അഗ്നിപഥില്‍ നിലപാട് വ്യക്തമാക്കി ബിസിനസ് പ്രമുഖര്‍, എന്‍ ചന്ദ്രശേഖരന്‍ പറയുന്നതിങ്ങനെ

ഇന്നലെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും അഗ്നിപഥില്‍ തന്റെ നിലപാടുമായി രംഗത്തെത്തിയിരുന്നു

Update: 2022-06-21 09:31 GMT

രാജ്യത്ത് അഗ്നിപഥുമായി (Agnipath) ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി കൂടുതല്‍ ബിസിനസ് പ്രമുഖര്‍ രംഗത്ത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഗ്നിപഥിനെ പിന്തുണച്ച് തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ടാറ്റ സണ്‍സ് (Tata sons) ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനും രംഗത്തെത്തി. യുവാക്കള്‍ക്ക് പ്രതിരോധ സേനയില്‍ സേവനമനുഷ്ഠിക്കാനുള്ള അവസരത്തിന് പുറമെ, ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വ്യവസായത്തിന് വളരെ അച്ചടക്കമുള്ള പരിശീലനം ലഭിച്ച തൊഴിലാളികളെ അഗ്നിപഥിലൂടെ ലഭ്യമാകുമെന്നാണ് എന്‍ ചന്ദ്രശേഖരന്‍ തന്റെ പിന്തുണയിലൂടെ വ്യക്തമാക്കിയത്.

ആനന്ദ് മഹീന്ദ്രയ്ക്ക് പുറമെ ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍-ഷാ, അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സംഗീത റെഡ്ഡി തുടങ്ങിയവര്‍ അഗ്നിപഥിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

'അഗ്‌നിപഥ് യുവാക്കള്‍ക്ക് രാജ്യത്തിന്റെ പ്രതിരോധ സേനയെ സേവിക്കാനുള്ള മികച്ച അവസരം മാത്രമല്ല, ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വ്യവസായത്തിന് വളരെ അച്ചടക്കമുള്ള പരിശീലനം ലഭിച്ച യുവാക്കളെ ലഭ്യമാക്കും,' ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ടാറ്റ ഗ്രൂപ്പിലെ ഞങ്ങള്‍ അഗ്‌നിവീറിന്റെ സാധ്യതകള്‍ തിരിച്ചറിയുകയും ഇത് പ്രതിനിധീകരിക്കുന്ന അവസരത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് അഗ്നിപഥ് ?

രാജ്യത്തെ സായുധ സേനാ രംഗത്തെ നിയമന രീതി പൊളിച്ചെഴുതുന്നതാണ് അഗ്നിപഥ്. നേരത്തെയുണ്ടായിരുന്ന നിയമന രീതിയില്‍നിന്ന് മാറി പതിനേഴര വയ്സ് മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ സൈന്യത്തില്‍ ചേരാവുന്നതാണ്. പ്രായപരിധി പ്രതിഷേധത്തെ തുടര്‍ന്ന് 23 വയസാക്കി ഉയര്‍ത്തിയിട്ടുണ്ട്.

നാല് വര്‍ഷത്തിന് ശേഷം മികവ് തെളിയിക്കുന്ന 25 ശതമാനം പേര്‍ക്ക് മാത്രമേ സൈന്യത്തില്‍ തുടരാന്‍ സാധിക്കുകയുള്ളൂ. ബാക്കി 75 ശതമാനം പേര്‍ ജോലിയില്‍നിന്ന് ഒഴിവാക്കപ്പെടും. ഇവര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. തുടക്കത്തില്‍ 30,000 രൂപയും അവസാനത്തില്‍ 40,000 രൂപയുമാണ് പദ്ധതിയിലൂടെ ശമ്പളമായി ലഭിക്കുക.

ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി പ്രോഗ്രമിലേക്ക് മാറ്റിവയ്ക്കും. ഇതുവഴി നാല് വര്‍ഷം കഴിഞ്ഞ് ജോലിയില്‍നിന്ന് ഒഴിവാകുമ്പോള്‍ പതിനൊന്നര ലക്ഷം രൂപ ഒരാള്‍ക്ക് ലഭിക്കും.

Tags:    

Similar News