വര്‍ഷം ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍, സര്‍ക്കാര്‍ ജോലിക്ക് 50% സംവരണം; ഇത് രാഹുല്‍ ഗാന്ധി കാ ഗ്യാരന്റി!
മഹിളാ ന്യായ് ഗ്യാരന്റിയുമായി കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ്. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍... എന്ന മുഖവുരയുമായി നിരവധി വാഗ്ദാനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി കേട്ടുതുടങ്ങിയിട്ടുണ്ട്.
ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച വാഗ്ദാനങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വനിതകള്‍ക്ക് 'മഹിളാ ന്യായ്' എന്ന പേരില്‍ 5 വാഗ്ദാനങ്ങളാണ് അദ്ദേഹം നൽകുന്നത്.
പ്രതിവര്‍ഷം ഒരുലക്ഷം രൂപ വീതം
നിര്‍ദ്ധന സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപവീതം ബാങ്ക് അക്കൗണ്ടില്‍ തരുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനമാണ് ഏറ്റവും ശ്രദ്ധേയം. മഹിളകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണവും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഉച്ചഭക്ഷണ സ്‌കീമില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കുള്ള കേന്ദ്രവിഹിതം ഇരട്ടിയാക്കും. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കാനും സഹായിക്കാനുമായി നോഡല്‍ ഓഫീസറെ നിയമിക്കും.
രാജ്യത്തെ ഓരോ ജില്ലയിലും സാവിത്രിഭായ് ഫുലേ ഹോസ്റ്റലുകള്‍ ആരംഭിക്കുമെന്നും നിലവിലെ ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ മുതല്‍ മുംബയ് വരെയാണ് രാഹുല്‍ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്.
മോദി സര്‍ക്കാര്‍ 16 ലക്ഷം വ്യവസായികളുടെ കടം എഴുതിത്തള്ളിയെന്നും എന്നാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍പ്പരം അനീതി വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.