ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജനുവരി 22

Update: 2019-01-22 04:49 GMT

1. ഐഡിബിഐ ബാങ്ക് ഇനി എൽഐസിയ്ക്ക് സ്വന്തം

എൽഐസിയുടെ ഐഡിബിഐ ബാങ്ക് ഏറ്റെടുക്കൽ പൂർത്തിയായി. ബാങ്കിന്റെ 51% ഓഹരി എൽഐസി ഏറ്റെടുത്തു. എൽഐസിയുടെ 5 പ്രതിനിധികൾ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ഉണ്ടാകും. ബാങ്കിന്റെ ഇപ്പോഴത്തെ മേധാവി രാകേഷ് ശർമയും ഡെപ്യൂട്ടി എംഡിമാരായ കെപി നായർ, ജിഎം യദ്വാദ്ക്കർ എന്നിവർ തുടരും.

2. രണ്ട് വർഷത്തിന് ശേഷം ഫാക്ടിന് മുഴുവൻ സമയ സിഎംഡി

രണ്ട് വർഷത്തിന് ശേഷം ഫാക്ടിന് മുഴുവൻ സമയ സിഎംഡി. പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി കിഷോർ റുങ്ത ജനുവരി 23 ന് ചുമതലയേൽക്കും. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ (ഫിനാൻസ്) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

3. മേക്കർ വില്ലേജ് ഇനി നിധി പ്രയാസ് പ്രോഗ്രാമിന് കീഴിൽ

കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള മേക്കർ വില്ലേജ് ഇനി നിധി പ്രയാസ് പ്രോഗ്രാമിന്റെ പരിധിയിൽ കൊണ്ടുവന്നു. കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന് ഇത് കൂടുതൽ ഗുണകരമാകും. കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പിന്റെ ഈ പദ്ധതിയുടെ ഭാഗമാകുമ്പോൾ സ്റ്റാർട്ടപ്പുകൾക്ക് 10 ലക്ഷം രൂപ വരെ ഗ്രാന്റും ലാബ് ഉപകരണങ്ങളും ലഭ്യമാകും.

4. എയർടെൽ-ടാറ്റ ടെലി സർവീസ് ലയനത്തിന് അനുമതി

ടാറ്റ ടെലി സർവീസസിന്റെ മൊബിലിറ്റി ബിസിനസിനെ എയർടെലിൽ ലയിപ്പിക്കുന്നതിന് ദേശീയ കമ്പനി ട്രൈബ്യുണൽ അനുമതി നൽകി. ടെലികോം വകുപ്പിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്. തങ്ങളുടെ 4G സേവനം ശക്തിപ്പെടുത്താനും റിലയൻസ് ജിയോയുമായി മത്സരിക്കാനും ഈ ഏറ്റെടുക്കൽ എയർടെലിന് സഹായകമാവും.

5. കുംഭമേള 1.2 ലക്ഷം കോടി വരുമാനം നേടിത്തരും: സിഐഐ

ജനുവരി 15 മുതൽ മാർച്ച് 4 വരെ അലഹബാദിൽ നടക്കുന്ന കുംഭമേള ഉത്തർ പ്രദേശിന് 1.2 ലക്ഷം കോടി വരുമാനം നേടിത്തരുമെന്ന് സിഐഐ. പല മേഖലകളിലായി ആറു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ചേംബർ പറഞ്ഞു. സർക്കാർ 4,200 കോടി രൂപയാണ് കുംഭമേളക്കായി മാറ്റി വെച്ചിരിക്കുന്നത്.

Similar News