കോടതി അലക്ഷ്യം: വിജയ് മല്യയ്ക്ക് നാല് മാസം തടവും പിഴയും വിധിച്ച് സുപ്രീംകോടതി
ശിക്ഷ വിധിക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം
അഞ്ച് വര്‍ഷം മുമ്പ് നടന്ന കോടതിയലക്ഷ്യത്തിന്(Contempt of Court) വിജയ് മല്യയ്ക്ക് ശിക്ഷ. ബാങ്ക് വായ്പാ കുടിശ്ശിക കേസില്‍ പ്രതിയായ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് സ്ഥാപകന്‍ വിജയ് മല്യയുടെ 2017ലെ കോടതിയലക്ഷ്യ കേസിനാണ് ഇപ്പോള്‍ വിധി വന്നിട്ടുള്ളത്. വിജയ് മല്യക്ക് 4 മാസത്തെ തടവും 2000 രൂപ പിഴയുമാണ് സുപ്രീം കോടതി വിധിച്ചത്.
കോടതിയലക്ഷ്യത്തിന് താന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടികളില്‍ മല്യ പശ്ചാത്തപിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ കേസില്‍ ആണ് വിധി. സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് മല്യ തന്റെ മക്കള്‍ക്ക് 40 മില്യണ്‍ യുഎസ് ഡോളര്‍ കൈമാറിയത് കോടതി ഉത്തരവ് ലംഘിച്ചാണ് എന്നും ഇതിന് കോടതിയലക്ഷ്യ കേസ് നിലനിന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 9,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക കേസില്‍ പ്രതിയായ വിജയ് മല്യ കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചെന്നും കോടതിയലക്ഷ്യ കേസില്‍ റിപ്പോര്‍ട്ട് ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ കേസുകള്‍ ഉണ്ടായിട്ടും മുങ്ങി നടക്കുന്ന മല്യ സ്ഥിരമായി കോടതിയില്‍ ഹാജരാകാത്തത് നേരത്തെ തന്നെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മല്യയുടെ അഭിഭാഷകന്‍ മുഖേന രേഖാമൂലമുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കലിന് അവസരമുണ്ടായിട്ടും മല്യ അത് നടത്തിയിട്ടുമില്ല. ഇതിനെത്തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ കോടതി മല്യയുടെ കേസിന്റെ ഉത്തരവുകള്‍ മാറ്റിവയ്ക്കുകയായിരുന്നു.