ഷെന്‍ഗെന്‍ വീസ നിരസിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കാതിരിക്കുക

സന്ദര്‍ശകന്‍ എത്രദിവസം ഷെന്‍ഗെന്‍ രാജ്യങ്ങളില്‍ തങ്ങുന്നുവോ അത്രയും ദിവസത്തെ കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്

Update:2024-05-29 17:15 IST

Image: Canva

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടി കൊണ്ടിരിക്കുകയാണ്. ഇങ്ങനെ യൂറോപ്പില്‍ ചുറ്റിത്തിരിയാന്‍ ആഗ്രഹിക്കുന്നവരിലേറെയും ഷെന്‍ഗെന്‍ വീസയെയാണ് ആശ്രയിക്കുന്നത്. ഒരൊറ്റ വീസയില്‍ 29 രാജ്യങ്ങളില്‍ കറങ്ങാമെങ്കിലും ഈ വീസ കിട്ടുകയെന്നത് കുറച്ചേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
വീസ ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതും നിരസിക്കല്‍ നിരക്ക് കൂടുതലാണെന്നതുമാണ് ഷെന്‍ഗെന്‍ വീസയില്‍ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധി. ഷെന്‍ഗെന്‍ വീസയ്ക്ക് അപേക്ഷിക്കുംമുമ്പേ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീസ കിട്ടാനുള്‌ല സാധ്യത കൂടും.
ഇന്‍ഷുറന്‍സ് നിര്‍ബന്ധം
ഷെന്‍ഗെന്‍ വീസയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍, ആശുപത്രിവാസം, തിരിച്ചുവരവ് എന്നിവ ഉള്‍പ്പെടുന്ന 30,000 യൂറോയുടെ (27 ലക്ഷംരൂപ) കവറേജ് ഉള്ള യാത്ര ഇന്‍ഷുറന്‍സ് വീസ ആപേക്ഷയ്ക്ക് നിര്‍ബന്ധമാണ്. ഏതൊക്കെ രാജ്യങ്ങളിലാണോ സന്ദര്‍ശനം നടത്താന്‍ പദ്ധതിയിടുന്നത് അവിടങ്ങളില്‍ സാധുത ഉള്ളതായിരിക്കണം നിങ്ങളെടുക്കുന്ന ഇന്‍ഷുറന്‍സ്. ഇല്ലാത്തപക്ഷം അപേക്ഷ ഉറപ്പായും നിരസിക്കപ്പെടും.
സന്ദര്‍ശകന്‍ എത്രദിവസം ഷെന്‍ഗെന്‍ രാജ്യങ്ങളില്‍ തങ്ങുന്നുവോ അത്രയും ദിവസത്തെ കവറേജ് ലഭിക്കുന്നതായിരിക്കണം ഇന്‍ഷുറന്‍സ്. ഷെന്‍ഗെന്‍ രാജ്യങ്ങളിലേക്ക് ചുരുങ്ങിയ ഇടവേളയില്‍ ഒന്നിലേറെ തവണ പോകാന്‍ പദ്ധതിയുണ്ടെങ്കില്‍ നീണ്ടകാലത്തെ ഇന്‍ഷുറന്‍സ് കവറേജ് എടുക്കുന്നതായിരിക്കും ഉചിതം. ഒന്നിലേറെ തവണ ഇന്‍ഷുറന്‍സ് എടുക്കേണ്ട അവസ്ഥ ഇതുമൂലം ഒഴിവാക്കാന്‍ സാധിക്കും.
അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക
നിരവധി കമ്പനികളുടെ അനവധി ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയിലെല്ലാം ഷെന്‍ഗെന്‍ രാജ്യങ്ങളുടെ അനുമതിയുള്ളതല്ല. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഷെന്‍ഗെന്‍ രാജ്യങ്ങള്‍ അംഗീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം ധനനഷ്ടത്തിനൊപ്പം യാത്രകൂടി മുടങ്ങുന്ന അവസ്ഥയുണ്ടാകും.
Tags:    

Similar News