സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 72% ഇടിഞ്ഞു
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 2023ല്‍ കുത്തനെ ഇടിഞ്ഞ് (72% ഇടിവ്) 700 കോടി ഡോളറായി. ഇതോടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ ആഗോളതലത്തില്‍ 4-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു. മുന്‍ വര്‍ഷം ഇത് 2500 കോടി ഡോളറായിരുന്നു. 2016ലെ മൂന്നാം പാദത്തിലെ മോശം പ്രകടനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിക്ഷേപമാണ് 2023ന്റെ നാലാം പാദത്തില്‍ (ഡിസംബര്‍ 5 വരെ) കാണാനാകുന്നതെന്ന് ഗവേഷണ പ്ലാറ്റ്‌ഫോമായ ട്രാക്‌സണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നിരവധി 2023ല്‍ സ്റ്റാര്‍ട്ടപ്പുകളും അടച്ചുപൂട്ടി.
പ്രാരംഭഘട്ട ഫണ്ടിംഗും സീഡ്-സ്റ്റേജ് ഫണ്ടിംഗും യഥാക്രമം 70 ശതമാനം, 60 ശതമാനം എന്നിങ്ങനെ സമാനമായ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ടെക് മേഖലയില്‍ 2023ല്‍ ഇതുവരെ 10 കോടി ഡോളര്‍ മൂല്യമുള്ള 17 ഫണ്ടിംഗ് റൗണ്ടുകള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55 ആയിരുന്നു. ഇതില്‍ 69 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 18 ഐ.പി.ഒകളാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 19 ആയിരുന്നു.
100 കോടി ഡോളറിലധികം മൂല്യത്തോടെ ഫിന്‍ടെക് സ്ഥാപനമായ ഇന്‍ക്രെഡും ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സര്‍വീസ് സെപ്റ്റോയും മാത്രമാണ് 2023ല്‍ ഇതുവരെ സൃഷ്ടിച്ച രണ്ട് യൂണികോണുകള്‍. 2022ല്‍ സൃഷ്ടിക്കപ്പെട്ട 23 യൂണികോണുകളാണുണ്ടായിരുന്നത്. ഉഡാന്‍, എഡ്ടെക് സ്ഥാപനമായ ബൈജൂസ്, ക്വിക്ക് കൊമേഴ്സ് കമ്പനിയായ ഡണ്‍സോ തുടങ്ങിയ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നോട്ട് പോകാന്‍ വളരെ പ്രയാസമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബൈജൂസും ഡണ്‍സോയും ശമ്പളം വൈകിപ്പിക്കുകയും നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.