ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 5

Update: 2019-02-05 04:48 GMT

1. സംസ്ഥാനത്ത് ട്രഷറിക്ക് കടുത്ത നിയന്ത്രണം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സൂചന നൽകി സർക്കാർ ട്രഷറിക്കു മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരു ലക്ഷത്തിന് മേലുള്ള ബില്ലുകൾ പാസാക്കരുതെന്ന് ട്രഷറിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം വേണമെങ്കിൽ ധനവകുപ്പിന്റെ അനുമതി തേടണം. തദ്ദേശ സ്ഥാപനങ്ങൾ ബിൽ മാറുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

2. സ്വർണത്തിന് 'പൊന്നും' വില

സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. പവന് 24,880 രൂപയായിരുന്നു തിങ്കളാഴ്ച. ഗ്രാമിന് 3110 രൂപയും. രൂപയുടെ മൂല്യം കുറഞ്ഞതാണ് പ്രധാന കാരണം. അന്തരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം അൽപം ഉയർന്നിട്ടുണ്ട്.

3. പേരിനൊപ്പം 'എൽഐസി' യെന്ന് ചേർക്കും

ഐഡിബിഐ ബാങ്കിനെ എൽഐസി ഏറ്റെടുത്തതോടെ പേരിനൊപ്പം 'എൽഐസി' എന്ന് ചേർക്കാൻ ബാങ്ക് നടപടികൾ തുടങ്ങി. എൽഐസി-ഐഡിബിഐ ബാങ്ക്, എൽഐസി ബാങ്ക് എന്നീ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്. ആർബിഐ അനുമതി നൽകിയാലേ പേര് മാറ്റാൻ സാധിക്കൂ. ഐഡിബിഐ ബാങ്കിന്റെ ഒക്ടോബർ-ഡിസംബർ മാസത്തിലെ നഷ്ടം മുൻവർഷത്തെ 1,524 കോടി രൂപയിൽ നിന്നും 4,185 കോടിയായി ഉയർന്നു.

4. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന കോടതി ഉത്തരവിന് അംഗീകാരം

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിൽ അപ്പീൽ നൽകാം. 9000 കോടിരൂപ വായ്പാകുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യയെ ഇന്ത്യ 'ഫ്യൂജിറ്റിവ്' ആയി പ്രഖ്യാപിച്ചിരുന്നു.

5. വൈദ്യുതി സ്പോട്ട് മാർക്കറ്റിലൂടെ വിൽക്കാൻ ആലോചന

രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവൻ വൈദ്യുതിയും സ്പോട്ട് മാർക്കറ്റിലൂടെ വിൽക്കാൻ സർക്കാർ ആലോചിക്കുന്നു. ലോകരാജ്യങ്ങൾക്കിടയിൽ നിലവിലുള്ള ഒരു രീതിയാണ് ഇത്. ഈ നീക്കത്തിലൂടെ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Similar News