ഡബ്‌ളിയു.എച്ച്.ഒ ബന്ധം അമേരിക്ക അവസാനിപ്പിച്ചു; പ്രതിഷേധം വ്യാപകം

Update: 2020-07-08 10:44 GMT

ലോകമെങ്ങും കോവിഡിനെതിരായ പോരാട്ടം തുടരുകയും അമേരിക്കയില്‍ രോഗികള്‍ കുത്തനെ വര്‍ധിക്കുകയും ചെയ്യുന്നതിനിടെ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇക്കാര്യം കോണ്‍ഗ്രസിനെയും ഐക്യരാഷ്ട്ര സഭയെയും ട്രംപ് ഭരണകൂടം അറിയിച്ചു.

സെനറ്റിന്റെ വിദേശ കാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് അംഗം റോബര്‍ട്ട് മെനന്‍ഡെസ് ആണ് വിവരം ട്വിറ്ററില്‍ അറിയിച്ചത്. കോവിഡ് കാലത്തെ ട്രംപിന്റെ നടപടി കുഴപ്പം നിറഞ്ഞതും പരസ്പര ബന്ധമില്ലാത്തതും നീതീകരിക്കാനാവാത്തതുമാണ്. ഇത് അമേരിക്കക്കാരുടെ ജീവനും താല്‍പര്യങ്ങളും സംരക്ഷിക്കുകയില്ല. അമേരിക്കയെ രോഗിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും -മെനന്‍ഡെസ് ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് വരികളുള്ള കത്തിലാണ് ഐക്യരാഷ്ട്ര സഭയെ ട്രംപ് തീരുമാനം അറിയിച്ചിരിക്കുന്നതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു വര്‍ഷം വിട്ടുനില്‍ക്കുന്നുവെന്നാണ് സൂചന.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ചൈനയുമായി അമേരിക്ക തുടങ്ങിയ വാക്പയറ്റാണ് ലോകാരോഗ്യ സംഘടനയില്‍നിന്നുള്ള പിന്‍മാറ്റത്തില്‍ എത്തിനില്‍ക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ സംഘടന പരാജയമാണെന്നും ചൈന പറയുന്നത് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നുമായിരുന്നു ട്രംപിന്റെ ആരോപണങ്ങള്‍. ഇതിനു പിന്നാലെ ഏപ്രിലില്‍ സംഘടനക്ക് അമേരിക്ക നല്‍കിവന്നിരുന്ന സഹായം നിര്‍ത്തലാക്കി. സംഘടനയില്‍നിന്ന് പിന്മാറുമെന്നും അറിയിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും വലിയ തോതില്‍ പ്രവര്‍ത്തന ഫണ്ട് നല്‍കിയിരുന്നത്  അമേരിക്കയാണ്.ഇതിനായി 2019 ലെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക 400 മില്യണ്‍ ഡോളര്‍ വരും. ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക ഔദ്യോഗികമായി അവസാനിപ്പിച്ചതിനെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമായുണ്ടെന്നാണ് സൂചന. താന്‍ പ്രസിഡന്റാകുന്ന പക്ഷം ആദ്യ നടപടിയായി ഡബ്‌ളിയു.എച്ച്.ഒ യില്‍ രാജ്യത്തെ തിരിച്ചുകയറ്റുമെന്ന് നവംബറിലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന ജോ ബിഡെന്‍ പ്രഖ്യാപിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News