നാലു വർഷമായി ശമ്പളമില്ലാതെ, അംബാനിയുടെ ജീവിതം

മകന്റെ വിവാഹത്തിന് ചെലവിട്ടത് 5,000 കോടിയെന്നാണ് ഊഹക്കണക്കുകൾ

Update:2024-08-08 07:51 IST
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്ക് ശമ്പളമില്ല! കോവിഡ് കാലത്തിനു ശേഷം കഴിഞ്ഞ നാലു വർഷമായി അദ്ദേഹം ശമ്പളം വാങ്ങാതെയാണ് സ്വന്തം റിലയൻസ് ഇൻഡസ്ട്രീസിന് വേണ്ടി സേവനം തുടരുന്നതെന്ന വാർത്ത എവിടെയും വായിക്കാം. മകൻ അനന്ത് അംബാനിയുടെ അത്യാഡംബര വിവാഹത്തിന് 5,000 കോടി രൂപ ചെലവിട്ടുവെന്ന ചില കണക്കുകൾക്കു പിന്നാലെയാണ് ശമ്പളരഹിതനായ അംബാനിയെക്കുറിച്ച വാർത്തകൾ. ശമ്പളം വേണ്ട എന്നു തീരുമാനിക്കാനും മകന്റെ വിവാഹത്തിന് എത്ര ചെലവിടണമെന്നു തീരുമാനിക്കാനും അംബാനിക്ക് അവകാശമുണ്ട്. അല്ലെങ്കിൽത്തന്നെ, അംബാനിക്ക് എന്തിനാണ് ശമ്പളം?
കോവിഡ് വന്ന 2020-21ലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി തനിക്ക് ശമ്പളം വേണ്ട എന്ന് തീരുമാനിച്ചത്. കമ്പനി വരുമാന ശേഷി മുഴുവൻ തിരിച്ചു പിടിക്കുന്നതു വരെ ശമ്പളം വേണ്ട എന്ന തീരുമാനം തുടർച്ചയായ നാലാം വർഷവും അദ്ദേഹം ആവർത്തിക്കുകയാണ് ചെയ്തത്. റിലയൻസിന്റെ അറ്റാദായം സർവകാല റെക്കോർഡായ 79,020 കോടി രൂപയിലെത്തിയെന്ന വാർഷിക കണക്കുകൾക്കൊപ്പമാണ് ഈ പ്രഖ്യാപനം.
എല്ലാം കമ്പനി ചെലവിൽ
2009 മുതൽ 2019 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ വാർഷിക ശമ്പളാനുകൂല്യങ്ങൾ പ്രതിവർഷം 15 കോടി രൂപയെന്ന് അംബാനി പരിമിതപ്പെടുത്തിയിരുന്നു. പിന്നീടുള്ള നാലു വർഷം ശമ്പളമില്ലാതെ അംബാനി എങ്ങനെ ജീവിച്ചു, ഇനിയെങ്ങനെ ജീവിക്കും എന്ന വെറും സംശയത്തിന് വ്യക്തമായ ഉത്തരം മറ്റൊരു വിധത്തിൽ തെളിഞ്ഞു കിടപ്പുണ്ട്. അദ്ദേഹത്തിന് കമ്പനിയുടെ ശമ്പളേതര ആനുകൂല്യങ്ങൾക്കും സൗകര്യങ്ങൾക്കും പരിധിയില്ല. അതേസമയം, ശമ്പളം, അലവൻസ് എന്നിവയൊന്നും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം അംബാനി കൈപ്പറ്റിയിട്ടില്ല എന്നാണ് ഏറ്റവും ഒടുവിലത്തെ റിലയൻസ് വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചത്.
അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും സഹായികളുടെയും യാത്ര, താമസം, ഭക്ഷണം തുടങ്ങി സർവവിധ ചെലവുകളും കമ്പനി തിരിച്ചു കൊടുക്കും. ഭാര്യ നിതക്ക് ഡയറക്ടർ ബോർഡ് യോഗത്തിന്റെ സിറ്റിങ് ഫീസായി രണ്ടു ലക്ഷവും കമീഷനായി 97 ലക്ഷവും കഴിഞ്ഞ വർഷത്തെ ആദ്യ അഞ്ചു മാസത്തിനിടയിൽ കമ്പനി കൊടുത്തു.ഡയറക്ടർമാരെന്ന നിലയിൽ മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവർക്കും ഈ സിറ്റിങ് ഫീസ്, കമീഷൻ തുടങ്ങി സർവവിധ ആനുകൂല്യങ്ങളുമുണ്ട്.
അംബാനി കുടുംബത്തിന്റെ അതിസുരക്ഷയും കമ്പനി ചെലവിലാണ്. ഈയിടെ നടന്ന അനന്ത് അംബാനിക്കല്യാണത്തിന് ഓരോ ജീവനക്കാർക്കും റിലയൻസ് മുഖേനയാണ് സമ്മാനപ്പൊതി നൽകിയത്. മുകേഷ് അംബാനിക്കും കുടുംബത്തിനും റിലയൻസിലുള്ള ഓഹരി 50.33 ശതമാനമാണ്. ആകെ 332.27 കോടി ഷെയറുകൾ. അതിൽ നിന്നുള്ള ഒരു വർഷത്തെ ലാഭവിഹിതം മാത്രം 3,323 കോടി രൂപയാണ്. അപ്പോൾ ചോദ്യത്തിന് ഉത്തരമായി: അംബാനിക്ക് പിന്നെന്തിനാണ് ശമ്പളം?
സമ്പത്ത് 10 ലക്ഷം​ കോടി രൂപ
റിലയൻസിന്റെ ഡയറക്ടർ ബോർഡിൽ 1977 മുതൽ മുകേഷ് അംബാനിയുണ്ട്. പിതാവ് ധീരുഭായ് അംബാനിയുടെ മരണ ശേഷം റിലയൻസ് ചെയർമാനായി. 2029 വരെ അദ്ദേഹത്തെ വീണ്ടും തലവനായി നിയമിച്ചത് കഴിഞ്ഞ വർഷമാണ്. ലോകത്തെ അതിസമ്പന്നരിൽ 11-ാം സ്ഥാനമാണ് മുകേഷ് അംബാനിക്ക്. കണക്കാക്കുന്ന സമ്പത്ത് 10,900 കോടി ഡോളർ അഥവാ, 10 ലക്ഷം കോടിയോളം രൂപ. റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ വർഷം സർക്കാരിലേക്ക് നികുതി അടച്ചത് ഇന്ത്യയുടെ കാർഷിക ബജറ്റിനേക്കാൾ (1.52 ലക്ഷം കോടി) വലിയ തുകയായ 1.86 ലക്ഷം കോടി രൂപ. ആകെ 3.47 ലക്ഷം ജീവനക്കാരുള്ള റിലയൻസിന്റെ വിപണി മൂല്യം 20 ലക്ഷം കോടി രൂപ.
Tags:    

Similar News