കേരള സ്പോര്‍ട്സില്‍ 'മണി'കിലുക്കം ഇനി കളി മാറും! ഫുട്‌ബോള്‍ മുതല്‍ ക്രിക്കറ്റ് വരെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നു
ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പ് മുന്‍കൈ എടുത്ത് ഒരു ഫുട്ബോള്‍ ലീഗിന് തുടക്കമിടുന്നത്
കേരളത്തിലെ കോര്‍പ്പറേറ്റുകളും ചലച്ചിത്ര വ്യവസായത്തിലെ സൂപ്പര്‍ താരങ്ങളും സ്പോര്‍ട്സ് ബിസിനസില്‍ നിക്ഷേപവുമായെത്തികൊ@ിരിക്കുകയാണ്. ഓരോ നഗരത്തിന്റെ വികാരമായി ക്ലബുകളെ മാറ്റാനുള്ള സമഗ്രമായ പദ്ധതികളുമായി വിഭിന്ന മേഖലകളിലെ പ്രമുഖരും ആരാധക സമൂഹവും അണിനിരക്കുമ്പോള്‍ സംസ്ഥാനത്തെ സ്പോര്‍ട്സ് മേഖലയില്‍ ഇനി മാറ്റങ്ങളുടെ സൂപ്പര്‍മാച്ച്!
1,35,000 കോടി
ഇതെന്താണെന്നറിയുമോ? രാജ്യത്തെ ട്വന്റി20 ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂല്യം! ടാറ്റ ഗ്രൂപ്പ് 2024-2028 കാലയളവിലെ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത് 2,500 കോടി രൂപയ്ക്കും! ഇന്ത്യന്‍ സ്പോര്‍ട്സ് ബിസിനസിലെ ഒരു ഇവന്റില്‍ മറിയുന്ന കോടികളുടെ കണക്ക് മാത്രമാണിത്. ക്രിക്കറ്റിന് പുറമേ രാജ്യത്ത് കബഡി, വോളിബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, റെസ്ലിംഗ് എന്നുവേണ്ട നിരവധി കായിക ഇനങ്ങളിലായി വിവിധ ലീഗുകള്‍ വേറെയുമുണ്ട്.ഇതിലൊക്കെ നിക്ഷേപവുമായി എത്തിയിരിക്കുന്നത് രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളും ബോളിവുഡ്ഡിലെയും മറ്റ് പ്രാദേശിക ഭാഷാ സിനിമാ മേഖലയിലെയും സെലിബ്രിറ്റികളുമാണ്. ഇതൊക്കെ രാജ്യത്തെ കായിക സമ്പദ്വ്യവസ്ഥയെ വളര്‍ച്ചാപാതയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഈ പാത പിന്തുടരുകയാണ് കേരളവും. കേരളത്തിലുമെത്തുകയാണ് കായിക മേളകളുടെ പൂരം. കായിക അസോസിയേഷനുകളും കോര്‍പ്പറേറ്റുകളും ചലച്ചിത്രവ്യവസായ രംഗത്തെ പ്രമുഖരും ഒരേ ആവേശത്തോടെ ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തിന്റെ കായിക സമ്പദ്വ്യവസ്ഥയില്‍ ഇത് മാറ്റങ്ങള്‍ക്ക് തിരികൊളുത്തുന്നതിനൊപ്പം രാജ്യത്തിനും മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പിക്കാം.
സൂപ്പര്‍ലീഗ് കേരള: പുതിയൊരു യുഗപ്പിറവി!
