അമേരിക്കയെ ഉണര്‍ത്താന്‍ രണ്ടും കല്‍പ്പിച്ച് ട്രംപ്: ഉപദേശക നിരയില്‍ ഇലോണ്‍ മസ്‌കും ജെഫ് ബെസോസും ടിം കുക്കും

Update: 2020-04-21 12:50 GMT

കോവിഡിനെ തുടര്‍ന്ന് തകര്‍ന്നടിയുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ നേര്‍ദിശയിലാക്കാന്‍ സമഗ്ര പദ്ധതിക്കൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കല്‍ ട്രംപിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടങ്ങളിലൊന്നിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോകുന്നത്. തിങ്കളാഴ്ച എണ്ണവില ഫ്യൂച്ചേഴ്‌സ് വിപണിയില്‍ നെഗറ്റീവ് ആയതോടെ അമേരിക്കയിലെ കോര്‍പ്പറേറ്റ് ലോകവും പകച്ച് നില്‍ക്കുകയാണ്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ഉദ്ദീപിപ്പിക്കാന്‍ ഗ്രേറ്റ് അമേരിക്കന്‍ ഇക്കണോമിക് റിവൈവല്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പിനെ ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ബാങ്കിംഗ്, റീറ്റെയ്ല്‍, സ്‌പോര്‍ട്‌സ്, ടെക് ഇന്‍ഡസ്ട്രീസ് രംഗത്തെ പ്രമുഖര്‍, സൈദ്ധാന്തികര്‍ എന്നിവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രൂപ്പ്.

''അമേരിക്കയുടെ ഭാവി സമാനതകളില്ലാത്ത വിധം ശോഭനമാക്കാന്‍ വേണ്ടിയുള്ള വഴികള്‍ തീരുമാനിക്കാന്‍ ഈ ഗ്രൂപ്പ് വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും,'' വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ജെപി മോര്‍ഗന്‍ ചേസിന്റെ സിഇഒ ജാമി ഡിമോണ്‍, ഗോള്‍ഡ്മാന്‍ സാക്‌സ് സിഇഒ ഡേവിഡ് സോളമന്‍, ബ്ലാക്ക് സ്‌റ്റോണ്‍ സിഇഒ സ്റ്റീഫന്‍ ഷ്രുവടേസ്‌മെന്‍, കൊക്കകോള സിഇഒ ജെയിംസ് ക്വിന്‍സി, മക് ഡൊണാള്‍ഡ്‌സ് സിഇഒ ക്രിസ് കെംപ്‌സിന്‍സ്‌കി, 3M സിഇഒ മാര്‍ക്ക് റോമന്‍, ഗിലീഡ് സയന്‍സസ് സിഇഒ ഡാനിയേല്‍ ഓ ഡേ, ലാസ് വെഗാസ് സാന്‍ഡ്‌സ് സിഇഒ ഷെല്‍ഡന്‍ അഡേല്‍സണ്‍, ടെസ്്‌ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഫേസ് ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ലിബര്‍ട്ടി മീഡിയ സിഇഒ ജോണ്‍ മലോനെ, എന്‍ബിഎ കമ്മിഷണല്‍ ആഡം സില്‍വര്‍, എഫ് എല്‍ എല്‍ കമ്മിഷണര്‍ റോജര്‍ ഗുഡ്ഡെല്‍, ഡബ്ല്യുഡബ്യുഇ സിഇഒ വിന്‍സ് മക്മഹോന്‍, ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സ് ഉടമ ബോബ് ക്രാഫ്റ്റ്, ഡള്ളാസ് മാവ്‌റിക്‌സ് ഉടമ മാര്‍ക്ക് ക്യൂബന്‍, മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്, ഫോബ്‌സ് മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീവ് ഫോബ്‌സ് എന്നിവരാണ് ട്രംപിന്റെ ടീമിലുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News