ബഹിരാകാശത്തേക്ക് ടൂര്‍ പോകണോ? ആദ്യ സീറ്റിന് വില 20 കോടി കടന്നു

ടിക്കറ്റിനുള്ള ലേലം ജൂണ്‍ 12നാണ് അവസാനിക്കുക

Update: 2021-05-21 06:15 GMT

ബഹിരാകാശത്തേക്ക് യാത്ര പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. വിനോദസഞ്ചാരിയായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടു പോകാനുള്ള ശ്രമവും നാളെറെയായി നടക്കുന്നു. ഇപ്പോഴിതാ, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ എന്ന എയ്‌റോ സ്‌പേസ് കമ്പനി യാത്രയ്ക്കുള്ള ആദ്യ ടിക്കറ്റ് വില്‍ക്കാന്‍ തയാറെടുക്കുന്നു. ആരാദ്യം എന്നത് വലിയൊരു ആകാംക്ഷ നിറയ്ക്കുമ്പോള്‍ കൂടുതല്‍ പണം തരുന്നവര്‍ക്ക് ആദ്യ അവസരം എന്നതാണ് ബ്ലൂ ഒറിജിന്റെ നയം. ടിക്കറ്റ് ലേലത്തിന് വെച്ചപ്പോള്‍ ഇപ്പോള്‍ തന്നെ 2.8 ദശലക്ഷം ഡോളര്‍ (ഏകദേശം 20.5 കോടി രൂപ) വരെയെത്തി വില. ജൂണ്‍ 12 വരെ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. അതു കഴിഞ്ഞേ യഥാര്‍ത്ഥ വില എത്രയെന്ന് അറിയാനാവൂ. ബഹിരാകാശത്തെത്തുന്ന ആദ്യ വിനോദ സഞ്ചാരിയെന്ന നേട്ടം കൈവരിക്കാന്‍ കോടീശ്വരന്മാരുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. മേയ് 19നാണ് ലേലം ആരംഭിച്ചത്. ആദ്യത്തെ ഏതാനും മണിക്കൂറുകള്‍ കൊണ്ടു തന്നെ വില 2.4 ദശലക്ഷം ഡോളറായും പിന്നീട് 2.6 ദശലക്ഷം ഡോളറായും ഉയര്‍ന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 2.8 ദശലക്ഷം ഡോളറിലെത്തി നില്‍ക്കുന്നു.

ഇനിയും 20 ദിവസങ്ങള്‍ കൂടി ശേഷിക്കേ വില എത്രയാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.
ടിക്കറ്റ് ലഭിക്കുന്നയാള്‍ക്ക് ജൂലൈ 20ന് പറന്നുയരുന്ന സ്‌പേസ് ക്രാഫ്റ്റില്‍ മറ്റു ആറു പേര്‍ക്കൊപ്പം യാത്ര ചെയ്യാം. ടെക്‌സാസിലെ ബ്ലൂ ഒറിജിന്‍ സ്‌പേസ്‌പോര്‍ട്ടില്‍ നിന്നാണ് വിക്ഷേപണം. ഭൂമിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ഉയരത്തില്‍ കാര്‍മന്‍ ലൈനില്‍ എത്തിയ ശേഷം തിരിച്ച് ഭൂമിയിലേക്ക് തിരിക്കും. ഇതിനിടയില്‍ ബഹിരാകാശത്തെ ഭാരക്കുറവ് അനുഭവച്ചറിയാം.
ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വര്‍ജിന്‍ ഗലക്ടിക് എന്ന കമ്പനിയും സ്‌പേസ് ടൂറിസം സര്‍വീസിന് തയാറെടുക്കുന്നുണ്ട്. ഏകദേശം 1.80 കോടി രൂപയാണ് (2.5 ലക്ഷം ഡോളര്‍) ആദ്യ ടിക്കറ്റിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ എന്ന് യാത്ര സാധ്യമാകുമെന്ന് അറിവായിട്ടില്ല. ആദ്യ ടിക്കറ്റ് ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനമെങ്കിലും പിന്നീടുള്ള സര്‍വീസുകള്‍ക്ക് മത്സരക്ഷമമായ നിരക്ക് മാത്രമേ ഈടാക്കൂവെന്നാണ് ബ്ലൂ ഒറിജിന്‍ പറയുന്നത്.


Tags:    

Similar News