കേരളത്തിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ ദേശീയതലത്തിലെ ലീഗുകളിലെ ടീമുകളുടെ സ്പോണ്‍സര്‍മാരായെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പ് മുന്‍കൈ എടുത്ത് ഒരു ഫുട്ബോള്‍ ലീഗിന് തുടക്കമിടുന്നത്. ഗ്രൂപ്പ് മീരാന്‍ കമ്പനിയായ യൂണിഫെഡ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൂപ്പര്‍ ലീഗ് കേരള, ഫുട്ബോള്‍ ലീഗ് എന്നതിലുപരി സംസ്ഥാനത്തെ കായിക മേഖലയില്‍ അങ്ങേയറ്റം സമഗ്രമായ കാഴ്ചപ്പാടോടെ ഒരു കോര്‍പ്പറേറ്റ് ഗ്രൂപ്പ് നടത്തുന്ന ഇടപെടലാണ്.''ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനും കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ നവാസ് മീരാന്‍ ഇക്കാര്യത്തിലെടുത്തിരിക്കുന്നത് അങ്ങേയറ്റത്തെ ധൈര്യപൂര്‍വമായ ചുവടുവെയ്പാണെന്ന് പറയാതെ വയ്യ. സംസ്ഥാനത്തെ കായിക രംഗത്ത് ഉണ്ടാകേണ്ട, എന്നാല്‍ ഇതുവരെ ഇല്ലാതിരുന്ന, സമഗ്രമായ നീക്കമാണ് ഗ്രൂപ്പ് മീരാന്‍ നടത്തിയിരിക്കുന്നത്,'' ടോറസ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും കോണ്‍ഫെഡറേഷന്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ ഇന്‍ഡസ്ട്രിയുടെ കേരള മേധാവിയുമായ ആര്‍. അനില്‍കുമാര്‍ വിലയിരുത്തുന്നു.
സൂപ്പര്‍ ലീഗ് കേരള, എസ്എല്‍കെയുടെ ആദ്യ സീസണില്‍ ആറ് ടീമുകളാണുള്ളത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം ഫ്രാഞ്ചൈസികളുടെ ഉടമകളും സഹ ഉടമകളുമായുള്ളത് പ്രമുഖ ബിസിനസ് സാരഥികളും പൃഥ്വിരാജ് സുകുമാരനെ പോലുള്ള സൂപ്പര്‍ താരങ്ങളുമാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. വാരാന്ത്യങ്ങളില്‍ വൈകിട്ട് നടക്കുന്ന മത്സരത്തിന്റെ ബ്രോഡ്കാസ്റ്റ് പങ്കാളി സ്റ്റാര്‍ സ്പോര്‍ട്സ് ഫസ്റ്റും ഡിസ്നി ഹോട്ട്സ്റ്റാറുമാണ്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ മാസം വരെ നീളുന്ന കായിക മേളയില്‍ 30 ലീഗ് മത്സരങ്ങളും രണ്ട് സെമി ഫൈനലും ഒരു ഫൈനല്‍ മത്സരവുമാണുണ്ടാവുക. ചാംപ്യന്മാര്‍ക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് അരക്കോടി രൂപയും.
മാറ്റം താഴേത്തട്ട് മുതല്‍
കേരളത്തിലെ പ്രതിഭാധനരായ ഫുട്ബോള്‍ കളിക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കുന്നതടക്കം ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു സ്‌കൂള്‍ കുട്ടിക്ക് പോലും കഴിവുകള്‍ തേച്ചുമിനുക്കി ഒരു സൂപ്പര്‍താരമായി വളരാനുള്ള സാഹചര്യം വരെ ഒരുക്കിയാണ് എസ്എല്‍കെ വിഭാവനം ചെയ്തിരിക്കുന്നത്. ''ലീഗിലേക്ക് മികച്ച പ്രതിഭകളെ കണ്ടെത്തി അവരെ വളര്‍ത്തിയെടുക്കാന്‍ വേണ്ടി സ്പാനിഷ് ഫുട്ബോള്‍ മാന്ത്രികന്‍ ആന്ദ്രേ ഇനിയേസ്റ്റയുടെ അക്കാദമിയുമായി ചേര്‍ന്നുള്ള സ്‌കൗട്ടിംഗ് പ്രോഗ്രാമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുന്‍നിര കോച്ചുകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. അതുപോലെ ഓരോ ടീമിലും കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവരെയും വിദേശ കളിക്കാരെയും ഉള്‍പ്പെടുത്താം.കൃത്യമായ പരിശീലനത്തിനൊപ്പം ഒട്ടേറെ മാച്ചുകളില്‍ കളിക്കാനുള്ള അവസരവും ഒത്തുവരുമ്പോള്‍ നമ്മുടെ നാട്ടില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരുടെ വലിയൊരു നിരതന്നെ സൃഷ്ടിക്കപ്പെടും. ഇന്ത്യയിലെയും വിദേശത്തെയും ക്ലബുകള്‍ ഇവരെ സ്വന്തമാക്കാന്‍ മുന്നോട്ട് വരികയും ചെയ്യും,'' ഗ്രൂപ്പ് മീരാന്റെയും സ്‌കോര്‍ലൈന്‍ സ്പോര്‍ട്സിന്റെയും മാനേജിംഗ് ഡയറക്റ്ററായ ഫിറോസ് മീരാന്‍ പറയുന്നു. എസ്എല്‍കെയുടെ 12 വര്‍ഷത്തെ വാണിജ്യാവകാശം സ്വന്തമാക്കിയിരിക്കുന്നത് സ്‌കോര്‍ലൈന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡാണ്.
