ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 23

Update: 2020-01-23 04:43 GMT

1. ജനാധിപത്യ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലേക്ക്

രാജ്യത്ത് പൗരസ്വാതന്ത്ര്യത്തില്‍ കുറവുവന്നതിനാല്‍ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ജനാധിപത്യ ഇന്‍ഡക്‌സില്‍ ഇന്ത്യ പത്ത് സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയി.ബ്രിട്ടീഷ് സ്ഥാപനമായ ദി എക്കണോമിസ്റ്റിന്റെ ഇന്റലിജന്‍സ് യൂണിറ്റ് ആണ് ആഗോള റാങ്കിങ് ആയ ഡെമോക്രസി ഇന്‍ഡക്‌സ് പുറത്തുവിടുന്നത്.

2. ഭിന്നശേഷിക്കാരുടെയും വനിതകളുടെയും ഇപിഎഫ് വിഹിതം കുറച്ചേക്കും

സ്വകാര്യമേഖലയിലെ സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, 25നും 35നും ഇടയില്‍ വയസ്സുള്ള പുരുഷന്മാര്‍ എന്നീ വിഭാഗം ജീവനക്കാരില്‍നിന്ന് ഈടാക്കുന്ന ഇപിഎഫ് വിഹിതത്തില്‍ കുറവു വരുത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. 2 മുതല്‍ 3 ശതമാനംവരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്.

നിലവില്‍ ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമായി നല്‍കുന്നത്

3. ടിക്കറ്റ് എടുക്കാതെയുള്ള യാത്രകൂടുന്നു: വെസ്റ്റേണ്‍ റെയില്‍വെ ഈടാക്കിയ പിഴ 104 കോടി

തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു.019 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേണ്‍ റെയില്‍വെയില്‍ ഈടാക്കിയത് 104.10 കോടി രൂപയാണ്. 21.33 ലക്ഷം പേരില്‍നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ 8.85ശതമാനമാണ് വര്‍ധന.

4. പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ വിലയില്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ വിലയില്‍ രണ്ട് പൈസയുമാണു താഴ്ന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.679 രൂപയും ഡീസല്‍ 71.565 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

5. മുഴുവന്‍ രാത്രിയും പ്രവര്‍ത്തന നിരതമാകാന്‍ മുംബൈ

ഇന്ത്യയിലെ പ്രധാന വാണിജ്യ നഗരമായ മുംബൈ ജനുവരി 27 മുതല്‍ രാത്രിയും പ്രവര്‍ത്തന നിരതമാകും. കടകളും ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ലക്സ് തിയേറ്ററുകളും എല്ലാ ദിവസവും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം ലഭിക്കാനും തൊഴിലസവരങ്ങള്‍ സൃഷ്ടിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News