ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 6

Update: 2020-01-06 04:47 GMT

1.ബിപിസിഎല്‍ വില്‍പ്പന: കേന്ദ്ര തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകള്‍

ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പനയ്ക്ക് എതിരെ ശക്തമായ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍. വില്‍പ്പന കേന്ദ്രത്തിന് വരുമാനം ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇത് കനത്ത നഷ്ടമായിരിക്കുമെന്നാണ് ദി കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരത്‌ന ഓഫീസേര്‍സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേര്‍സ് എന്നീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

2.ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനാകാന്‍ താല്‍പര്യമില്ലെന്ന് സൈറസ് മിസ്ട്രി

ടാറ്റാ സണ്‍സ് ബോര്‍ഡില്‍ ഒരു സീറ്റിനുള്ള അവകാശം ഉള്‍പ്പെടെ ന്യൂനപക്ഷ ഓഹരി ഉടമയെന്ന നിലയില്‍ ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും താന്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രി പറഞ്ഞു. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായി ബോംബെ ഹൗസിലേക്ക് ഇനി മടങ്ങാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

3.ബിഎസ്എന്‍എല്ലിന്റെ 14 ആസ്തികളുടെ മൂല്യ നിര്‍ണ്ണയം നടത്തി; 20160 കോടി രൂപ

പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ 14 ആസ്തികളുടെ മൂല്യ നിര്‍ണ്ണയം നടത്തി. 20160 കോടി വരും ഇത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് പട്ടിക കൈമാറി.

4.യുപിഐ ഇടപാടുകളില്‍ വന്‍ വര്‍ധന

ഡിസംബറില്‍ രാജ്യമൊട്ടാകെ നടന്നത് 2.02 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളെന്ന് കണക്ക്. 1.3 ബില്യണ്‍ വരും മൂല്യം. 2018 ഡിസംബറിനെ അപേക്ഷിച്ച് ഇടപാടുകളില്‍ 111 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിലവില്‍ 149 ബാങ്കുകള്‍ സ്വന്തം യുപിഐ ട്രാന്‍സാക് ഷന്‍ ആപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

5.അഞ്ചു ലക്ഷം കോടി ജിഡിപി: അവകാശവാദത്തില്‍ സംശയം പ്രകടിപ്പിച്ച എസ്ബിഐ ചെയര്‍മാന്‍

ഇന്ത്യക്ക് അഞ്ചു ലക്ഷം കോടി ജിഡിപി എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ എപ്പോഴെന്ന് പറയാന്‍ കഴിയില്ലെന്നും എസ്ബിഐ ചെയര്‍മാന്‍. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പോലെ 2024-25 ആകുമ്പോഴേക്കും ഈ ലക്ഷ്യം നേടാനാവുമോ എന്നത് സംശയകരമാണെന്നും ഫിക്കി സംഘടിപ്പിച്ച ചടങ്ങില്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു. ഈ ലക്ഷ്യം നേടുന്നതിന് സ്വകാര്യം നിക്ഷേപം വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News