കൂണുപോലെ ടര്‍ഫുകള്‍, പുലര്‍ച്ചെ മുതല്‍ രാത്രി വരെ കളി ബിസിനസാക്കി പുതുബിസിനസ് മോഡല്‍; പ്രതിസന്ധിയും ചില്ലറയല്ല
ഏതൊരു മേഖലയിലുമെന്ന പോലെ കനത്ത മല്‍സരമാണ് ടര്‍ഫ് രംഗത്തുമുള്ളത്. കൂണുപോലെ ടര്‍ഫുകള്‍ വന്നത് എല്ലാവരുടെയും ബിസിനസിനെ ബാധിച്ചു
പണ്ടൊക്കെ ക്രിക്കറ്റോ ഫുട്‌ബോളോ കളിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ നേരെ പോയിരുന്നത് സ്‌കൂള്‍ മൈതാനത്തേക്കോ സമീപത്തെ പൊതു കളിയിടത്തിലേക്കോ ആയിരുന്നു. എന്നാല്‍ കാലം മാറിയതോടെ പൊതു കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമായി. കുട്ടികളും മുതിര്‍ന്നവരും വീട്ടിലെ ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട സമയത്താണ് കേരളത്തില്‍ ടര്‍ഫുകളുടെ കടന്നുവരവ്.
പ്രവാസി മലയാളികളാണ് കേരളത്തിലേക്ക് ടര്‍ഫ് തരംഗം എത്തിക്കുന്നത്. തുടക്ക കാലത്ത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലകളിലായിരുന്നു ടര്‍ഫുകള്‍ ഏറെയും വന്നിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന മലയാളികളായിരുന്നു നിക്ഷേപകരിലേറെയും. ടര്‍ഫുകള്‍ കാര്യമായില്ലാതിരുന്ന കാലത്ത് മണിക്കൂറിന് 2,000 മുതല്‍ 3,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോള്‍ കൂണുപോലെ ടര്‍ഫുകള്‍ വ്യാപകമായതോടെ 600 രൂപ മുതല്‍ വാടകയ്ക്ക് കിട്ടുമെന്നതാണ് അവസ്ഥ.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ആയിരത്തിലധികം ടര്‍ഫുകളാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ടര്‍ഫുകളുള്ളത്. 200ന് അടുത്ത് ടര്‍ഫുകളാണ് ഫുട്‌ബോളിന് വേരോട്ടമുള്ള ജില്ലയിലുള്ളത്. മലപ്പുറവും ടര്‍ഫിന്റെ കാര്യത്തില്‍ പിന്നിലല്ല. പുതിയ ടര്‍ഫുകളുടെ നിര്‍മാണം കൂടുതലായി നടക്കുന്ന ജില്ലകളിലൊന്ന് മലപ്പുറമാണ്. ഫുട്‌ബോളിനോടുള്ള മലപ്പുറത്തിന്റെ ഇഷ്ടമാണ് ടര്‍ഫ് ബിസിനസിലും പ്രതിഫലിക്കുന്നത്. ഏറ്റവും കുറവ് ടര്‍ഫുകള്‍ ഇടുക്കിയിലാണ്.
അടിസ്ഥാന നിക്ഷേപം കൂടുതല്‍
സെവന്‍സ് സൈസിലുള്ള ഒരു ടര്‍ഫ് അത്യാവശ്യ സൗകര്യങ്ങളോടെ നിര്‍മിക്കണമെങ്കില്‍ 35 മുതല്‍ 50 ലക്ഷം രൂപ വരെ ചെലവ് വരും. ടര്‍ഫിന്റെ ഗുണമേന്മ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വരും. ടര്‍ഫ് ബിസിനസിന് കൂടുതല്‍ സാധ്യതയുള്ളത് നഗരങ്ങളിലാണ്. പരമ്പരാഗത കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമായതും ഈ മേഖലയ്ക്ക് കരുത്തായി. ഫൈവ്‌സ് ടര്‍ഫിന് 22 മീറ്റര്‍ വീതിയും 35 മീറ്റര്‍ നീളവും വേണം. സെവന്‍സ് ആകുമ്പോള്‍ ഇത് 30 മുതല്‍ 45 മീറ്റര്‍ വരെയാകും.
