പുതുവൈപ്പ് ടെര്‍മിനല്‍ : നിരോധനാജ്ഞ ലംഘിച്ച് സമരസമിതി ; അറസ്റ്റ്

Update: 2019-12-21 05:49 GMT

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ടെര്‍മിനല്‍ നിര്‍മ്മാണ സ്ഥലത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തില്‍ പങ്കെടുത്ത കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു സമരസമിതിയുടെ മാര്‍ച്ച്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്  രണ്ടര വര്‍ഷമായി മുടങ്ങിയ ടെര്‍മിനല്‍ നിര്‍മ്മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്.പദ്ധതിക്ക് മുന്നിലൂടെയുള്ള പൊതുവഴി ബാരിക്കേഡ് ഉപയോഗിച്ച് അടച്ചുകെട്ടിയ പൊലീസ് നിര്‍മാണ പ്രവൃത്തികള്‍ക്ക് 24 മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംഘര്‍ഷ സാധ്യത പരിഗണിച്ച് ആയിരത്തിലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. ഇതോടെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരവും ടെര്‍മിനല്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു.

പുതുവൈപ്പിലെ ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും സാധിക്കാതെവന്നതോടെ ഒരിടവേളയ്ക്ക് ശേഷം പുതുവൈപ്പ് വീണ്ടും സമരഭൂമിയായി. റോഡ് മാര്‍ഗ്ഗം എല്‍പിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ജനവാസ മേഖലയില്‍ പദ്ധതി വരുന്നതിനെതിരെ ജനങ്ങള്‍ രംഗത്ത് വരികയായിരുന്നു. ഒന്‍പത് വര്‍ഷമായിട്ടും വെറും 45 ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് പൊലീസ് സുരക്ഷയില്‍ നിര്‍മാണം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News