിയുടെ ഒ.ടി.ടി സേവനത്തിൽ സ്ട്രീം ചെയ്യുന്നതിനുളള അവസരവും നല്‍കുന്നുണ്ട്.
കണ്ടന്റുകളുടെ സ്രഷ്‌ടാക്കള്‍ക്കായിരിക്കും ബൗദ്ധിക സ്വത്ത് അവകാശം ഉണ്ടായിരിക്കുക. ഇവരുമായി വരുമാനം പങ്കിടൽ മാതൃക പരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജാജു പറഞ്ഞു.