ടര്‍ഫ് ബിസിനസിലേക്ക് ഇറങ്ങുന്നവര്‍ക്ക് ഏറ്റവും വലിയ പ്രതിസന്ധി സ്ഥലം കണ്ടെത്തുകയെന്നത്. നിലവില്‍ ടര്‍ഫുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ കളിക്കാനെത്തുന്നവരും പ്രദേശവാസികളുമായുള്ള സംഘര്‍ഷം പലയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജനവാസ മേഖലകളില്‍ ഗ്രൗണ്ടില്‍ നിന്നുള്ള അമിത ശബ്ദമാണ് പലപ്പോഴും വില്ലനാകുന്നത്. ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന കര്‍ശനമാക്കിയതും ചിലയിടങ്ങളില്‍ രാത്രി 11നുശേഷം ടര്‍ഫില്‍ കളി നിരോധിച്ചതും ബിസിനസിനെ ബാധിക്കുന്നുണ്ട്.
തുടക്കത്തിലെ വലിയ നിക്ഷേപം കഴിഞ്ഞാല്‍ പിന്നെ വലിയ തോതില്‍ പണംമുടക്കേണ്ടതില്ലെന്നത് ഈ ബിസിനസിനെ സംബന്ധിച്ച് നേട്ടമാണ്. ചെറിയ തോതിലുള്ള നവീകരണം മാത്രമാണ് ടര്‍ഫ് സ്ഥാപിച്ച് കഴിഞ്ഞ് വേണ്ടിവരിക. ഈ ബിസിനസിലേക്ക് വരുന്നവരെ ആകര്‍ഷിക്കുന്ന ഘടകവും ഇതുതന്നെ.
വെല്ലുവിളികളും ചില്ലറയല്ല
ഏതൊരു മേഖലയിലുമെന്ന പോലെ കനത്ത മല്‍സരമാണ് ടര്‍ഫ് രംഗത്തുമുള്ളത്. കൂണുപോലെ ടര്‍ഫുകള്‍ വന്നത് എല്ലാവരുടെയും ബിസിനസിനെ ബാധിച്ചു. ടര്‍ഫുകളുടെ തുടക്ക കാലത്ത് ഒട്ടുമിക്ക സമയങ്ങളിലും ബുക്കിംഗ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. വരുമാനം വിഭജിക്കപ്പെട്ടു. കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക ടര്‍ഫുകളിലും രാവിലെയും വൈകുന്നേരങ്ങളിലുമായി ബുക്കിംഗ് കുറഞ്ഞുവെന്ന് ടര്‍ഫ് നടത്തിയിരുന്ന നിഖില്‍ ബാലകൃഷ്ണന്‍ പറയുന്നു. കൊച്ചി നഗരത്തില്‍ മാത്രം പ്രവര്‍ത്തനം അവസാനിപ്പിച്ച ആറോളം ടര്‍ഫുകളുണ്ട്. ബിസിനസ് കുറഞ്ഞതാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
ബുക്കിംഗ് കുറയുന്നതിന്റെ പ്രതിസന്ധി നേരിടാന്‍ ചിലര്‍ പുതിയ ഐഡിയകള്‍ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ടര്‍ഫുകളോട് ചേര്‍ന്ന് ഫുഡ് കൗണ്ടറുകളും മറ്റ് ഗെയിമുകളും ഉള്‍പ്പെടുത്തുന്നതാണ് അതിലൊന്ന്. ചില ടര്‍ഫുകള്‍ ഫുട്‌ബോള്‍ ക്ലബുകളുമായോ സമാന മേഖലയിലുള്ള കമ്പനികളുമായോ ചേര്‍ന്ന് ടൂര്‍ണമെന്റുകളും കോച്ചിംഗ് ക്യാമ്പുകളും നടത്തി വരുമാനം കണ്ടെത്തുന്നു.
കൊച്ചി നഗരത്തിലെ ഒട്ടുമിക്ക ടര്‍ഫുകളും ഇത്തരത്തില്‍ അധിക വരുമാന സാധ്യത ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതലായും ബുക്കിംഗ് വരുന്നത്. ബാക്കി ദിവസങ്ങളില്‍ നിരക്ക് കുറച്ചാണ് പല ടര്‍ഫുകളും ബുക്കിംഗ് സ്വീകരിക്കുന്നത്.
പാര്‍ക്കിംഗ് സൗകര്യമില്ലെങ്കില്‍ ടര്‍ഫുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന കടുംപിടുത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വന്നതോടെ ഇക്കാര്യത്തില്‍ നിയന്ത്രണത്തിന് കടുപ്പം കുറച്ചിട്ടുണ്ട്. അടുത്തുള്ള സ്ഥലം പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ടര്‍ഫുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച് നിക്ഷേപകരും തദ്ദേശ സ്ഥാപന സെക്രട്ടറിയും കരാര്‍ ഉണ്ടാക്കണം. ടര്‍ഫുകള്‍ക്ക് നിലവില്‍ ഓഡിറ്റോറിയങ്ങള്‍ക്ക് തുല്യമായ ലൈസന്‍സ് ആണ് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിവരുന്നത്.