കടുവകളുടെ കൂട്ടമരണം; പിന്നില്‍ അവയവ മാഫിയ, അന്വേഷണം ഇവിടെ വരെ...

'പുലിനഖ'ത്തിന് വില അഞ്ചു ലക്ഷം വരെ;

Update:2024-08-06 16:12 IST

മധ്യപ്രദേശിലെ വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ കൂട്ടമരണത്തിന് കാരണമെന്താണ് ? 43 കടുവകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍, മൃഗങ്ങളുടെ അവയവങ്ങള്‍ വില്‍പ്പന നടത്തുന്ന മാഫിയാ സംഘങ്ങളുടെ നേര്‍ക്കാണ് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത്. അവയവ വില്‍പ്പനക്ക് കര്‍ശന നിയമനിരോധനമുണ്ടെങ്കിലും ലക്ഷങ്ങള്‍ മറിയുന്ന ഇടപാടുകളാണ് നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. കടുവകളുടെ തോല്‍, നഖം, വാല്‍, തലയോട്ടി തുടങ്ങിയ അനധികൃതമായി വിദേശരാജ്യങ്ങളിലേക്ക് കടത്തി കൊണ്ടു പോകുന്ന സംഘങ്ങളെ നേരത്തെ വിവിധ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയിരുന്നു.

മരണകാരണം അവ്യക്തം

മധ്യപ്രദേശിലെ ബന്ദാവ്ഗര്‍ കടുവാ സങ്കേതം, ശാദോള്‍ ഫോറസ്റ്റ് സര്‍ക്കിള്‍ എന്നിവിടങ്ങളിലാണ് രണ്ടു വര്‍ഷത്തിനിടെ 43 കടുകളെ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. നേരത്തെ സംസ്ഥാന വനം വകുപ്പിന്റെ അന്വേഷണം നടന്നിരുന്നു. എന്നാല്‍ ഈ അന്വേഷണം പൂര്‍ണ്ണമല്ലെന്ന പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിന്റെ അന്വേഷണത്തിലാണ് രണ്ട് സ്ഥലങ്ങളിലും കടുവകളുടെ വേട്ടയാണ് നടന്നിട്ടുള്ളതെന്ന സംശയം ശക്തമായത്. നേരത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കടുവകളുടെ മരണം വൈദ്യുതാഘാതമേറ്റും പരസ്പരം കടിപിടി കൂടിയും അസുഖം മുലവുമാണെന്നുമായിരുന്നു കണ്ടെത്തല്‍. എന്നാല്‍ വേട്ടക്കാരുടെ പങ്കിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്.

'പുലിനഖ'ത്തിന് വില അഞ്ചു ലക്ഷം രൂപ വരെ

കൊല്ലപ്പെട്ട കടുവകളുടെ അവയവങ്ങള്‍ പലതും നഷ്ടപ്പെട്ടിരുന്നെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ കണ്ടെത്തി. നഖങ്ങള്‍, പാദങ്ങള്‍, തലയോട്ടികള്‍, വാലുകള്‍, തോലുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളുടെ അവയവങ്ങള്‍ വില്‍ക്കുന്നത് ഇന്ത്യയില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ വ്യാപകമായി ഇവയുടെ കള്ളക്കടത്ത് നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ പുലി നഖത്തിന് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വിലയുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പുലി നഖമെന്ന പേരില്‍ കടുവകളുടെ നഖവും വില്‍പ്പന നടക്കുന്നുണ്ട്. എഷ്യന്‍ രാജ്യങ്ങളില്‍ കള്ളക്കടത്തിനായി കടുവകളെ വ്യാപകമായി കൊന്നൊടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2010 വരെയുള്ള കണക്കുകള്‍ പ്രകാരം പത്തുവര്‍ഷത്തിനിടയില്‍ 1220 കടുവകളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ശരീരഭാഗങ്ങള്‍ പല ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തിരുന്നു. 1300 ലേറെ കടുവാ പാദങ്ങളാണ് ഈ കാലയളവില്‍ കണ്ടെടുത്തത്. നഖങ്ങള്‍ എടുക്കുന്നതിനാണ് പാദമുള്‍പ്പടെ മുറിച്ചെടുത്തതെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കടുവകളുടെ തലയോട്ടികള്‍, തോല്‍, വാല്‍, താടിയെല്ലുകള്‍ തുടങ്ങി വിവിധ അവയവങ്ങളും കള്ളക്കടത്തുകാരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. മധ്യപ്രദേശില്‍ 43 കേസുകളിലായി ഇതുവരെ അഞ്ചു കേസുകളിലാണ് പ്രതികളെ പിടികൂടാനായിട്ടുള്ളത്.

Tags:    

Similar News