എ.ആര്‍ റഹ്മാന്‍ പാടുന്നു, കമല ഹാരിസിന് വേണ്ടി; ലക്ഷ്യം ഏഷ്യാ-പസഫിക് വോട്ടുകള്‍
ടീസര്‍ പുറത്തിറങ്ങി, നാളെ മുതല്‍ സംപ്രേഷണം
പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. വിഖ്യാത ഇന്ത്യന്‍ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍ മ്യൂസിക് ആല്‍ബവുമായി വരും. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന് വേണ്ടിയുള്ള റഹ്മാന്റെ ആൽബം നാളെ പുറത്തിറങ്ങും. റഹ്മാന്റെ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം അദ്ദേഹം കമലക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന രംഗങ്ങളും ആല്‍ബത്തില്‍ ഉണ്ടാകും. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള എഷ്യാ-പസഫിക് സമുദായ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ഡെമാക്രാറ്റ് പാര്‍ട്ടി കാമ്പയിനുകളുടെ ഭാഗമാണ് റഹ്മാന്റെ ആല്‍ബവും. 30 മിനിട്ട് ദൈര്‍ഘ്യമുള്ള ആല്‍ബത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ടീസര്‍ പുറത്തിറങ്ങി
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐലന്റേഴ്‌സ് വിക്ടറി ഫണ്ടിന്റെ (AAPI Victory Fund) ഭാഗമായാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ആല്‍ബത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നാളെ വിക്ടറി ഫണ്ടിന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം തുടങ്ങും. തുടര്‍ന്ന് എഷ്യന്‍ രാജ്യങ്ങളിലെ പ്രധാന ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളിലും പ്രദര്‍ശിപ്പിക്കും.എ.ആര്‍. റഹ്മാനോടൊപ്പം അമേരിക്കയിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രമുഖ ഇന്ത്യക്കാര്‍ സന്ദേശങ്ങൾ നൽകുന്നുണ്ട്. വിക്ടറി ഫണ്ട് ചെയര്‍മാന്‍ ശേഖര്‍ നരസിംഹന്‍ ആണ് കോഓഡിനേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.
എഷ്യാ-പസഫിക് വോട്ട് ബാങ്ക്
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ പ്രധാന സ്വാധീന ശക്തിയാണ് ഏഷ്യാ അമേരിക്കന്‍-പസഫിക് ഐലന്റേഴ്‌സ് വിഭാഗം. അമേരിക്കയില്‍ അതിവേഗം വളരുന്ന വിഭാഗമാണ് ഏഷ്യക്കാര്‍. 2000 മുതല്‍ 2019 വരെയുള്ള കാലത്ത് ഏഷ്യക്കാരുടെ ജനസംഖ്യയില്‍ 81 ശതമാനം വര്‍ധനയുണ്ടായി. 2060 ആകുമ്പോള്‍ 3.5 കോടി ജനസംഖ്യയാണ് പ്രതീക്ഷിക്കുന്നത്. പസഫിക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതേ കാലയളവില്‍ 61 ശതമാനം വര്‍ധിച്ചു. 2030 ല്‍ ഇവരുടെ ജനസംഖ്യ 20 ലക്ഷത്തില്‍ കൂടുതലാകും. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ടെക്‌സസ്, ഹവായ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എഷ്യാ-പസഫിക് വോട്ടുകള്‍ നിര്‍ണ്ണായകമാണ്.