സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ; എതിര്‍പ്പുമായി പാര്‍വതി തിരുവോത്തും, ധനം സര്‍വേയിലും ഉത്തരം 'നോ' തന്നെ
കോവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനിരിക്കുന്ന സത്യപ്രതിജ്ഞ തെറ്റായ നടപടിയെന്ന് പൊതു അഭിപ്രായം. ധനം നടത്തിയ സര്‍വേയിലും ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ.
മെയ് 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ ഉള്‍പ്പെടുത്തി നടക്കാനിരിക്കുന്ന ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ജനങ്ങള്‍. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയം നോക്കാതെ എതിര്‍പ്പുമായി സെലിബ്രിറ്റികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ധനം ഓണ്‍ലൈന്‍ നടത്തിയ സോഷ്യല്‍മീഡിയ സര്‍വേയിലും വേണ്ട എന്ന തീരുമാനമാണ് ഭൂരിഭാഗം പേരും രേഖപ്പെടുത്തിയത്.
ഇടതു പക്ഷ സര്‍ക്കാരിന്റെ തീരുമാനങ്ങളോട് എപ്പോഴും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നടി പാര്‍വതി തിരുവോത്തും സോഷ്യല്‍മീഡിയയില്‍ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തി. ''കോവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കെ ഒരു തെറ്റായ തീരുമാനമായിപ്പോയി ഇത്. ഒരു വെര്‍ച്വല്‍ ചടങ്ങ് നടത്തി മാതൃക സൃഷ്ടിക്കാനുള്ള അവസരമായിരുന്നു''വെന്നാണ് പാര്‍വതി അഭിപ്രായപ്പെട്ടത്.
'ഉത്തരവാദപ്പെട്ട രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള, നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് ഇതെന്നതില്‍ സംശയമില്ല. അതിനാലാണ് 20നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ഞെട്ടലുളവാക്കുന്നത്, യോജിക്കാനാവാത്തത്. കൊവിഡ് കേസുകള്‍ ഇപ്പോഴും കൂടിക്കൊണ്ടിരിക്കെ ഒരു തെറ്റായ തീരുമാനമായിപ്പോയി ഇത്. ഒരു വെര്‍ച്വല്‍ ചടങ്ങ് നടത്തി മാതൃക സൃഷ്ടിക്കാനുള്ള അവസരമായിരുന്നു ഇത് എന്നതിനാല്‍ പ്രത്യേകിച്ചും. പൊതുചടങ്ങ് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആയി നടത്താനുള്ള ഈ അപേക്ഷ പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു', ട്വിറ്ററില്‍ പാര്‍വ്വതി കുറിച്ചു. സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈന്‍ ആയി നടത്തണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. ജനഹിതമറിഞ്ഞും ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം കൂടിയാകും അതെന്നും ഐഎംഎ വിലയിരുത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി ചര്‍ച്ച ചെയ്തതാണ്. ഈ അവസരത്തില്‍ ഓണ്‍ലൈന്‍ സത്യപ്രതിജ്ഞ വലിയ സന്ദേശം നല്‍കുമെന്നായിരുന്നു ഐഎംഎ അഭിപ്രായപ്പെട്ടത്.
സര്‍വേ ഫലവും 'നോ' !
''കോവിഡ് സാഹചര്യത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ' നോ' എന്ന ഉത്തരമാണ് ധനം ഓണ്‍ലൈന്‍ സര്‍വേയില്‍ ലഭിച്ചത്. വിവിധ സോഷ്യല്‍മീഡിയ മാധ്യമങ്ങളിലൂടെ നടത്തിയ പോളിംഗില്‍ 90 ശതമാനത്തോളം ജനങ്ങളും രേഖപ്പെടുത്തിയത്. എതിര്‍പ്പ് പ്രകടമാക്കി നിരവധി കമന്റുകളും ലഭിച്ചു.
കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനെതിരെ കോടതയില്‍ പരാതിയും ലഭിച്ചതും ചര്‍ച്ചയായിരിക്കുകയാണ്. അഭിഭാഷകനായ അനില്‍ തോമസും ഡെമോക്രറ്റിക് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ് സെബാസ്റ്റ്യനുമാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കുമാണ് പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാ പ്രതിയാക്കി തലസ്ഥാന നഗരത്തിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍. മുന്‍ എം പിയും മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനുമായ പി സി തോമസും പരാതി നല്‍കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് മെയ് പതിനേഴാം തിയതി പകല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുവെന്നാണ് പരാതി.
പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന യോഗത്തില്‍ ചട്ടപ്രകാരമുള്ള അകലം പോലും പാലിക്കാതെ പ്രതികള്‍ കൂട്ടമായി നിന്ന് ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ 'സന്തോഷം' പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്ത നടപടിയാണ് കേസിനാസ്പദമായ വിഷയമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. പല ദിവസങ്ങളിലായി പത്രസമ്മേളനം നടത്തിയും അല്ലാതെയും ഒന്നാം പ്രതി തന്നെയാണ് ജനങ്ങള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചും കോവിഡ് എന്ന മഹാമാരിയെ ചെറുക്കുവാന്‍ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നത്.