206 കോടിയുടെ വിലപേശലിന് ഒരുങ്ങി കൊച്ചി; ഐപിഎല്‍ മിനി ലേലം നാളെ

മിനി ലേലത്തിനായി ഏറ്റവും ഉയര്‍ന്ന തുക പോക്കറ്റിലുള്ള ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ്. 42.25 കോടി രൂപയാണ് ഹൈദരാബാദിന് മുടക്കാനാവുക. രണ്ട് കോടി രൂപയാണ് മിനി ലേലത്തിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില

Update:2022-12-22 16:48 IST

2023ലെ ഐപിഎല്ലിന് മുന്നോടിയായുള്ള മിനി ലേലം ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കുകയാണ്. ഐപിഎല്‍ ലേലത്തിന് കേരളം ആദ്യമായാണ് വേദിയാവുന്നത്. 2018 മുതല്‍ ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്‌സ് കൊച്ചിയിലെത്തി. ഗ്രാന്‍ഡ് ഹയാത്തിലാണ് ലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതലാണ് ലേല നടപടികള്‍ തുടങ്ങുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ടിവിയിലും ലേലം തത്സമയം കാണാം.

എന്തുകൊണ്ട് മിനി ലേലം

ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴുമാണ് മെഗാ ലേലം നടക്കുന്നത്. ഇതിനിടയിലുള്ള വര്‍ഷങ്ങളില്‍ ആവശ്യമുള്ള കളിക്കാരെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള അവസരമാണ് മിനി ലേലത്തിലൂടെ ലഭിക്കുക. ഇത്തവണ 95 കോടിരൂപയാണ് ഓരോ ടീമുകള്‍ക്കും താരങ്ങള്‍ക്കായി മുടക്കാനാവുക. അതില്‍ ടീമുകള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ശമ്പളം കുറച്ചതിന് ശേഷമുള്ള തുക മാത്രമേ മിനി ലേലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കൂ.


മിനി ലേലത്തിനായി ഏറ്റവും ഉയര്‍ന്ന തുക പോക്കറ്റിലുള്ള ടീം (42.25 കോടി) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ്. 17 താരങ്ങളെയാണ് സണ്‍റൈസേഴ്‌സിന് ആവശ്യമുള്ളത്. ഓരോ ടീമിലും 25 കളിക്കാര്‍ വേണമെന്നതാണ് നിയമം. 32 കോടി കൈവശമുള്ള പഞ്ചാബ് കിംഗ്‌സ് ആണ് ഹൈദരബാദിന് പിന്നില്‍. 12 കളിക്കാരുടെ ഒഴിവാണ് ടീമിലുള്ളത്.

ലക്‌നൗ സൂപ്പര്‍ ജയിന്റ്‌സ് - 23.35 കോടി ( വേണ്ട കളിക്കാര്‍-14), മുംബൈ ഇന്ത്യന്‍സ് -20.45 കോടി ( 12), ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- 20.45 (7), ഡല്‍ഹി ക്യാപിറ്റല്‍സ്-19.45 (7 പേര്‍), ഗുജറാത്ത് ടൈറ്റന്‍സ്- 19.25 കോടി (10), രാജസ്ഥാന്‍ റോയല്‍സ് -13.20 കോടി (9), ആര്‍സിബി-8.75 (13), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 7.05 കോടി (14) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ക്ക് ചെവഴിക്കാനാവുന്ന തുകയും വേണ്ട കളിക്കാരുടെ എണ്ണവും.

ചെലവഴിക്കുന്നത് 206 കോടി

എല്ലാ ടീമുകള്‍ക്കും ചേര്‍ന്ന് ചെലവഴിക്കാനാവുന്ന ആകെ തുക 206 കോടി രൂപയാണ്. ലേല സമയത്ത് താരങ്ങള്‍ക്ക് ലഭിക്കുന്ന തുക, നികുതി കിഴിച്ച് ആ വര്‍ഷത്തെ ശമ്പളമായി ലഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ താരങ്ങളുടെ കരാര്‍ പുതുക്കാം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 405 കളിക്കാരാണ് ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നത്. അതില്‍ 273 പേരും ഇന്ത്യന്‍ താരങ്ങളാണ്. ആകെ 87 താരങ്ങള്‍ക്കാണ് ഇത്തവണത്തെ മിനി ലേലത്തില്‍ അവസരം ലഭിക്കു. ഈ 87 പേരില്‍ 30 പേര്‍വരെ വിദേശ താരങ്ങളായിരിക്കും.

405 കളിക്കാരാണ് ലേലത്തിലുള്ളത്. അതില്‍ 273ഉം ഇന്ത്യന്‍ താരങ്ങളാണ്. 87 താരങ്ങള്‍ക്കാണ് അവസരം . അതില്‍ 30 പേര്‍ വിദേശ താരങ്ങളാവും. രണ്ട് കോടി രൂപയാണ് മിനി ലേലത്തിലെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 21 കളിക്കാര്‍ക്കാണ് 2 കോടി രൂപ അടിസ്ഥാന വില ഇട്ടിരിക്കുന്നത്. 1.5 കോടി അടിസ്ഥാന വിലയുള്ള 10 താരങ്ങളും ഒരു കോടി അടിസ്ഥാന വിലയുള്ള 24 പേരും മിനി ലേലത്തിലുണ്ട്. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍ ,കെ.എം ആസിഫ്, എസ് മിഥുന്‍ സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്,ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിദ് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. 

Tags:    

Similar News