നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 22

Update: 2019-03-22 04:59 GMT

1. ജെറ്റ് ബോർഡ് അംഗത്വം ഗോയൽ ഒഴിയണമെന്ന് എസ്ബിഐ

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലും ഭാര്യയും മറ്റ് രണ്ട് ഡയറക്ടർമാരും ബോർഡ് അംഗത്വം ഒഴിയണമെന്ന് കമ്പനിയുടെ [പ്രധാന വായ്പാ ദാതാവായ എസ്ബിഐ. എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യമാണ് എയർലൈനിന്റെ റെസ്ക്യൂ പ്ലാൻ തയ്യാറാക്കുന്നത്. അതേസമയം, ജെറ്റിലുള്ള തങ്ങളുടെ 24 ശതമാനം ഓഹരി കൈമാറാനുള്ള എത്തിഹാദിന്റെ ഓഫറിനെക്കുറിച്ച് എസ്ബിഐ പ്രതികരിച്ചിട്ടില്ല.

2. ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും ഇനി ഡിസ്‌നിക്ക് സ്വന്തം

ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും ഉൾപ്പെടെയുള്ള സ്റ്റാർ ഇന്ത്യയുടെ മീഡിയ ബിസിനസ് ഇനി ഡിസ്‌നിക്ക് സ്വന്തം. ബുധനാഴ്ച്ചയാണ് റൂപർട്ട് മർഡോക്കിന്റെ 21st സെഞ്ച്വറി ഫോക്സിന്റെ ഏറ്റെടുക്കൽ വാൾട്ട് ഡിസ്‌നി പൂർത്തിയാക്കിയത്. 71 ബില്യൺ ഡോളറിനാണ് ഡീൽ. ഇതോടെ ഫോക്സിന്റെ ഭാഗമായ സ്റ്റാർ ഇന്ത്യയും ഡിസ്‌നിയുടെ കീഴിലായി. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഹോട്ട്സ്റ്റാർ, ഏഷ്യാനെറ്റ്, ടാറ്റ സ്കൈ എന്നിവയും ഈ ഡീലിലൂടെ ഡിസ്‌നിയുടെ കൈകളിലെത്തി.

3. മൈൻഡ്ട്രീ ബോർഡ് മാർച്ച് 26ന് യോഗം ചേരും

ഓഹരി തിരിച്ചുവാങ്ങൽ സംബദ്ധമായ തീരുമാനമെടുക്കുന്നത് ബുധനാഴ്ച്ച ചേർന്ന മൈൻഡ്ട്രീ ബോർഡ് മാറ്റിവെച്ചു. മാർച്ച് 26നാണ് അടുത്ത യോഗം. 10,800 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം എൽ&ടി അറിയിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനെ എതിർക്കുമെന്നാണ് മൈൻഡ്ട്രീ സ്ഥാപകരുടെ നിലപാട്.

4. സെവൻ-ഇലവൻ സിഇഒ ആയി ഹർദീപ് സിങ്ങിനെ നിയമിച്ചു

സെവൻ-ഇലവൻ റീറ്റെയ്ൽ ചെയിനിന്റെ ഇന്ത്യ സിഇഒ ആയി ഹർദീപ് സിങ്ങിനെ ഫ്യൂച്വർ ഗ്രൂപ്പ് നിയമിച്ചു. സെവൻ ഇലവനെ ഇന്ത്യയിലെ മാസ്റ്റർ ഫ്രാൻഞ്ചൈസിയാണ് ഫ്യൂച്വർ ഗ്രൂപ്പ്. കഴിഞ്ഞ വർഷം ഫ്യൂച്വർ ഗ്രൂപ്പ് ഏറ്റെടുത്ത വൾകൻ എക്സ്പ്രസ്സിന്റെ സ്ഥാപകനാണ് ഹർദീപ് ഗ്രൂപ്പ്.

5. 2019 ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റുമായി ബിജെപി

ബി.ജെ.പി.സ്ഥാനാർത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തിറക്കി. 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 184 സീറ്റിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ മണ്ഡലമായ വാരാണസിയിൽതന്നെ ജനവിധി തേടും. എൽ.കെ. അദ്വാനി ആറുതവണ ജയിച്ച ഗുജറാത്തിലെ ഗാന്ധിനഗർ സീറ്റിൽ പാർട്ടിയധ്യക്ഷൻ അമിത് ഷായാണ് മത്സരിക്കുക. പത്തനംതിട്ട ഒഴികെ കേരളത്തിൽ ബി.ജെ.പി. മത്സരിക്കുന്ന 13 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. അമേഠിയിൽ ഇത്തവണയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ മത്സരിക്കുന്നത്.

Similar News