കേരളത്തിലെ മുന്‍ ദേശീയ, യൂണിവേഴ്സിറ്റി ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 2025 ഓടെ കേരളത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗിനും തുടക്കമിടാനുള്ള ശ്രമത്തിലാണ്. ഇതുമായും സ്‌കോര്‍ലൈന്‍ സഹകരിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്താല്‍ ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം അടക്കമുള്ള കാര്യങ്ങളാണ് സ്റ്റാര്‍ട്ടിംഗ് ഫൈവ് വിഭാവനം ചെയ്തിരിക്കുന്നത്.
വരുന്നു, കോടികളുടെ നിക്ഷേപം
എസ്എല്‍കെ ആദ്യ സീസണില്‍ പ്രത്യക്ഷത്തില്‍ 25 കോടിയും പരോക്ഷമായി മറ്റൊരു 25 കോടിയുടെയും നിക്ഷേപമുണ്ടാകുമെന്നാണ് ലീഗ് സാരഥികള്‍ പറയുന്നത്. എല്ലാ ഫ്രാഞ്ചൈസികളും കൃത്യമായ ബിസിനസ് മോഡലും നിക്ഷേപരീതികളുമായാണ് മുന്നോട്ട് പോകുന്നത്. ''വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപം എസ്എല്‍കെ വഴിയുണ്ടാകും,'' നവാസ് മീരാന്‍ വ്യക്തമാക്കുന്നു.നിലവില്‍ കേരളത്തില്‍ സ്വകാര്യ സംരംഭകര്‍ നിര്‍മിച്ചിരിക്കുന്ന 3000ത്തോളം ടര്‍ഫുകളുണ്ടെന്നാണ് ഏകദേശ കണക്ക്. നല്ലൊരു ടര്‍ഫ് സജ്ജമാക്കാന്‍ സംരംഭകര്‍ 25 ലക്ഷം മുതല്‍ 40 ലക്ഷം വരെയെങ്കിലും ചെലവിട്ടിട്ടുണ്ടാകും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ ആദ്യമായി സ്പോര്‍ട്സ് സമ്മിറ്റ് നടത്തിയത് കേരളമാണ്. ഈ വര്‍ഷമാദ്യം നടന്ന സമ്മിറ്റില്‍ ലക്ഷ്യമിട്ടിരുന്നത് 5,000 കോടിയുടെ നിക്ഷേപമാണ്.
10,000ത്തോളം തൊഴിലവസരങ്ങള്‍ ഇതിലൂടെ കേരളത്തിലെ കായിക ലോകത്ത് സൃഷ്ടിക്കപ്പെടുമെന്ന പ്രത്യാശയും സര്‍ക്കാര്‍ പങ്കുവെച്ചിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ജനസംഖ്യയില്‍ യുവസമൂഹം ചുരുങ്ങിവരുമ്പോള്‍, ഇന്ത്യയിലും കേരളത്തിലും അതല്ല സ്ഥിതി. നമ്മുടെ ജനസംഖ്യയിലെ ബഹുഭൂരിപക്ഷം വരുന്ന യുവസമൂഹത്തിന്റെ ഊര്‍ജവും പ്രതിഭയും കായികമേഖലയിലേക്ക് വഴിതിരിച്ചുവിടുമ്പോള്‍ കേരളത്തിന്റെ കായിക സമ്പദ്വ്യവസ്ഥയില്‍ വലിയൊരു ഉണര്‍വ് തെന്നയുണ്ടാകുെമന്ന ്രപതീക്ഷയാണ് ഈ രംഗത്തുള്ളവര്‍ പങ്കുെവയ്ക്കുന്നത്.
