വീട് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്! സ്റ്റീല്‍ കമ്പിവില ഇനിയും ഉയരുമെന്ന് നിര്‍മാതാക്കള്‍; കാരണമിതാണ്
വീട് നിര്‍മാണത്തിനും വാഹനം സ്വന്തമാക്കാനും മാത്രമല്ല റഫ്രിജിറേറ്ററും ടിവിയും എസിയും വാങ്ങുന്ന സാധാരണക്കാരും ഇനി വലിയ വില കൊടുക്കേണ്ടി വരും. സ്റ്റീല്‍ വില വര്‍ധനവ് നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം.
വീട് വയ്ക്കുന്നവര്‍ക്കും ഫ്‌ളാറ്റ് വാങ്ങാനൊരുങ്ങുന്നവര്‍ക്കും ഇനി വലിയൊരു തുക തന്നെ കൂടുതലായി ചെലവാക്കേണ്ടി വരും. സ്റ്റീല്‍ വില ഉയര്‍ന്നതാണ് ഇപ്പോള്‍ നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. വീട് വാങ്ങുന്നവര്‍ക്ക് മാത്രമല്ല ടിവിയും റഫ്രിജിറേറ്ററും എസിയും ഉള്‍പ്പെടെ വീട്ടുപകരണങ്ങളും വാഹനങ്ങളും സ്വന്തമാക്കുന്നവര്‍ക്കുമെല്ലാം അധികവിലയാണ് സമീപ ഭാവിയില്‍ നല്‍കേണ്ടി വരുക.
ഈ ഏപ്രില്‍ വരെ 10 മുതല്‍ 20 ശതമാനം വരെയാണ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നിട്ടുള്ളത്. ഇരുമ്പ് അയിരിന്റെ വില വര്‍ധനവും വാഹനമേഖലയില്‍ നിന്നുള്ള ശക്തമായ ആവശ്യവുമാണ് ഒരു കാരണമായി നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
വില വര്‍ധിപ്പിക്കാതിരുന്ന പല സ്റ്റീല്‍ നിര്‍മാതാക്കളും ഏപ്രിലില്‍ വില ഉയര്‍ത്തിയെങ്കിലും നിരക്കുകള്‍ ഇപ്പോഴും അന്താരാഷ്ട്ര വിലയേക്കാള്‍ കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വില വര്‍ധനവ് വളരെ പെട്ടെന്നുണ്ടായതല്ല. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിനു പുറമെ പാസഞ്ചര്‍ വാഹന വിപണി മെച്ചപ്പെട്ടതും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വന്നതുമെല്ലാം ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി നിരക്കുകള്‍ ഉയര്‍ന്നതും ആഭ്യന്തര ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മേഖലയിലെ ചിലര്‍ വ്യക്തമാക്കുന്നു.
വര്‍ധനവ് 20 ശതമാനം
കോവിഡിന് മുമ്പ് വാര്‍ക്ക കമ്പനികള്‍ ടണ്ണിന് 52500 രൂപയായിരുന്നെങ്കില്‍ ഇപ്പോളത് 63000 ആണ്. 20 ശതമാനം വരെയാണ് വര്‍ധനവ് വന്നിട്ടുള്ളത്. ഉല്‍പ്പാദനവും വിപണനവും വലിയ തോതില്‍ ചെയ്യുന്നവര്‍ക്ക് ആഭ്യന്തര വിപണിവില ഒരുപരിധി വരെ ഉയര്‍ത്തേണ്ടി വന്നേക്കില്ല.
എന്നാല്‍ നിര്‍മാണരംഗത്തെ തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്കുംഅസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും ലഭ്യതക്കുറവും വില വര്‍ധിപ്പിക്കാതെ തരമില്ല എന്ന സ്ഥിതിയിലാക്കിയതായി പീകെ സ്റ്റീല്‍സ് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ കെ ഇ ഷാനവാസ് അഭിപ്രായപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണുകളും വിദേശവിപണിയിലെ ഡിമാന്‍ഡിനെയും വലച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു.
'റിയല്‍ എസ്റ്റേറ്റ് രംഗത്തിന് കമ്പിവില വര്‍ധനവ് തലവേദനയായേക്കും. വാഹനവിപണിയില്‍ ഇപ്പോള്‍ തന്നെ അഞ്ച് ശതമാനം വില വര്‍ധനവ് പ്രകടമാണ്. ഇത് ഇനിയും ഉയര്‍ന്നേക്കാനാണിട.'' കോവിഡ് ആഘാതത്തില്‍ നിന്ന് പതിയെ രക്ഷപ്പെട്ട് വരുന്ന ഓട്ടോമൊബൈല്‍ രംഗത്തും വൈറ്റ്ഗുഡ്‌സ് മേഖലയിലുമെല്ലാം സ്റ്റീല്‍ വിലക്കയറ്റം വരും നാളുകളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
20 ശതമാനം വരെയുള്ള വില വര്‍ധനവ് ഇനിയും മുകളിലേക്ക് പോകുമോ എന്നതും അറിയില്ലെന്നാണ് ജെഎസ്ഡബ്ല്യുവിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ഏപ്രിലില്‍ കമ്പി വില ടണ്ണിന് 4000 രൂപയോളം വര്‍ധിപ്പിക്കേണ്ടി വന്നതായും അദ്ദേഹം പ്രതികരിച്ചു.