ടയര്‍ വില കൂടിയേക്കും; റബര്‍ ലഭ്യതക്കുറവില്‍ വീര്‍പ്പുമുട്ടി കമ്പനികള്‍, ലാഭത്തില്‍ ഇടിവ്

കഴിഞ്ഞ പാദത്തില്‍ റബര്‍ കമ്പനികളുടെ അറ്റലാഭത്തില്‍ വലിയ കുറവുണ്ടായിരുന്നു

Update:2024-07-04 15:19 IST

Image: Canva

പ്രകൃതിദത്ത റബറിന്റെ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ സമ്മര്‍ദത്തില്‍. റബര്‍ വില 12 വര്‍ഷത്തെ റെക്കോഡ് തലത്തിലേക്ക് ഉയര്‍ന്നതിനൊപ്പം മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയത് ടയര്‍ നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
റബര്‍ ഇറക്കുമതിയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണം. രാജ്യാന്തര വിലയേക്കാള്‍ 35 രൂപയോളം ഉയരത്തിലാണ് ആഭ്യന്തര വില. അടുത്ത കാലത്തൊന്നും ഇത്തരമൊരു പ്രതിഭാസം ഉണ്ടായിട്ടില്ല. ബാങ്കോക്കില്‍ ആര്‍.എസ്.എസ് 4ന് 166 രൂപ മാത്രമാണ് വില.
കേരളത്തില്‍ 206 രൂപയ്ക്കാണ് ചെറുകിട വ്യാപാരികള്‍ ഇപ്പോള്‍ ചരക്കെടുക്കുന്നത്. വില ഉയര്‍ന്നു നില്‍ക്കുന്നെങ്കിലും വിപണിയിലേക്ക് എത്തുന്ന ചരക്ക് തീരെ കുറവാണ്. കനത്ത മഴമൂലം തോട്ടങ്ങള്‍ സജീവമാകാത്തതാണ് കാരണം. ടാപ്പിംഗ് തുടങ്ങിയാലും റബര്‍ ലഭ്യത കൂടണമെങ്കില്‍ സമയമെടുക്കും.
വിലയിടിക്കാന്‍ പറ്റില്ല
ഇറക്കുമതിയില്‍ പ്രതിസന്ധിയുള്ളതിനാല്‍ റബര്‍ വിലയിടിക്കാനുള്ള നീക്കം ടയര്‍ കമ്പനികള്‍ നടത്താനും സാധ്യത കുറവാണ്. റബര്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ATMA) റബര്‍ ബോര്‍ഡിന് കത്തയച്ചു.
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ പ്രകൃതിദത്ത റബറിന്റെ 70 ശതമാനവും ടയര്‍ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ലഭ്യത കുറഞ്ഞതിനൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ ടയര്‍ കമ്പനികള്‍ പ്രതിസന്ധിയിലായെന്ന് കത്തില്‍ പറയുന്നു.
റബര്‍ വിലയും ഉത്പാദന ചെലവും ഉയര്‍ന്നതോടെ ടയര്‍ വില കൂട്ടാനൊരുങ്ങുകയാണ് കമ്പനികള്‍. ഒരു ശതമാനം മുതല്‍ 2.5 ശതമാനം വരെ വിലയില്‍ വര്‍ധന വരുത്തിയേക്കുമെന്നാണ് സൂചന.
കമ്പനികളുടെ ലാഭത്തിലും ഇടിവ്
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ടയര്‍ കമ്പനികളുടെ ലാഭത്തിലും പ്രതിഫലിക്കുന്നുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ വില്പന കൂടിയിട്ടും പ്രധാന കമ്പനികളുടെയെല്ലാം അറ്റലാഭത്തില്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. എം.ആര്‍.എഫിന് മാര്‍ച്ച് പാദത്തില്‍ വരുമാനം 6,349 കോടിയായി വര്‍ധിച്ചു. എന്നാല്‍ ലാഭത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള പാദത്തേക്കാള്‍ 155 കോടി രൂപയുടെ കുറവാണ് അറ്റലാഭത്തില്‍ ഉണ്ടായത്. ഫലം പുറത്തു വിടാനിരിക്കുന്ന പാദത്തിലും ചെലവുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ ലാഭം വീണ്ടും ഇടിയാനാണ് സാധ്യത.
അപ്പോളോ ടയേഴ്‌സിന്റെ ലാഭത്തിലും അസംസ്‌കൃത വസ്തുക്കളുടെ പ്രതിസന്ധി ദൃശ്യമാണ്. മുന്‍ പാദത്തെ 497 കോടി രൂപയില്‍ നിന്ന് 354 കോടിയായി അറ്റലാഭം കുറഞ്ഞിട്ടുണ്ട്.
മറ്റൊരു പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റിനും മാര്‍ച്ച് പാദം അത്ര സുഖകരമായിരുന്നില്ല. വരുമാനം 2,992 കോടിയിലേക്ക് വര്‍ധിച്ചെങ്കിലും അറ്റലാഭം മുന്‍പാദത്തെ 181 കോടിയില്‍ നിന്ന് 102 കോടി രൂപയായി കുറയുകയാണ് ചെയ്തത്. ജൂണില്‍ അവസാനിച്ച പാദത്തിലെ ഫലം പുറത്തു വരാനിരിക്കേ പ്രധാനപ്പെട്ട ടയര്‍ കമ്പനി ഓഹരികളെല്ലാം ഇടിഞ്ഞിട്ടുണ്ട്.
Tags:    

Similar News