അവസരങ്ങളുടെ പറുദീസ!
കോച്ചുകള്‍, കളിക്കാരുടെ പ്രകടനം വിശകലനം ചെയ്യുന്ന വീഡിയോ അനലിസ്റ്റുകള്‍, കളിക്കാര്‍ക്ക് അനുയോജ്യമായ ഭക്ഷണം ക്രമീകരിച്ചു നല്‍കുന്ന ന്യൂട്രീഷ്യന്‍ സ്പെഷലിസ്റ്റുകള്‍, ഫിസിയോകള്‍ എന്നുവേണ്ട നിരവധി അവസരങ്ങള്‍ ഇനി കേരളത്തിലുണ്ടാകും. തൊഴില്‍, ബിസിനസ് രംഗത്ത് പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ പുതിയ അവസരങ്ങളും തുറന്നുവരും. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവരിലേക്ക് പോലും ഇതിന്റെ ഗുണഫലം എത്തുകയും ചെയ്യുമെന്നതാണ്ന പ്രധാനമായ കാര്യം.കേരള ക്രിക്കറ്റിലും 'കോടിക്കിലുക്കം'
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് ലീഗ് വരുമ്പോള്‍ ആകാംക്ഷയിലാണ് സംസ്ഥാനത്തെ ബിസിനസ് ലോകം. ഐപിഎല്‍ ഹിറ്റായത് പോലെ കോടികള്‍ വാരാന്‍ സാധിച്ചാല്‍ കേരളത്തിലെ സ്‌പോര്‍ട്‌സ് ബിസിനസിന്റെ തലവര മാറ്റും, കേരള ക്രിക്കറ്റ് ലീഗ്. 13 ബിസിനസ് ഗ്രൂപ്പുകളായിരുന്നു കേരള ക്രിക്കറ്റ് ലീഗില്‍ ടീമുകളെ സ്വന്തമാക്കാന്‍ എത്തിയത്. ഇതില്‍ സാമ്പത്തിക മാനദണ്ഡം പാലിച്ചത് ഏഴ് ഗ്രൂപ്പുകളായിരുന്നു. ഇവരില്‍ നിന്ന് കൂടുതല്‍ തുകയുടെ ബിഡ് സമര്‍പ്പിച്ചവര്‍ക്കാണ് ആറ് ടീമുകളുടെ ഫ്രാഞ്ചൈസി ലഭിച്ചത്. നടന്‍ മോഹന്‍ലാല്‍ ആണ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ടീമുകളെ വിറ്റതിലൂടെ ഫ്രാഞ്ചൈസി ഫീസായി കേരള ക്രിക്കറ്റ് അസോസിയേഷന് കിട്ടിയത് 14 കോടി രൂപയാണ്.ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയ തിരുവനന്തപുരം ജില്ലയുടെ ഫ്രാഞ്ചൈസിയുടെ പേര് ട്രിവാന്‍ഡ്രം റോയല്‍സ് എന്നാണ്. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് സ്വന്തമാക്കിയ കൊല്ലം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ഏരീസ് കൊല്ലം സെയ്ലേഴ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.
കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയ ആലപ്പുഴ ജില്ലാ ടീമിന് ആലപ്പി റിപ്പിള്‍സ്, എനിഗ്മാറ്റിക് സ്‌മൈല്‍ റിവാര്‍ഡ്‌സ് സ്വന്തമാക്കിയ എറണാകുളം ജില്ല ടീമിന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയ തൃശ്ശൂര്‍ ജില്ല ടീമിന് തൃശൂര്‍ ടൈറ്റന്‍സ്, ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സ്വന്തമാക്കിയ കോഴിക്കോട് ജില്ല ടീമിന് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
എല്ലാ ടീമുകളും സംഘാടകരും ചേര്‍ന്ന് 100 കോടി രൂപയിലധികം നിക്ഷേപിക്കും. കളിക്കാരുടെ പ്രതിഫലം, ഗ്രൗണ്ട് നവീകരണം, മറ്റ് മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുക. നിശ്ചിത കാലത്തേക്കെങ്കിലും 500ലേറെ പുതിയ തൊഴിലവസരങ്ങള്‍ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സാണ് ലീഗിന്റെ സംപ്രേഷണം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി രണ്ട് കോടിയോളം രൂപ കെസിഎ സ്റ്റാര്‍ ഗ്രൂപ്പിന് നല്‍കണം.
