ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 1

Update: 2019-02-01 04:43 GMT

1. ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്

ഇടക്കാല കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11 മണിക്ക് ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൂടുതൽ ജനപ്രിയ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കാർഷിക പാക്കേജ്, ആദായ നികുതി പരിധി എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് രാജ്യം ഉറ്റുനോക്കുന്നത്. സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തിൽ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ ശാശ്വത നടപടിയെടുക്കുമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിരുന്നു.

2. വിപണിയിൽ നേരിയ ഉണർവ്, വലിയ മാറ്റമില്ലാതെ രൂപ

ഇടക്കാല കേന്ദ്ര ബജറ്റിന് മുൻപേ വിപണിയിൽ നേരിയ കയറ്റം. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 80 പോയ്ന്റ് ഉയർന്നു. നിഫ്റ്റി 10,850 ന് മുകളിലെത്തി. രൂപ ഡോളറിനെതിരെ 71.07 എന്ന നിലവാരത്തിലാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4 പൈസ മാത്രമാണ് ഉയർന്നത്.

3. 2017-18 ജിഡിപി വളർച്ചാ നിരക്ക് 7.2%

2017-18 വർഷത്തിലെ രാജ്യത്തിന്റെ പുതുക്കിയ സാമ്പത്തിക വളർച്ചാ നിരക്ക് 7.2 ശതമാനം. പ്രാഥമിക കണക്കുകൾ അനുസരിച്ച് 6.7 ശതമാനായിരുന്നു ജിഡിപി വളർച്ചാ നിരക്ക്. 2018-19 വർഷത്തിൽ ജിഡിപി 7.2 ശതമാനം വളരുമെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വിലയിരുത്തൽ.

4. പുതിയ ട്രായ് മാനദണ്ഡങ്ങളും ഇ-കോമേഴ്‌സ് നയവും ഇന്ന് നിലവിൽ വരും

ചാനലുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യം നൽകുന്ന ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) പുതിയ ചട്ടങ്ങൾ ഇന്നുമുതൽ നിലവിൽ വരും. എല്ലാ കേബിൾ ടിവി, ഡിടിഎച്ച് ഓപ്പറേറ്റർമാരും ഇതിനകം ട്രായ് നിർദേശമനുസരിച്ച് ചാനൽ പാക്കേജുകളും നിരക്കുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ, ഇ-കോമേഴ്‌സ് കമ്പനികളെ സംബന്ധിച്ച വിദേശ നിക്ഷേപ ചട്ടങ്ങളും ഇന്ന് നിലവിൽ വരും. ചട്ടങ്ങൾ പാലിക്കാൻ കമ്പനികൾ കുറച്ചുകൂടി സമയം ചോദിച്ചിരുന്നു.

5. എഞ്ചിനീയറിംഗ് കോളേജുകളിലെ 40,000 സീറ്റുകൾ വെട്ടിക്കുറക്കും

രാജ്യത്തെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ 40,000 സീറ്റുകൾ വെട്ടിക്കുറക്കുമെന്ന് എഐസിടിഇ. കോളേജുകൾ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിലും ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിലും വീഴ്ചവരുത്തിയതിനെ തുടർന്നാണ് നീക്കം. 10 ലക്ഷം സീറ്റുകളാണ് ഓരോ വർഷവും രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നത്.

Similar News