ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 31

Update: 2019-10-31 04:57 GMT

1. കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

കേരളത്തില്‍

തൊഴില്‍രഹിതരായ യുവതീ, യുവാക്കളുടെ തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍.

9.53 ശതമാനമാണ് സംസ്ഥാനത്തെ നിരക്ക്. 6.1 ശതമാനമാണ് ദേശീയ ശരാശരി.

എന്‍ജിനിയറിങ് കഴിഞ്ഞവരില്‍ തൊഴില്‍ ലഭ്യമാകാത്ത സ്ഥിതി കൂടുന്നുണ്ടെന്നും

തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍,

എന്‍ജിനിയറിങ് ബിരുദധാരികളടക്കം 36,25,852 പേര്‍ തൊഴില്‍രഹിതരായി

കേരളത്തിലുണ്ട്. സിക്കിം, ത്രിപുര സംസ്ഥാനങ്ങളില്‍ മാത്രമാണ്

കേരളത്തെക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുള്ളത്.

2. ടിഡിപി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മന്ത്രിസഭ റദ്ദാക്കി

ആന്ധ്രാപ്രദേശിലെ

വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനായി ലുലു ഗ്രൂപ്പിന് 13.83

ഏക്കര്‍ ഭൂമി അനുവദിച്ച ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുന്‍

ടിഡിപി സര്‍ക്കാരിന്റെ തീരുമാനം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മന്ത്രിസഭായോഗം

റദ്ദാക്കി. ഏക്കറിന് 50 കോടി രൂപ മതിപ്പുവിലയുള്ള ഭൂമി മാസം 4.51 ലക്ഷം രൂപ

പാട്ടത്തിനാണ് 2017 ജൂലൈയില്‍ ലുലു ഗ്രൂപ്പിനു നല്‍കിയത്. 2200 കോടി

ചെലവില്‍ സമ്മേളനഹാളുകള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, കച്ചവടകേന്ദ്രങ്ങള്‍

എന്നിവയുള്‍പ്പെടെയുള്ളവ പണിയുന്നതിനാണ് ഭൂമി കൊടുത്തത്. അന്ന്

പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണകക്ഷി തീരുമാനത്തെ എതിര്‍ത്തിരുന്നു.

3. സൗദിയില്‍നിന്ന് വിദേശികള്‍ അയക്കുന്ന പണം കുറഞ്ഞു വരുന്നു

സൗദിയില്‍നിന്ന്

വിദേശികള്‍ അയക്കുന്ന പണത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും

കുറവുണ്ടായതായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ കണക്ക്.

വര്‍ഷം ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍

വിദേശികളയച്ചത് 9302 കോടി റിയാലാണ്. 10.1 ശതമാനം കുറവു രേഖപ്പെടുത്തി.

ഇന്ത്യയെ ആശങ്കയിലാക്കുന്ന കണക്കാണിത്.

4. അഞ്ച് ലക്ഷം നിക്ഷേപിച്ചാല്‍ ആജീവനാന്തം പ്രതിമാസം 5,546 രൂപ; പ്രവാസി ലാഭവിഹിത പദ്ധതി ഉടന്‍

അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ആജീവനാന്തം പ്രതിമാസം 5,546 രൂപ വരെ ലഭിക്കുന്ന പ്രവാസി ലാഭവിഹിത പദ്ധതി ഉടന്‍. പദ്ധതി 16 ന് ഔദ്യോഗികമായി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. മൂന്നു ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള പ്രവാസികളുടെ നിക്ഷേപങ്ങള്‍ ഏജന്‍സികള്‍ക്കു കൈമാറി അടിസ്ഥാന സൗകര്യ വികസനത്തിനു വിനിയോഗിക്കുകയും ചെയ്യുന്നതാണു പദ്ധതി.

5. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചേക്കും

കള്ളപ്പണം ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തടയാന്‍, കൈവശം വയ്ക്കുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

Similar News