നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിന് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്കിനെതിരെ കേസ്

Update: 2018-09-28 08:36 GMT

ലോകത്തെ മുൻനിര ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്കിനെതിരെ യുഎസ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) കേസെടുത്തു.

ഓഗസ്റ്റ് ഏഴിന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഓഹരി ഒന്നിന് 420 ഡോളർ എന്ന നിലയിൽ താൻ ടെസ്‌ലയെ സ്വകാര്യ കമ്പനിയാക്കുമെന്നും അതിനുള്ള ഫണ്ടിംഗ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മസ്ക്ക് പറഞ്ഞിരുന്നു. ഇതിന് ശേഷം അല്പസമയത്തേക്ക് ടെസ്‌ലയുടെ ഓഹരിവില കുതിച്ചുകേറി.

മസ്ക്ക് ഇത്തരമൊരു കാര്യം കമ്പനിയിൽ ആരുമായും ചർച്ച ചെയ്തിട്ടില്ലെന്നാണ് സംഭവം അന്വേഷിച്ച എസ്.ഇ.സി. കണ്ടെത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റാണെന്നും തെറ്റിദ്ധാരണ ജനകമായിരുന്നെന്നും എസ്.ഇ.സി. വിലയിരുത്തി. മസ്ക്ക് തന്റെ പെൺ സുഹൃത്തിനെ സന്തോഷിപ്പിക്കാനാണ് ട്വീറ്റ് ചെയ്തതെന്നും എസ്.ഇ.സി. ആരോപിച്ചു.

ദക്ഷിണാഫ്രിക്കൻ വംശജനായ അമേരിക്കൻ ശതകോടീശ്വരനാണ്‌ മസ്‌ക്ക്‌. ടെസ്‌ലക്ക് പുറമേ സ്‌പേസ്‌എക്സ്‌, ന്യുറാലിങ്ക്‌, സോളാർ സിറ്റി, ഓപ്പൺ എ.ഐ. തുടങ്ങിയ വൻകമ്പനികളുടെ തലവനാണദ്ദേഹം. പൊതുയിടങ്ങളിലും മാധ്യങ്ങളുടെ മുൻപിലും ഈയിടെ ഉണ്ടായ ചില തർക്കങ്ങളും സംഭവങ്ങളും മറ്റും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഈയൊരു ട്വീറ്റ് കൊണ്ട് സംരംഭകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭാവി തന്നെ തുലാസിലായിരിക്കുകയാണ്.

Similar News