നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മേയ് 3

Update: 2019-05-03 04:39 GMT

1. ജിഡിപി വളർച്ച കുറഞ്ഞു: ധനമന്ത്രാലയം

2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ചയിൽ നേരിയ കുറവുണ്ടായെന്ന് ധനമന്ത്രാലയം. സ്വകാര്യ ഉപഭോഗം, കയറ്റുമതി, നിക്ഷേപം എന്നിവയിൽ ഉണ്ടായ ഇടിവാണ് ജിഡിപി വളർച്ച കുറയാൻ കാരണം. റിസർവ് ബാങ്കിന്റെ വായ്പാ നയം സമ്പദ് വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രാലയം പറഞ്ഞു.

2. ഇറാൻ എണ്ണയ്ക്ക് പകരം ഇന്ത്യ ലക്ഷ്യമിടുന്നത് ഗയാന

ഇറാനെതിരെയുള്ള യുഎസ് ഉപരോധം കണക്കിലെടുത്ത് ഇറാൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചു. പകരം, ഇന്ത്യ ലക്ഷ്യമിടുന്നത് ഗയാനയിലെ എണ്ണപ്പാടങ്ങളെയാണെന്ന് റിപ്പോർട്ട്. മേയ് 3 മുതൽ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങൾ ഇറാൻ എണ്ണ വാങ്ങരുതെന്നാണ് യുഎസ് നിർദേശം.

3. കർഷകർക്കെതിരെയുള്ള ഹർജി പെപ്‌സി കോ പിൻവലിച്ചു

പേറ്റന്റ് അവകാശം ലംഘിച്ചതിന് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയിരുന്ന ഹർജി പെപ്‌സി കോ പിൻവലിച്ചു. ലേയ്സിൽ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനെതിരെ കമ്പനി 9 കർഷകർക്കെതിരെ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ചോദിച്ച് കോടതിയിൽ കേസ് നൽകിയിരുന്നു. ഇതോടെ കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായി. ഗുജറാത്ത് സർക്കാരും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.

4. ഹയാത്ത് കേരളത്തിൽ 3 ഹോട്ടലുകൾ കൂടി തുറക്കും

ഹയാത്ത് ഹോട്ടൽസ് ഗ്രൂപ്പ് സംസ്ഥാനത്ത് മൂന്ന് ഹോട്ടലുകൾ കൂടി തുറക്കും. മലയാറ്റൂർ, തൃശൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ ഈ വർഷം തുറക്കും. തിരുവനന്തപുരത്തേത് അടുത്തവർഷം തുടങ്ങും. നിലവിൽ കൊച്ചിയിലെ ബോൾഗാട്ടിയിൽ ഹയാത്തിന് ഹോട്ടൽ ഉണ്ട്.

5. സാംസങ് ഇന്ത്യയിൽ 2500 കോടി നിക്ഷേപിക്കും

കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് ഇന്ത്യയിൽ 2500 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയെ തങ്ങളുടെ കംപോണന്റ് ബിസിനസ് ഹബ് ആക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ നീക്കം. ബാറ്ററി, മൊബൈൽ ഫോൺ എന്നിവയുടെ നിർമാണത്തിനായി നിലവിൽ രണ്ട് കംപോണന്റ് മാനുഫാക്ച്വറിംഗ് യൂണിറ്റുകൾ കമ്പനിക്ക് ഇന്ത്യയിലുണ്ട്.

Similar News