ബംഗ്ലാദേശില്‍ എണ്ണ ശുദ്ധീകരണത്തിന് വന്‍ പദ്ധതിയുമായി സൗദി ആരാംകോ; ലക്ഷ്യം ഏഷ്യന്‍ വിപണി

ഇന്ത്യയുടെയും ചൈനയുടെയും വ്യാപാര തന്ത്രങ്ങളില്‍ മാറ്റം വരാം;

Update:2025-01-07 14:21 IST

വമ്പന്‍ എണ്ണ ശുദ്ധീകരണ പദ്ധതിയുമായി സൗദി ആരാംകോ ബംഗ്ലാദേശിലേക്ക്. ഏഷ്യന്‍ എണ്ണ വിപണിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് കരുതുന്ന പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റിയാദില്‍ സൗദി-ബംഗ്ലാദേശ് വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാശ ചടങ്ങളില്‍ ബംഗ്ലാദേശിലെ സൗദി അംബാസിഡര്‍ എസ്സ അല്‍ ദുഹൈലാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സൗദി ആരാംകോ പുതിയ പദ്ധതിക്ക് മുന്നോട്ടു വരുന്നത്. സൗദിയില്‍ ഏറ്റവുമധികം വിദേശ കുടിയേറ്റക്കാരുള്ളത് ബംഗ്ലാദേശില്‍ നിന്നാണ്. ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സൗദിയുമായി നിരവധി മേഖലകളില്‍ സഹകരണത്തിന് ശ്രമിക്കുന്നുണ്ട്. ആരാംകോയുടെ വരവ് എഷ്യന്‍ എണ്ണ വിപണിയില്‍ മല്‍സരം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് സൂചനകളുണ്ട്.

ബംഗ്ലാദേശിന് പുതിയ സാധ്യകകള്‍

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന ബംഗ്ലാദേശിന് പുതിയ റിഫൈനറി വരുന്നത് സാമ്പത്തിക രംഗത്ത് നേട്ടങ്ങളുണ്ടാക്കും. നിലവില്‍ ചിറ്റഗോങില്‍ സര്‍ക്കാര്‍ ഉടമയിലുള്ള ബംഗ്ലാദേശ് പെട്രോളിയം കോര്‍പ്പറേഷന് കീഴിലാണ് എണ്ണ ശുദ്ധീകരണം നടക്കുന്നത്. ഇന്ത്യ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് അവര്‍ പ്രധാനമായും ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി ചെയ്യുന്നത്. ആരാംകോ സഹകരണത്തോടെ പുതിയ റിഫൈനറി വരുന്നത് ശുദ്ധീകരണ ചിലവുകള്‍ കുറക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റിഫൈനറികളുടെ നവീകരണത്തിനും ആരാംകോയുമായി കരാര്‍ ഉണ്ടാക്കുന്നുണ്ട്.

ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

ബംഗ്ലാദേശിന്റെ നീക്കം എഷ്യന്‍ മേഖലയില്‍ കയറ്റുമതിയില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. വ്യാപാരമേഖലയിലുണ്ടാകാവുന്ന മാറ്റങ്ങള്‍ വിലയിരുത്താന്‍ സമയമായില്ലെങ്കിലും ചൈനയുടെയും ഇന്ത്യയുടെയും വ്യാപാര തന്ത്രങ്ങളില്‍ മാറ്റങ്ങള്‍ക്ക് ഇത് ഇടയാക്കിയേക്കും. ഏഷ്യന്‍ വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകളില്‍ മാറ്റം വരുത്താനും സാധ്യതയേറുന്നുണ്ട്. എഷ്യയില്‍ പ്രധാന എണ്ണ ശുദ്ധീകരണ പദ്ധതികളുള്ളത് ചൈനയിലാണ്. അതേസമയം, അവര്‍ക്ക് ആവശ്യമായ എണ്ണ ഉല്‍പ്പാദനം നടക്കുന്നില്ല. ചൈനയും വലിയ തോതില്‍ മധ്യേഷ്യന്‍ രാജ്യങ്ങളെ ക്രൂഡ്  ഓയിൽ  ഇറക്കുമതിക്കായി ആശ്രയിക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ആസിയാന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള വാണിജ്യ കരാര്‍ പ്രകാരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പരസ്പര കയറ്റുമതിയിലും ഇറക്കുമതിയിലും എഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ഉറപ്പാക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ശുദ്ധീകരണ ക്ഷമത വര്‍ധിക്കുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറയാനും ഇടയാകും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള രാഷ്ട്രീയ അകല്‍ച്ച വാണിജ്യ മേഖലയില്‍ പുതിയ മല്‍സരത്തിനും വഴിവെക്കും. എഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വരുമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് ആരാംകോ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News