തിരുവനന്തപുരത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ വരുന്നു! 10 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പ്രീമിയം ഓഫീസുകള്‍, 10,000 പേര്‍ക്ക് തൊഴില്‍

ബ്രിഗേഡ് ഗ്രൂപ്പാണ് ട്രേഡ് സെന്റര്‍ വികസിപ്പിക്കുന്നത്, കരാറിന് പിന്നാലെ ഓഹരി വിപണിയിലും മുന്നേറ്റം;

Update:2025-01-14 15:38 IST
world trade center in kochi

കൊച്ചിയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍

  • whatsapp icon
തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് ഒന്നില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണാപത്രം ഒപ്പിട്ടു. 10 ലക്ഷം ചതുരശ്ര അടി വലിപ്പത്തില്‍ ബ്രിഗേഡ് ഗ്രൂപ്പാണ് കേരളത്തിലെ രണ്ടാമത്തെ വേള്‍ഡ് ട്രേഡ് സെന്റര്‍ വികസിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍, ബ്രിഗേഡ് എന്റര്‍പ്രൈസസ് സി.ഒ.ഒ ഹൃഷികേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പിട്ടു. നിലവില്‍ കൊച്ചിയിലും ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ കൂടി വരുന്നതോടെ ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന കേന്ദ്രമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

10,000 പേര്‍ക്ക് തൊഴില്‍

ലോകോത്തര നിലവാരത്തിലുള്ള എ ഗ്രേഡ് ഐ.ടി ഓഫീസ് സ്‌പേസുകള്‍ക്ക് പുറമെ ഫൈവ് സ്റ്റാര്‍ ഹോട്ടലും ബിസിനസ് മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവക്കുള്ള സൗകര്യവും ഇവിടെ ഒരുക്കും. പദ്ധതിക്കായി 4.85 ഏക്കര്‍ സ്ഥലത്ത് ഏകദേശം 400 കോടി രൂപ നിക്ഷേപിക്കും. 10 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള ഐ.ടി ഓഫീസ് വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി കൂടുതല്‍ ബഹുരാഷ്ട്ര ഐ.ടി കമ്പനികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനും പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി തിരുവനന്തപുരത്തിന്റെ ഐ.ടി മേഖലക്ക് വലിയ നേട്ടമാകുമെന്ന് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായര്‍ പറഞ്ഞു. എ ഗ്രേഡ് നിലവാരത്തിലുള്ള ഓഫീസുകള്‍ വരുന്നത് പുതിയ ഐ.ടി കമ്പനികളെയും കൂടുതല്‍ നിക്ഷേപത്തെയും ആകര്‍ഷിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൊച്ചിയില്‍ കൂടുതല്‍ ഉയരത്തിലേക്ക്

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളും നിലവില്‍ ബ്രിഗേഡ് എന്റര്‍പ്രൈസസ് നടത്തിവരികയാണ്. നിലവില്‍ ഇവിടെ 81 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ടവറുകളിലായി 43,000 ചതുരശ്ര അടിയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം, പാരഗണ്‍ ഗ്രൂപ്പിന്റെ കഫ്റ്റീരിയ, അത്യാധുനിക രീതിയിലുള്ള എലവേറ്റര്‍ സംവിധാനം എന്നിവയോടു കൂടിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മൂന്നാമത്തെ ടവര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കമ്പനി കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്നു. വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ 1,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ പദ്ധതി. ടെക്‌നോപാര്‍ക്കിലെ ഫേസ് ഒന്നില്‍ ബ്രിഗേഡ് സ്‌ക്വയര്‍ എന്ന പേരില്‍ ഐ.ടി ബില്‍ഡിംഗിന്റെ നിര്‍മാണവും ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

വിപണിയിലും മുന്നേറ്റം

വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിക്കാനുള്ള ധാരണാ പത്രത്തില്‍ ഒപ്പിട്ടതിന് പിന്നാലെ ഓഹരി വിപണിയിലും ബ്രിഗേഡ് ഗ്രൂപ്പിന്റെ ഓഹരികള്‍ മുന്നേറ്റമുണ്ടാക്കി. ഇന്ന് 1,063 രൂപയില്‍ വ്യാപാരം ആരംഭിച്ച കമ്പനിയുടെ ഓഹരികള്‍ ഒരുവേള 1,094 രൂപ എന്ന നിലയിലുമെത്തി. നിലവില്‍ 1,078.40 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
Tags:    

Similar News