ഇസ്രയേലിന്റെ കരയുദ്ധം പരാജയമെന്ന് ഹിസ്ബുള്ള, യു.എസിനും അതൃപ്തി? മറ്റൊരു ഹിസ്ബുള്ള കമാന്‍ഡറെ കൂടി വധിച്ചെന്ന് ഇസ്രയേല്‍

ഇസ്രയേലിന്റെ സൈനിക നീക്കങ്ങളില്‍ യു.എസ് ഭരണകൂടത്തിന് അതൃപ്തിയുണ്ടെന്ന് അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ആക്‌സിയോസ്

Update:2024-10-08 21:03 IST

image credit : canva

തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന കരയുദ്ധം പരാജയപ്പെട്ടെന്ന് ഷിയ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം. ഹിസ്ബുള്ളയുടെ സൈനിക ശേഷിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും വടക്കന്‍ ഇസ്രയേലില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വരുമെന്നും ഖാസിം കൂട്ടിച്ചേര്‍ത്തു.കരയുദ്ധം ആരംഭിച്ച് 10 ദിവസം കഴിഞ്ഞിട്ടും ലെബനനില്‍ മുന്നേറ്റം നടത്താന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുള്ള ശക്തമായി ഇസ്രയേലിനെ പ്രതിരോധിക്കുകയാണെന്നും ഖാസിം അവകാശപ്പെട്ടു.
ലെബനനിലെ ഹിസ്ബുള്ളയുടെ കൂടുതല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈനിക നീക്കം ശക്തമാക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചതിന് പിന്നാലെയാണ് ഖാസിമിന്റെ പ്രതികരണം. തെക്കന്‍ ലെബനനില്‍ നിര്‍ണായകമായ സൈനിക നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും സൈന്യം പറഞ്ഞിരുന്നു. നിലവില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ (ഐ.ഡി.എഫ്) നാല് ഡിവിഷനുകളാണ് ലെബനനിലുള്ളത്. തെക്കന്‍ അതിര്‍ത്തിയിലെ കൂടുതല്‍ ഗ്രാമങ്ങളില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണം തുടരുകയാണെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസിനും അതൃപ്തി

അതേസമയം, ഇസ്രയേലിന്റെ സൈനിക നീക്കങ്ങളില്‍ യു.എസ് ഭരണകൂടത്തിന് അതൃപ്തിയുണ്ടെന്ന തരത്തില്‍ അമേരിക്കന്‍ വെബ്‌സൈറ്റായ ആക്‌സിയോസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ബൈഡന്‍ സര്‍ക്കാരിന് ഇസ്രയേലിനോടുള്ള വിശ്വാസത്തില്‍ കുറവുവന്നതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ യു.എസ് സര്‍ക്കാരിനെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ചില നീക്കങ്ങള്‍ യു.എസിനെ അറിയിക്കുകയോ കൂടിയാലോചിക്കുകയോ ചെയ്യാതെയാണ് നടപ്പിലാക്കിയത്. ഹിസ്ബുള്ള തലവനെ വധിക്കുന്ന കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി യൊയാവ് ഗാലന്റ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനെ അറിയിച്ചത് സംഭവത്തിന് മിനിട്ടുകള്‍ക്ക് മുമ്പാണ്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സമയം പോലും നല്‍കാതെയാണ് ഇസ്രയേല്‍ ഈ ഓപ്പറേഷന്‍ നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

ഹിസ്ബുള്ള കമാന്‍ഡറെ വധിച്ചെന്ന് ഇസ്രയേല്‍

ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മറ്റൊരു ഹിസ്ബുള്ള കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹിസ്ബുള്ള ആസ്ഥാനത്തെ തലവനായിരുന്ന സുഹൈല്‍ ഹുസൈന്‍ ഹുസൈനിയെ വധിച്ചതായാണ് സൈന്യം അവകാശപ്പെട്ടത്. ഹുസൈനിയുടെ മരണം ഹിസ്ബുള്ളയ്ക്ക് ലഭിച്ച വലിയ തിരിച്ചടിയാണെന്ന് സൈന്യം പറഞ്ഞു. ഇറാനില്‍ നിന്നും ലെബനനിലേക്ക് ആയുധങ്ങള്‍ കടത്തുന്നതില്‍ പ്രധാനിയായിരുന്നു ഹുസൈനി. സിറിയയില്‍ നിന്നും ലെബനനില്‍ നിന്നും ഹിസ്ബുള്ളയുടെ ആക്രമണം അടക്കമുള്ള പ്രധാന പദ്ധതികളുടെ ബഡ്ജറ്റ് തയ്യാറാക്കുന്നതും ലോജിസ്റ്റിക്‌സ് പിന്തുണ നല്‍കുന്നതും ഹുസൈനിയുടെ നേതൃത്വത്തിലാണെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. ഇക്കാര്യത്തില്‍ ഹിസ്ബുള്ളയുടെ പ്രതികരണം വന്നിട്ടില്ല.
Tags:    

Similar News