കോവിഡ് ബാധയെ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടികുറയ്ക്കാന്‍ സാധ്യത.
തെലങ്കാനയില്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ മുതല്‍ കരാര്‍ ജീവനക്കാരുടെ വരെ വേതനം കുറയ്ക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി പുറപ്പെടുവിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിച്ചേക്കാം.
കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യം 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യ മേഖലയൊഴികെ മറ്റെല്ലാ രംഗവും നിശ്ചലമാണ്. രാജ്യത്തിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞു. കോര്‍പ്പറേറ്റുകളുടെ വരുമാനത്തിലും വന്‍ ഇടിവുണ്ട്. പുതിയ നിക്ഷേപങ്ങള്‍ വരുന്നില്ല. അതേസമയം ആരോഗ്യ പരിരക്ഷാ രംഗത്ത് വന്‍തുക ചെലവിടേണ്ടതായും വരുന്നു. ഇതിനു പുറമേയാണ് സാമ്പത്തിക പാക്കേജുകളും മറ്റ് ഇളവുകളും. കോവിഡിന് മുമ്പു തന്നെ രാജ്യത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ലായിരുന്നു. അപ്രതീക്ഷിതമായി രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടേണ്ടി വന്നതോടെ സ്ഥിതി ഗുരുതരമായി. സമീപഭാവിയിലൊന്നും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നേര്‍ദിശയിലാകാനിടയില്ല.
ആ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുക എന്ന കടുത്ത നിലപാടിലേക്ക് കടക്കാന്‍ തന്നെയാണിട. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷവും പാര്‍ട്ടിയിലെ അപ്രമാദിത്വവും നരേന്ദ്ര മോദിക്ക് ഇത്തരം കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് കരുത്താകും.
ടാറ്റ ഗ്രൂപ്പ് പോലുള്ള ഉയര്‍ന്ന ബിസിനസ് നൈതികതയുള്ള ഗ്രൂപ്പുകള്‍ മാത്രമാണ് ജീവനക്കാരെ ഈ കഷ്ടകാലത്തും കൂടുതല്‍ വിഷമിപ്പിക്കാതെ നോക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഗ്രൂപ്പുകള്‍ ജീവനക്കാര്‍ക്ക് വേതനം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.
ഐറ്റി മേഖലയില്‍ വന്‍ കരാറുകള്‍ കുറയുന്നതോടെ വേതനവും തൊഴിലും കുറയാനിടയുണ്ട്. വേതനം കുറയുന്നതോടെ ജനങ്ങളുടെ ചെലവിടലും കുറയും. റീറ്റെയ്ല്‍, എന്റര്‍ടെയ്ന്‍മെന്റ്, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളെയും ഇത് പ്രതികൂലമായി ബാധിക്കും. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും സര്‍ക്കാരിലേക്കുള്ള നികുതി വരുമാനം കുറയാനാകും ഇത് ഇടയാക്കുക.
കേരളം നിലപാട് കടുപ്പിച്ചേക്കും
ഏപ്രിലിലെ ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാര്യം പ്രശ്‌നമാണെന്ന സൂചന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ''സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ വേതനം നല്‍കണമെന്ന അഭ്യര്‍ത്ഥന കൊണ്ട് കേരളത്തിലെ ധനപ്രതിസന്ധി പരിഹരിക്കാനാവില്ല. കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ തന്നെ വേണ്ടി വരും,'' പബ്ലിക് ഫിനാന്‍സ് വിദഗ്ധനും തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റിയുമായ ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം, പെന്‍ഷന്‍, പലിശ എന്നീ ഇനങ്ങളിലെ ചെലവ് മൊത്തം വരുമാനത്തിന്റെ 62.8 ശതമാനമാണ്. രാജ്യത്തെ പ്രമുഖ 19 സംസ്ഥാനങ്ങളില്‍ ഇത് മൊത്തം വരുമാനത്തിന്റെ 40.83 ശതമാനമെന്ന നിരക്കിലാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 23.83 ശതമാനം മാത്രമാണിത്.
''കേരളത്തില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ വരുമാന സാധ്യതകള്‍ വളരെ കുറവാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന വിഹിതം വെട്ടിക്കുറയ്ക്കാനിടയുണ്ട്. മദ്യം, ലോട്ടറി, ഇന്ധനം, ഭൂമി രജിസ്‌ട്രേഷന്‍ എന്നിവയില്‍ നിന്നെല്ലാമുള്ള നികുതി വരുമാനം കുത്തനെ കുറയും. ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കാതെ നിവൃത്തിയില്ല.
നാട്ടിലെ ജനങ്ങള്‍ക്ക് ഏറെ തൊഴില്‍ നല്‍കുന്ന സ്വകാര്യ മേഖല വന്‍തോതില്‍ തൊഴിലുകളും വേതനവും വെട്ടിക്കുറയ്ക്കുമ്പോള്‍ സമൂഹത്തിലെ ചെറിയൊരു ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷകാരും അതൊന്നും ബാധകമാകാതെ നില്‍ക്കുന്നതെങ്ങനെയാണ്? കേരള സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 20 ശതമാനം കുറച്ചാല്‍ 10,000 കോടി രൂപ ലാഭിക്കാന്‍ പറ്റും. പക്ഷേ അങ്ങനെ ഒറ്റയടിക്ക ്‌ചെയ്യാതെ സ്ലാബ് സമ്പ്രദായം ഏര്‍പ്പാടാക്കി ഇത് നടപ്പാക്കുന്നതാകും നല്ലത്,'' ജോസ് സെബാസ്റ്റിയന്‍ പറയുന്നു. കൂടുതല്‍ കടമെടുത്തുകൊണ്ട് കേരളത്തിന് ഈ പ്രതിസന്ധിയില്‍ നിന്ന് മറികടക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കടം കൂടിയാല്‍ പലിശയും കൂടും. വരുമാനം കുറയുന്ന കാലത്ത് എങ്ങനെ കൂടുതല്‍ പലിശ നല്‍കും. ചെലവ് ചുരുക്കല്‍ തന്നെയാണ് വഴിയെന്ന് ജോസ് സെബാസ്റ്റിയന്‍ വിശദമാക്കുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കുറയ്ക്കുന്നതിനൊപ്പം മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെയും ഇനത്തിലുള്ള ചെലവുകളും കുറയ്ക്കണമെന്ന് അദ്ദേഹം പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline