ജൂണിന് മുമ്പേ പെരുമഴ; കുടക്കമ്പോളത്തില്‍ വില്പനയുടെ കുതിച്ചുചാട്ടം
വലുപ്പം കുറഞ്ഞ കുടകളുടെ ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും കാലന്‍ കുടകള്‍ തന്നെയാണ് മാര്‍ക്കറ്റിലെ താരം
പതിവില്‍ നിന്നു വ്യത്യസ്തമായി ജൂണിനു മുമ്പേ പെരുമഴ പെയ്തു തുടങ്ങിയതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട് കേരളത്തില്‍. മറ്റാരുമല്ല കുടനിര്‍മാതാക്കളും കച്ചവടക്കാരുമാണത്. സാധാരണ ജൂണ്‍ മുതലാണ് കുടവിപണി സജീവമായിരുന്നത്. എന്നാല്‍ ഇത്തവണ മഴ നേരത്തെ എത്തിയതോടെ മേയ് പകുതിയോടെ തന്നെ വില്പന ഉഷാറായി.
ബ്രാന്‍ഡുകള്‍ക്കൊപ്പം കുഞ്ഞന്മാരും
വിപണിയില്‍ ബ്രാന്‍ഡുകളുടെ ആധിപത്യമുണ്ടെങ്കിലും പ്രാദേശികമായി നിര്‍മിക്കുന്ന കുടകള്‍ക്കും വലിയ മാര്‍ക്കറ്റുണ്ട്. സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന ഇത്തരം കുടകള്‍ക്ക് വില പൊതുവേ കുറവാണ്. കടകള്‍ കേന്ദ്രീകരിച്ച് നടക്കുന്നതിനേക്കാള്‍ വില്പന സോഷ്യല്‍മീഡിയ മുഖേനയാണ്.
150 രൂപ മുതല്‍ ആരംഭിക്കുന്ന ചൈനീസ് കുടകള്‍ക്കും കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ മികച്ച മാര്‍ക്കറ്റുണ്ട്. ഒരു സീസണ്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഇത്തരം കുടകളുടെ ഉപയോക്താക്കളില്‍ ഏറെയും യുവാക്കളാണ്. കൂടുതല്‍ വലുപ്പം, ആകര്‍ഷകമായ ഡിസൈന്‍ എന്നിവ ചൈനീസ് കുടകളെ വേറിട്ടു നിര്‍ത്തുന്നു. 400 രൂപ വരെയാണ് ഈ കുടകളുടെ പരമാവധി വില.
പോപ്പി ഇത്തവണ ഇറക്കിയ സി.എസ് 20 എന്ന മോഡല്‍ ഏറെ വിറ്റുപോകുന്നതായി വ്യാപാരികള്‍ പറയുന്നു. 900 രൂപയിലധികം വിലവരുന്ന ഈ മോഡലിന്റെ പ്രത്യേകത തനിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നതാണ്. യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ത്രീഫോള്‍ഡ് മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. വലിയ തോതില്‍ പരസ്യം നല്‍കി പുറത്തിറക്കിയ ഈ മോഡല്‍ പല കടകളിലും സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ്.
കുട്ടികളുടെ കുടകളില്‍ പരീക്ഷണമേറെ
കുടയില്‍ കൂടുതല്‍ പരീക്ഷണം നടക്കുന്നത് കുട്ടികള്‍ക്കുള്ളവയിലാണ്. ബ്രാന്‍ഡുകള്‍ ഇഷ്ടതാരങ്ങളെ വച്ച് വലിയരീതിയില്‍ പരസ്യം നല്‍കിയാണ് കുട്ടികളുടെ കുടകള്‍ വില്‍ക്കുന്നത്. മഴവില്‍ക്കുട, ബി.ടി.എസ് കുടകള്‍, കാര്‍ട്ടൂണ്‍ കുടകള്‍ തുടങ്ങി വ്യത്യസ്തമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. 250 മുതല്‍ 2,000 രൂപ വരെയാണ് ഇത്തരം മോഡലുകള്‍ക്ക് വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100-150 രൂപയിലധികം കുടകള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്.
ത്രീഫോള്‍ഡ് കുടകള്‍ക്ക് 440 മുതല്‍ 600 രൂപ വരെയാണ് വില. ഫൈവ് ഫോള്‍ഡ് കുടകള്‍ക്ക് 600 രൂപ മുതല്‍ വില ആരംഭിക്കുന്നു. നീളന്‍ കുടയ്ക്കും ആവശ്യക്കാരേറെയാണ്. ഇതില്‍ത്തന്നെ ഇറക്കുമതി ചെയ്ത തുണികളും മറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന കുടകള്‍ക്ക് വില ഇനിയും ഏറും.
വലുപ്പം കുറഞ്ഞ കുടകളുടെ ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും കാലന്‍ കുടകള്‍ തന്നെയാണ് മാര്‍ക്കറ്റിലെ താരം. സ്‌കൂള്‍, കോളജ് തലങ്ങളിലുള്ളവരും യുവാക്കളും കൂടുതലായി ചോദിച്ചുവരുന്നത് കാലന്‍ കുടകളാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കാര്‍ബണ്‍ ലൈറ്റ് എന്നപേരില്‍ അടുത്തിടെ വിപണിയിലെത്തിയ തൂക്കം കുറഞ്ഞ കുടകള്‍ക്കും ആവശ്യക്കാരേറെയാണ്.
വിപണി പിടിച്ച് കുടുംബശ്രീയും
കുറച്ചുവര്‍ഷങ്ങളായി കേരളത്തില്‍ വില്‍ക്കുന്ന കുടയുടെ ഒരുവിഹിതം കുടുംബശ്രീയുടെ 'മാരി' എന്ന ബ്രാന്‍ഡിനും ലഭിക്കുന്നുണ്ട്. ആലപ്പുഴ എസ്.എല്‍ പുരത്താണ് മാരി കുടയുടെ നിര്‍മാണയൂണിറ്റ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള കുടകളുടെ ഓര്‍ഡറുകള്‍ കൂടുതലും മാരിക്കാണ് ലഭിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ ഔട്ട് ലെറ്റുകള്‍, പോലിസ് ക്യാന്റീനുകള്‍, കെ.എസ്.എഫ്.ഇ, സഹകരണ സൊസൈറ്റികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുടകള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.