ലണ്ടനില്‍ 'അഡാര്‍' ബംഗ്ലാവ് സ്വന്തമാക്കി അദാര്‍ പൂനാവാല; വില ₹1,450 കോടി!

ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഏറ്റവും ചെലവേറിയ ഭവന വില്‍പ്പനയാണിത്

Update:2023-12-13 14:35 IST

Image courtesy: canva

ലണ്ടനിലെ മേഫെയറില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ബംഗ്ലാവ് 1,446 കോടി രൂപയ്ക്ക് (138 മില്ല്യണ്‍ പൗണ്ട്) സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാല. ലണ്ടനിലെ പ്രശസ്തമായ ഹൈഡ് പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന അബെര്‍കോണ്‍വേ ഹൗസാണ് അദ്ദേഹം വാങ്ങിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും ചെലവേറിയ ഭവന വില്‍പ്പന

ഈ വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഏറ്റവും ചെലവേറിയ ഭവന വില്‍പ്പനയാണിത്. മാത്രമല്ല ലണ്ടനില്‍ ഇതുവരെ വിറ്റുപോയ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയാണ് 1920 നിര്‍മിച്ച അബര്‍കോണ്‍വേ ഹൗസ്. അന്തരിച്ച പോളിഷ് വ്യവസായി ജാന്‍ കുല്‍സിക്കിന്റെ മകള്‍ ഡൊമിനിക കുല്‍സിക്കാണ് അദാര്‍ പൂനാവാലയ്ക്ക് ഈ വീട് വിറ്റഴിച്ചത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കും

പൂനാവാല കുടുംബത്തിന്റെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ബ്രിട്ടീഷ് ഉപസ്ഥാപനമായ സെറം ലൈഫ് സയന്‍സസാണ് ഈ ബംഗ്ലാവ് ഏറ്റെടുക്കുന്നത്. കോവിഡ് സമയത്ത് അസ്ട്രസെനെക്കയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത സെറം കോവിഷീല്‍ഡ് വാക്‌സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മ്മിച്ചത്.

ആഡംബര ബംഗ്ലാവ് വാങ്ങിയവര്‍

വിദേശത്ത് അടുത്തിടെ ആഡംബര ബംഗ്ലാവ് വാങ്ങിയ ഇന്ത്യക്കാരില്‍ ഒരാളാണ് ഓസ്വാള്‍ ഗ്രൂപ്പ് ഗ്ലോബലിന്റെ സി.ഇ.ഒയായ പങ്കജ് ഓസ്വാള്‍. 1,649 കോടി രൂപയ്ക്ക് ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളില്‍ ഒന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അദ്ദേഹം സ്വന്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനി യു.കെയില്‍ സ്റ്റോക്ക് പാര്‍ക്ക് എന്ന ആഡംബര മാളിക സ്വന്തമാക്കിയിരുന്നു. എസ്സാര്‍ ഗ്രൂപ്പിന്റെ ഉടമ രവി റൂയ 1,200 കോടി രൂപയ്ക്ക് അടുത്തിടെ ലണ്ടനില്‍ ആഡംബര ബംഗ്ലാവ് വാങ്ങിയിരുന്നു. ലണ്ടനിലെ കെന്‍സിംഗ്ടണ്‍ പാലസ് ഗാര്‍ഡന്‍സില്‍ ലക്ഷ്മി മിത്തലിനുമുണ്ടൊരു ആഡംബര ഭവനം.

Tags:    

Similar News