റബര്‍ കൃഷി വ്യാപിപ്പിക്കാന്‍ ടയര്‍ കമ്പനികളുടെ 11,000 കോടി പദ്ധതി; കേരളം പുറത്ത്

ബംഗാളിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍ഗണന

Update:2024-06-12 09:47 IST

Image : Canva

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും റബര്‍ കൃഷി വ്യാപകമാക്കാന്‍ 11,000 കോടി രൂപയുടെ പദ്ധതിയുമായി വന്‍കിട റബര്‍ കമ്പനികള്‍. രണ്ടുലക്ഷം ഹെക്ടര്‍ സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തോടെ റബര്‍ കൃഷി ചെയ്യാനാണ് നീക്കം. ഇതുവരെ 30 ശതമാനം സ്ഥലത്ത് റബര്‍ കൃഷി ആരംഭിച്ചതായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ആത്മ ATMA) ചെയര്‍മാന്‍ അര്‍ണബ് ബാനര്‍ജി വ്യക്തമാക്കി.

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും. രാജ്യത്തെ അഞ്ച് പ്രധാന ടയര്‍ നിര്‍മാതാക്കളാണ് ഇതിനായി മുന്‍കൈ എടുക്കുന്നത്. കേരളത്തെ നിലവില്‍ ഈ പദ്ധതിയിലേക്ക് പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അര്‍ണബ് ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന് വരുംവര്‍ഷങ്ങളില്‍ റബര്‍ കൃഷിയിലെ മേധാവിത്വം നഷ്ടപ്പെടാന്‍ ഈ നീക്കം വഴിയൊരുക്കിയേക്കും. വില കുറഞ്ഞു നിന്ന സമയത്ത് സംസ്ഥാനത്തെ കര്‍ഷകരില്‍ പലരും റബര്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് നീങ്ങിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ മരങ്ങള്‍ ടാപ്പിംഗിന് തയാറാകുമ്പോള്‍ കേരളത്തിന്റെ വിഹിതം കുറഞ്ഞേക്കും.

ടയര്‍ കയറ്റുമതി വര്‍ധിച്ചു

സെക്കന്‍ഡ് ഹാന്‍ഡ് ടയറുകളുടെ ഉപയോഗം വര്‍ധിക്കുന്നതായും ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അര്‍ണബ് ബാനര്‍ജി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കാലാവസ്ഥയും പരിസ്ഥിതിയും കണക്കിലെടുത്ത് സെക്കന്‍ഡ് ഹാന്‍ഡ് ടയര്‍ ഉപയോഗം റോഡ് സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ട്രാക്റ്റര്‍ ടയറുകളും ഒ.ടി.ആര്‍ ടയറുകളും മുതല്‍ വിമാന ടയറുകള്‍ വരെ ഇന്ത്യയിലെ ടയര്‍ കമ്പനികള്‍ നിര്‍മിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇപ്പോള്‍ വ്യാപകമായി ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

2023-24 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ടയര്‍ കയറ്റുമതി കുത്തനെ വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വികസിത രാജ്യങ്ങളിലെ മാന്ദ്യം, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവ കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടയര്‍ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം ടയര്‍ കയറ്റുമതി 23,073 കോടി രൂപയുടേതായിരുന്നു. ആഗോളതലത്തില്‍ സ്വീകാര്യതയുള്ള ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കളുടെ ഗുണനിലവാരത്തിന്റെ തെളിവാണെന്നും അര്‍ണാബ് ബാനര്‍ജി പറഞ്ഞു.

യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പോലുള്ള വികസിത വിപണികളില്‍ ഇന്ത്യന്‍ നിര്‍മ്മിത ടയറുകള്‍ക്കുള്ള മികച്ച സ്വീകാര്യത കയറ്റുമതി വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് ആത്മ ഡയറക്ടര്‍ ജനറല്‍ രാജീവ് ബുധരാജ, ആത്മ സപ്ലൈ ചെയിന്‍ ആന്‍ഡ് റിസോഴ്സസ് ഗ്രൂപ്പ് കണ്‍വീനര്‍ ആര്‍. രൂപേഷ് എന്നിവര്‍ പറഞ്ഞു. അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കാനും ആഗോള ടയര്‍ വിപണിയിലെ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള കഴിയുമെന്ന് ആത്മ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News