കൊച്ചുവേളി-മംഗളുരു 'വന്ദേഭാരത്' ഏപ്രിലില്‍
വേഗത മണിക്കൂറില്‍ 130 കിലോമീറ്റർ
കേരളത്തിലെ ട്രെയ്ന്‍ യാത്രികര്‍ക്കും ഇനി അതിവേഗ യാത്ര. 'വന്ദേഭാരത് സര്‍വീസ്' കേരളത്തിലും ലഭ്യമാകുന്നു. ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലി പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് (മംഗലാപുരം) ''വന്ദേഭാരത്'' കുതിക്കും. വന്ദേഭാരതിന്റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആണെങ്കിലും ഇതിന്റെ കുറഞ്ഞ വേഗതയായ മണിക്കൂറില്‍ 130 എന്ന നിലയില്‍ സര്‍വീസ് നടത്താനാണ് ട്രാക്കുകള്‍ ബലപ്പെടുത്തല്‍ ജോലികള്‍ നടത്തുന്നത്. ഏപ്രില്‍ അവസാനത്തോടെ തന്നെ ആരംഭിക്കാനുലള്ള തയ്യാറെടുപ്പ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കും
തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കാനാണ് ഇപ്പോള്‍ ആലോചന. നേമം ടെര്‍മിനലിനു പകരം നാഗര്‍കോവിലില്‍ അറ്റകുറ്റപണിക്കായി രണ്ട് പിറ്റ് ലൈനാണുണ്ടായിരുന്നത്. അത് മൂന്നെണ്ണം കൂട്ടി അഞ്ചാക്കിയതോടെ ദക്ഷിണ റെയില്‍വേ ഇനി നേമം ടെര്‍മിനലിന് അനുമതി നല്‍കാനിടയില്ല.
നിലവില്‍, നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിന്‍ തിരുവനന്തപുരത്തു നിന്ന് 6.50ന് തിരിച്ച് 8.30ന് അവിടെ എത്തും. വൈകിട്ട് 6.15ന് അവിടെനിന്ന് തിരിച്ച് രാത്രി 8ന് തിരുവനന്തപുരത്തെത്തും. അതിനുപകരം രാവിലെ 5.30 ന് കൊച്ചുവേളിയില്‍ എത്തുന്ന നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് പാസഞ്ചറായി നാഗര്‍കോവിലിലേയ്ക്ക് അയയ്ക്കാനാണ് ആലോചന. അതോടെ, രാത്രിവരെ ഒരു പിറ്റ് ലൈന്‍ ഇതിനായി ഇടുന്നത് ഒഴിവാകും. ഇതിന്റെ അറ്റകുറ്റപണി നാഗര്‍കോവിലില്‍ നടത്തിയശേഷം വൈകുന്നേരം പാസഞ്ചറായി ഓടിയെത്തുന്ന ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് 8.50ന് രാജ്യറാണിയായി നിലമ്പൂരിലേയ്ക്ക് പോകും.
കൊച്ചുവേളി, തിരുവനന്തപുരം വരെയുള്ള കൂടുതല്‍ ട്രെയിനുകള്‍ നാഗര്‍കോവിലിലേയ്ക്ക് നീട്ടാനാണ് സാധ്യത. ഇതിനായുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
നാലു ട്രെയ്‌നുകള്‍ നീട്ടും
തിരുവനന്തപുരത്തു നിന്നും പാലക്കാടു വഴി മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസ് രമേശ്വരത്തേക്കും തിരുനല്‍വേലിയില്‍ നിന്നും പാലക്കാടു വരെ സര്‍വീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും പുനലൂര്‍ ഗുരുവായൂര്‍ ട്രെയിന്‍ മധുരയിലേക്കും നീട്ടാനും റെയില്‍ ബോര്‍ഡ് അനുമതി നല്‍കി. തിരുപ്പതിയില്‍ നിന്നും ചെങ്ങന്നൂരിലേക്കു ആരംഭിക്കാന്‍ നിര്‍ദേശിച്ച ട്രെയ്ന്‍ കൊല്ലത്തേക്ക് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
വേളാങ്കണ്ണി ട്രെയ്ന്‍
എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് ആഴ്ചയില്‍ ഒരു ദിവസം സ്പെഷ്യല്‍ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം വേളാങ്കണ്ണി ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി ഓടുന്നതിനും അനുമതി ലഭിച്ചു. ഇവ ഉത്തരവായി ഇറങ്ങുന്ന മുറയ്ക്കേ ട്രെയ്നുകള്‍ ഓടിത്തുടങ്ങൂ.
എറണാകുളം വേളാങ്കണ്ണി ട്രെയ്ന്‍ തിങ്കള്‍, ശനി ദിവസങ്ങളില്‍ എറണാകുളത്തും നിന്നും ചൊവ്വ,വെള്ളി ദിവസങ്ങളില്‍ വേളാങ്കണ്ണിയില്‍ നിന്നും സര്‍വീസ് നടത്തും.തിരുപ്പതി കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തിരുപ്പതിയില്‍ നിന്നും തിരിക്കും. ബുധന്‍, ശനി ദിവസങ്ങളില്‍ ആ ട്രെയിന്‍ കൊല്ലത്തുനിന്ന് ചെങ്ങന്നൂര്‍ വഴി തിരുപ്പതിക്കുപോകും .