--------------------
സ്പോര്‍ട്സിന് അപാരമായ സാധ്യതകളുണ്ട്. ഒരു വ്യക്തിയുടെ മാനസിക-ശാരീരിക ക്ഷമത ഉയര്‍ത്തുന്നതു മുതല്‍ ഒരു നാടിന്റെ സാമ്പത്തിക ഉന്നമനത്തില്‍ വരെ സ്വാധീനം ചെലുത്താന്‍ ഇതിന് സാധിക്കും. സ്പോര്‍ട്സ് രംഗത്ത് ഒരു സോഷ്യല്‍ എന്റര്‍പ്രൈസ് വിശാലമായ കാഴ്ചപ്പാടോടെ തന്നെയാണ് കെട്ടിപ്പടുത്തിരിക്കുന്നത്. സ്പോര്‍ട്സ് മത്സരങ്ങള്‍ കേരളത്തില്‍ സംഘടിത രൂപത്തോടെ വരുമ്പോള്‍ സൃഷ്ടിക്കപ്പെടുക ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ്.
നവാസ് മീരാന്‍, ചെയര്‍മാന്‍, ഗ്രൂപ്പ് മീരാന്‍, പ്രസിഡന്റ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍
കേരളത്തിലെ ഫുട്ബോള്‍ വികാരത്തിന്റെ മുഖ്യകേന്ദ്രം കോഴിക്കോടാണ്. ശക്തമായ ആരാധകവൃന്ദം ക്ലബുകളുടെ വിജയത്തിന് നിര്‍ണായകഘടകമാണ്. അതുകൊണ്ടാണ് കോഴിക്കോട് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കിയതിന് പിന്നില്‍ നിരവധി ലക്ഷ്യങ്ങളാണുള്ളത്.
വി.കെ. മാത്യൂസ്, എക്സിക്യുട്ടീവ് ചെയര്‍മാന്‍, ഐബിഎസ് സോഫ്റ്റ്വെയര്‍, കോഴിക്കോട് ഫുട്ബോള്‍ ക്ലബ് ഉടമ
വ്യത്യസ്ത മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരാണ് സൂപ്പര്‍ ലീഗ് കേരളയുടെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരിക്കുന്നത്. കായിക-സാമൂഹ്യ രംഗങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ പര്യാപ്തമായ കാഴ്ചപ്പാടും ആശയങ്ങളുമാണ് ഓരോ ഫ്രാഞ്ചൈസി ഉടമകള്‍ക്കുമുള്ളത്. ഇത് കേരളത്തിലെ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിന് സഹായിക്കും. ശക്തമായ ഒരു കായിക സമ്പദ്വ്യവസ്ഥ ഇവിടെയും സൃഷ്ടിക്കപ്പെടും.
ഫിറോസ് മീരാന്‍, മാനേജിംഗ് ഡയറക്റ്റര്‍, സ്‌കോര്‍ലൈന്‍ സ്പോര്‍ട്സ് & മീരാന്‍ ഗ്രൂപ്പ്
ഞങ്ങള്‍ തന്നെ പല ക്ലബുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വേതനമായി ഒന്നര-രണ്ട് കോടി രൂപയൊക്കെ കളിക്കാര്‍ക്ക് ലഭിക്കാന്‍ പറ്റുന്ന വിധത്തിലേക്ക് ക്ലബിനെ വളര്‍ത്തുകയാണ് ലക്ഷ്യം. മലപ്പുറത്ത് ഫുട്ബോള്‍ ഒരു വികാരമാണ്. സ്വന്തമായൊരു സ്റ്റേഡിയം പോലുള്ള കാര്യങ്ങള്‍ ഞങ്ങളുടെ ക്ലബ് ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ സ്പോര്‍ട്സ് അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ നിക്ഷേപം ഇതിലൂടെ വരും.
അജ്മല്‍ വി.എ, ബിസ്മി ഗ്രൂപ്പ്, മലപ്പുറം ഫുട്ബോള്‍ ക്ലബ് ഫ്രാഞ്ചൈസി സഹ ഉടമ